സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി
(ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ പുറപ്പെടുവിക്കുന്ന വാർത്താക്കുറിപ്പിന്റെ പൂർണരൂപം)
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൽ (എഫ്സിസി) 1982 മുതൽ പ്രഥമ വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും വഴി അംഗമായി തീർന്ന സിസ്റ്റർ ലൂസി കളപ്പുരയെ ഗൗരവതരവും തുടർച്ചയായുമുള്ള അനുസരണ ദാരിദ്യ്രവ്രതലംഘനം ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം 2019 മേയ് 11ന് പ്രസ്തുത സന്യാസിനി സമൂഹത്തിൽനിന്നു ഡിസ്മിസ് ചെയ്യുകയും ഈ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യതിരുസംഘത്തിന് സമർപ്പിക്കുകയും ആ തിരുസംഘത്തിന്റെ അംഗീകാരത്തോടുകൂടി സിസ്റ്റർ ലൂസിയെ അറിയിക്കുകയുമുണ്ടായി. സിസ്റ്റർ ലൂസി കളപ്പുര ഓഗസ്റ്റ് 16നു തന്നെ സന്യാസ സമൂഹത്തിൽനിന്നു പുറത്താക്കിയതിനെതിരേ പൗരസ്ത്യ സംഘത്തിന് അപ്പീൽ നൽകി. ഈ അപ്പീൽ വിശദമായ പഠനത്തിനുശേഷം 26 സെപ്റ്റംബർ 2019ൽ മൂന്നുപേജ് ദൈർഘ്യമുള്ള വിശദമായി ഒരു ഡിക്രിവഴി പൗരസ്ത്യ തിരുസംഘം തള്ളിക്കളഞ്ഞു.
ആ ഡിക്രി സിസ്റ്റർ ലൂസിക്ക് നൽകാൻ ന്യൂഡൽഹിയിലെ അപ്പസ്തോലിക് നണ്ഷിയേച്ചർ വഴി എഫ്സിസി ജനറലേറ്റിൽ ഒക്ടോബർ 14നു ലഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രസ്തുത ഡിക്രി വത്തിക്കാന്റെ ഔദ്യോഗിക ഭാഷയായ ലത്തീനിലാണ്. എന്നാൽ അതിന്റെ കൂട്ടത്തിൽ ഡൽഹിയിലെ അപ്പസ്തോലിക് നുണ്ഷിയോയുടെ ഇംഗ്ലീഷിലുള്ള കത്തിൽ സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിക്കളഞ്ഞതാണെന്നും എന്നാൽ ഇനിയും സിസ്റ്റർ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്തോലിക്കയിൽ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ ഇനിയും അപ്പീൽ കൊടുക്കാൻ അവകാശമുണ്ടെന്നും സൂചിപ്പിക്കുന്നുമുണ്ട്. ഒക്ടോബർ 16നു പൗരസ്ത്യ തിരുസംഘത്തിൽനിന്നുള്ള ഈ ഡിക്രി മാനന്തവാടി പ്രവിശ്യയുടെ പ്രൊവിൻഷ്യൽ, കാരക്കമല മഠത്തിൽ എത്തി സിസ്റ്റർ ലൂസിക്കു കൈമാറി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ദിനപത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവ വഴിയും പ്രചരിപ്പിക്കപ്പെട്ട, ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില അസത്യങ്ങൾക്കും അർധസത്യങ്ങൾക്കും ദുരുദ്ദേശ്യപരമായ പ്രചരണങ്ങൾക്കും ചില മുഖ്യധാര മാധ്യമങ്ങളുടെ നീതിരഹിതമായ വിധി പ്രഖ്യാപനങ്ങൾക്കുമെതിരായി പ്രതികരിക്കേണ്ടതുണ്ട് എന്നു തോന്നിയതിനാൽ താഴെ പറയുന്ന കാര്യങ്ങൾ മാധ്യമലോകത്തെയും പൊതുജനങ്ങളെയും അറിയിക്കാനാഗ്രഹിക്കുന്നു.
1. സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസമൂഹത്തിലെ അംഗത്വത്തിൽനിന്നാണു ഡിസ്മിസ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയിൽനിന്നല്ല. അതിനാൽ, എഫ്സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ സിസ്റ്റർ ലൂസിക്കു വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനും മറ്റു കൂദാശകൾ സ്വീകരിക്കുവാനുമുള്ള അവകാശം ഉണ്ടായിരിക്കും.
2. സിസ്റ്റർ ലൂസി കളപ്പുരയെ എഫ് സി സി സന്യാസിനി സമൂഹത്തിൽനിന്നു ഡിസ്മിസ് ചെയ്യുവാനുള്ള അധികാരം പ്രസ്തുത സഭയുടെ മദർ ജനറലിലും ജനറൽ കൗണ്സിലിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിന് നിയതമായ നടപടിക്രമം എഫ്സിസി സന്യാസിനി സമൂഹത്തിന്റെ നിയമാവലിയിൽ നിഷ്കർഷിക്കുന്നുണ്ട്. ഈ നിയമാവലിക്കനുസൃതമായി ജീവിച്ചുകൊള്ളാമെന്നു വ്രതം വഴി ദൈവതിരുമുന്പാകെ വാഗ്ദാനം ചെയ്തുകൊണ്ടാണ് സിസ്റ്റർ ലൂസി കളപ്പുര പ്രസ്തുത സന്യാസ സമൂഹത്തിലെ അംഗമായിത്തീർന്നിരിക്കുന്നത്.
3. സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസിനീ സമൂഹത്തിൽനിന്നു ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണങ്ങൾ ഡിസ്മിസൽ ഡിക്രിയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സിസ്റ്റർ ലൂസിക്കു നീതി എന്ന മുദ്രവാക്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവർ, സിസ്റ്ററിൽനിന്നും ആ ഡിക്രി വാങ്ങി വായിക്കുവാൻ സ്നേഹബുദ്ധ്യാ അഭ്യർഥിക്കുന്നു.
4. തെറ്റിദ്ധാരണ പരത്തുന്ന മറ്റൊരു പ്രചരണം, സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസിനി സമൂഹത്തിൽനിന്നു ഡിസ്മിസ് ചെയ്യാനുള്ള കാരണം, പ്രസ്തുത വ്യക്തി 2018 സെപ്റ്റംബറിൽ വഞ്ചി സ്വകയറിൽ നടന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതാണ് എന്നതാണ്. എന്നാൽ, ഡിസ്മിസൽ ഡിക്രിയിൽ വ്യക്തമായി പ്രതിപാദിക്കുന്നതുപോലെ, മാനന്തവാടി പ്രവിശ്യാധിപതി 2018 മാർച്ച് 13നു സിസ്റ്ററിന് ഡിസ്മിസൽ നടപടിക്രമങ്ങളുടെ ഭാഗമായ നിയമപരമായ ആദ്യത്തെ മുന്നറിയപ്പും 2018 മേയ് 19നു നിയമപരമായ രണ്ടാമത്തെ മുന്നറിയപ്പും നൽകുകയും വിശദീകരണം ചോദിക്കുകയും തെറ്റുകൾ തിരുത്താതിരുന്നാൽ ശിക്ഷാനടപടികളുണ്ടാകുമെന്ന് ഔദ്യോഗികമായി കത്തു മുഖാന്തിരം അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനുശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് എഫ്സിസി മദർ ജനറലും കൗണ്സിലർമാരും ആയതുകൊണ്ട് പ്രവിശ്യയിൽനിന്നു സിസ്റ്റർ ലൂസിയുമായി ബന്ധപ്പെട്ട രേഖകൾ ആലുവായിലുള്ള സന്യാസ സമൂഹത്തിന്റെ ജനറലേറ്റിൽ എത്തിക്കഴിഞ്ഞശേഷമാണു സിസ്റ്റർ ലൂസി വഞ്ചി സ്ക്വയറിൽ എത്തുന്നത്. ഇതിനോടു ബന്ധപ്പെട്ട രേഖകളെല്ലാം പൗരസ്ത്യ തിരുസംഘത്തിന് അയച്ചുകൊടുത്തിട്ടുള്ളതുമാണ്.
5. സിസ്റ്റർ നൽകിയ അപ്പീലിൽ, ഡിസ്മിസൽ ഡിക്രി നിയമവിരുദ്ധവും തെറ്റായതും നിലനില്ക്കാത്തതുമാണെന്നു പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അപ്പീലിൽ ഒരിടത്തും അത് തെളിവുകളുടെ അടിസ്ഥാനത്തിൽ സമർഥിച്ചിട്ടില്ല.
6. സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിക്കളഞ്ഞു വത്തിക്കാനിലെ പൗരസ്ത്യതിരുസംഘ കാര്യാലയത്തിൽനിന്നു പുറപ്പെടുവിച്ച ഡിക്രിയിലെ പ്രസക്തഭാഗങ്ങൾ ( പരിഭാഷ) താഴെ കൊടുക്കുന്നു
8. സന്യാസജീവിതത്തിന് തീർത്തും നിരക്കാത്ത ഒരു ജീവിതശൈലി സിസ്റ്റർ ലൂസി കളപ്പുര സ്വീകരിച്ചതിനാൽ എഫ്സിസി സന്യാസസഭയുടെ അധികാരികൾ രണ്ടുതവണ അവരോട് സഭാംഗത്തെപ്പോലെ ജീവിക്കുകയും സഭാംഗത്തിനടുത്ത ചുമതലകൾ നിറവേറ്റുകയും ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ സിസ്റ്റർ ലൂസി സഭയുടെ ആഹ്വാനങ്ങളും അഭ്യർഥനകളും ധിക്കാരപൂർവം അവഗണിക്കുകയും സന്യാസസഭയുടെ പൊതുചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു.
10. കത്തോലിക്കാസഭയുടെയും സന്യാസസമൂഹത്തിന്റെയും അന്തസും ഭദ്രതയും പാലിക്കുന്നതിന് കാനൻ നിയമം 551, 553 വകുപ്പുകൾ പ്രകാരം സിസ്റ്റർ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യാനുള്ള നടപടികൾ തുടങ്ങാൻ സഭാ മേലധികാരികൾ ബാധ്യസ്ഥരായി. സന്യാസസഭയുടെ മേലധികാരികൾ നടപടിക്രമങ്ങൾ ശ്ലാഘനീയമായി പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞ ചില പൊതുകാര്യങ്ങൾ ഒഴിച്ചാൽ ഈ പ്രക്രിയയിൽ ഒരു പോരായ്മയും കണ്ടിട്ടില്ല.