ലോകത്തിന് പ്രചോദനം നല്കിയ 100 പേരുടെ പട്ടികയില്‍ മലയാളി കന്യാസ്ത്രീയും
ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ 2020 ല്‍ ലോകത്തിന് വലിയ പ്രചോദനം നല്കിയ 100 പേരുടെ പട്ടികയില്‍ മലയാളി കന്യാസ്ത്രീയും. ഓസ്ട്രിയന്‍ മാസികയായ OOOM ആണ് ലോകത്തെ പ്രചോദിപ്പിച്ച 100 പേരെ തെരഞ്ഞെടുത്തത്. മലയാളി കന്യാസ്ത്രീയായ സിസ്റ്റര്‍ ലൂസി കുര്യന് നൂറു പേരില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. പൂന ആസ്ഥാനമായി അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന മാഹേര്‍ ഫൗണ്ടേഷന്റെ സ്ഥാപകയാണ് സി. ലൂസി കുര്യന്.
1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്സ് സ്കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു.
1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്നേഹകിരണ്‍, പുരുഷന്മാരുടെ മാഹേര്‍ സ്നേഹകിരണ്‍, മാഹേര്‍ സ്നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂണെയിൽ സ്ഥാപിച്ചു. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്കാരം’ സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.