ഓരോ മനുഷ്യനും അനശ്വരതയിലേക്ക് സൃഷ്ടിക്കപ്പെട്ടവരാണ്. നമ്മെ ഈ ലക്ഷ്യത്തിലേക്ക് നയിക്കുന്ന മാലാഖമാരെക്കുറിച്ച് നമുക്ക് അറിയേണ്ടേ?

~ സിസ്റ്റര്‍ മേരി ക്ലെയര്‍ FCC ~
ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു
മാലാഖമാരെ ദൈവം സൃഷ്ടിച്ചത് അനശ്വരതക്കുവേണ്ടിയാണ്. അതുപോലെ തന്നെ മനുഷ്യനെ ദൈവം സൃഷ്ടിച്ചതും അനശ്വരതക്കുവേണ്ടിയാണ് (ജ്ഞാനം2:23). മരിക്കുമ്പോൾ മനുഷ്യനിലെ ശാരീരികാവസ്ഥ മണ്ണിനോട് ചേരും. അവന്റെ ആത്മാവ് തന്റെ സൃഷ്ടാവിലേക്കു പോകാനുള്ളതാണ് എന്ന് ജ്ഞാനത്തിന്റെ പുസ്തകത്തിൽ പറയുന്നു (ജ്ഞാനം 15:8). മനുഷ്യൻ പാപം ചെയ്യുമ്പോൾ ദൈവീക ജീവൻ അവനു നഷ്ടപ്പെടുകയും സാത്താന്റെ സ്വാധീന വലയത്തിലാകുകയും ചെയ്യുന്നതിനാൽ അവനെ രക്ഷിക്കാനും നേർവഴിയിലൂടെ നടത്തുവാനും ദൈവം ഒരോ മനുഷ്യനും മാലാഖമാരെ കാവൽക്കാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാലാഖമാർ ഓരോ വ്യക്തിയും ഭൂമിയിലേക്ക് പിറക്കുമ്പോൾ തുടങ്ങി അവരോടൊപ്പം ഉണ്ടായിരിക്കും.
മനുഷ്യന്റെ ഇന്നത്തെ തകർച്ചകളുടെയും അസ്വസ്ഥതകളുടെയും ഒരു കാരണം അവൻ എന്തിനായി സൃഷ്ടിക്കപ്പെട്ടുവെന്നും അവന്റെ വിലയെന്തെന്നും മനസ്സിലാക്കി ജീവിക്കാത്തതാണ്. മനുഷ്യൻ ദൈവകൽപ്പന ലംഘിക്കുമ്പോൾ അവൻ ദൈവത്തിൽനിന്ന് അകലുന്നു, സാത്താന്റെ പിടിയിൽ പെടുന്നു, അവന്റെ മഹത്വം നഷ്ടപ്പെടുന്നു. കൂടാതെ നിരാശനും, ദുഃഖിതനും കുറ്റബോധമുള്ളവനുമായി സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് വന്യജീവികൾക്കും കാട്ടുമൃഗങ്ങൾക്കും വലിയ വിലകൊടുക്കുന്ന മനുഷ്യർ, ദൈവത്തിന്റെ ശ്വാസവും സാദ്യശ്യവും നൽകി സ്യഷ്ടിക്കപ്പെട്ട മനുഷ്യനെ വളരെ ലാഘവത്തോടെ വധിക്കുന്നു. ദൈവം ഈ പ്രപഞ്ചത്തിൽ സ്യഷ്ടിച്ച നിർജീവവസ്തുക്കൾ സ്വന്തമാക്കാൻ മനുഷ്യൻ മനുഷ്യന്റെ ജീവനെ വേട്ടയാടുന്നു.
അനശ്വരതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കണം. യേശുവിന്റെ മനുഷ്യാവതാരത്തോടു കൂടി സ്വർഗ്ഗം തുറക്കപ്പെട്ടിരിക്കുകയാണ്. നമുക്ക് സ്വർഗ്ഗപ്രാപ്തിക്കായി നമ്മെ സഹായിക്കാൻ മാലാഖമാർ എപ്പോഴും തയ്യാറാണ്. യേശു നഥാനിയേലിനോടു പറഞ്ഞു “സ്വർഗ്ഗം തുറക്കപ്പെടുന്നതും, മാലാഖമാർ സ്വർഗ്ഗത്തിലേക്ക് കയറുന്നതും, ഇറങ്ങിവരുന്നതും നിങ്ങൾ കാണും” (യോഹന്നാൻ 1:49). യേശു പറഞ്ഞതുപോലെ മാലാഖമാർ ഇറങ്ങിവന്ന് സഹായിക്കുന്ന അനുഭവം ആഗ്രഹിക്കുന്ന ഏവർക്കും ലഭിക്കും.
സാത്താനും അവന്റെ സേവകരും ഇന്ന് കൂടുതൽ ദൈവത്തിന്റെ പരിശുദ്ധരായ മാലാഖമാരുടെ ശക്തിവിശേഷം നാം മനസ്സിലാക്കി അവരുടെ സഹായം നാം തേടണം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാത്താൻസേവയും പൈശാചിക പ്രവർത്തികളും വർദ്ധിച്ചുവരുന്നു. അനേകംപേരെ വഴിതെറ്റിക്കുവാൻ സാത്താന് കഴിയുമെങ്കിലും ദൈവത്തിന്റെ പരിശുദ്ധരായ ദൂതന്മാരുടെ പ്രവർത്തി കൊണ്ട് സാത്താന്റെ ശക്തിയെ മറികടക്കുവാൻ ദൈവം അനേകവൃന്ദം മാലാഖമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. അവർ നമ്മുടെ സമീപത്തുതന്നെയുണ്ട്. “നിന്റെ കാല് കല്ലിൻമേൽ തട്ടാതെ കാത്തുസൂക്ഷിക്കുവാൻ ദൈവം തന്റെ ദൂതന്മാരോട് കല്പിച്ചിരിക്കുന്നു.”
ശത്രുവിനോടുള്ള പോരാട്ടത്തിൽ നമ്മെ താങ്ങിനിർത്തേണ്ടതിന് ദൈവം തന്റെ ദൂതനെ അയച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് മാത്രമേ ഇതെല്ലാം പൂർണമായി ഗ്രഹിപ്പാൻ സാധിക്കുകയുള്ളൂ. തിരുവചനം നാം പഠിക്കുമ്പോൾ, മാലാഖമാരുടെ സഹവാസത്തെക്കുറിച്ചും, ശക്തിയെക്കുറിച്ചും, അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും നമുക്ക് വിശ്വാസം ലഭിക്കുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.