ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളുമായി, നൂറിന്റെ നിറവില്‍ സിസ്റ്റര്‍ റെജിനെ കാനെറ്റി

നാസികളില്‍ നിന്നും രക്ഷപ്പെട്ട ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ റെജിനെ കാനെറ്റി 

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ നാസികളുടെ ആക്രമണത്തെ ഭയന്ന് ബള്‍ഗേറിയയില്‍ നിന്നും പാലസ്തീനിലേക്ക് ജലമാര്‍ഗ്ഗം അതിസാഹസികമായി പലായനം ചെയ്തതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ അയവിറക്കുകയാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീമാരില്‍ ഒരാളായ സിസ്റ്റര്‍ റെജിനെ കാനെറ്റി. തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ക്രിസ്ത്യന്‍ മീഡിയ സെന്ററിനു നല്‍കിയ അഭിമുഖത്തിലാണ് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സിസ്റ്റര്‍ റെജിനെ തന്റെ സാഹസികത നിറഞ്ഞ ജീവിത കഥ വിവരിച്ചത്. തിയോഡോര്‍ മേരി റാറ്റിസ്ബോണേ സ്ഥാപിച്ച ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭാംഗമാണ് സിസ്റ്റര്‍ റെജിനെ. ഇക്കഴിഞ്ഞ മെയ് 19നാണ് സിസ്റ്ററിന് നൂറു തികഞ്ഞത്.

തനിക്ക് നൂറു വയസ്സായി എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും, തന്റെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നെന്നും പറഞ്ഞ സിസ്റ്റര്‍ താനിപ്പോള്‍ വളരെയേറെ സന്തുഷ്ടയാണെന്നും കൂട്ടിച്ചേര്‍ത്തു. യഹൂദരാണെങ്കിലും ബള്‍ഗേറിയിലായിരുന്നു സിസ്റ്ററും കുടുംബം താമസിച്ചിരുന്നത്. ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭ നടത്തിയിരുന്ന ഫ്രഞ്ച് സ്കൂളിലായിരിന്നു പഠനം. പഠനത്തിന്റെ അവസാന വര്‍ഷമായ 1940 ആയപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമായി. യഹൂദ വംശജരായതു കൊണ്ടുതന്നെ നാസികളുടെ ആക്രമണ ഭീഷണിയിലായ തങ്ങളെ സംരക്ഷിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബള്‍ഗേറിയയും കൈവിട്ടതോടെ പലായനം അല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായതായി സിസ്റ്റര്‍ പറയുന്നു.

ജീര്‍ണ്ണിച്ച ഒരു കപ്പലില്‍ ബള്‍ഗേറിയയിലെ ‘വാര്‍ണാ’യില്‍ നിന്നുമാണ് യാത്രതിരിച്ചത്. ആ യാത്രയെ “ഭയാനകം” എന്നാണ് സിസ്റ്റര്‍ റെജിനെ ഇന്നും വിശേഷിപ്പിക്കുന്നത്. താങ്ങാവുന്നതിലും ഇരട്ടി ആളുകള്‍ കപ്പലിലുണ്ടായിരുന്നു. കാറ്റിനേയും തിരമാലകളേയും പ്രതിരോധിക്കുവാന്‍ കഴിയാതെ രണ്ടായി തകര്‍ന്ന കപ്പലില്‍ നിന്നും ജീവനും കയ്യില്‍പ്പിടിച്ച് നീന്താന്‍ തുടങ്ങിയ സിസ്റ്ററിന്റെ കുടുംബത്തില്‍ അമ്മയും സഹോദരനും മുങ്ങിമരിച്ചുവെങ്കിലും സിസ്റ്ററും പിതാവും രക്ഷപ്പെടുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ ദുരന്തത്തില്‍ കപ്പലിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൊല്ലപ്പെട്ടുവെന്നും, വെറും 114 പേര്‍മാത്രമാണ് രക്ഷപ്പെട്ടതെന്നും സിസ്റ്റര്‍ സ്മരിച്ചു.

സിസ്റ്ററിനും കുടുംബത്തിനും ഉണ്ടായ ദുര്യോഗത്തെക്കുറിച്ച് ബള്‍ഗേറിയയിലെ കന്യാസ്ത്രീമാരില്‍ നിന്നും അറിഞ്ഞ ഇസ്രായേലിലെ ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭാംഗങ്ങള്‍ ഇസ്രായേലിലെത്തിയ സിസ്റ്ററെ ജെറുസലേമിലേക്ക് ക്ഷണിച്ചു. കാലക്രമേണ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത റെജിനെ, ഔര്‍ ലേഡി ഓഫ് സിയോന്‍ സഭയില്‍ ചേര്‍ന്ന് സന്യാസിനിയായി. നീണ്ട 80 വര്‍ഷക്കാലമാണ് അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സഭയുടെ കീഴിലുള്ള സ്കൂളുകളില്‍ സിസ്റ്റര്‍ സേവനം ചെയ്തത്. 2016-ല്‍ തന്റെ ജീവിതകഥ പറയുന്ന ഒരു പുസ്തകവും സിസ്റ്റര്‍ പുറത്തിറക്കിയിരിന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles