തിരുവോസ്തി സക്രാരിയില്‍ നിന്ന് പുറത്തു വന്ന് ഫൗസ്റ്റീനയുടെ കരങ്ങളില്‍ വിശ്രമിക്കുന്നു
44
ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു: ഞാന്‍ ഈ ഭവനത്തില്‍നിന്നു പോകുകയാണ്…. ഇവിടുത്തെ പലകാര്യങ്ങളും എനിക്ക് ഇഷ്ടമല്ല. സക്രാരിയില്‍നിന്ന് തിരുവോസ്തി പുറത്തുവന്ന് എന്റെ കൈകളില്‍ വിശ്രമിച്ചു. അതീവ സന്തോഷത്തോടെ ഞാന്‍ അത് തിരിച്ച് സക്രാരിയില്‍ നിക്ഷേപിച്ചു. രണ്ടാമതും ഇതു തന്നെ ആവര്‍ത്തിച്ചു. വീണ്ടും ഞാന്‍ അത് തിരിച്ചുവച്ചു. എന്നാല്‍, മൂന്നാമതും ഇതുതന്നെ സംഭവിച്ചു.
എന്നാല്‍ തിരുവോസ്തി ജീവനുള്ള ഈശോനാഥനായി രൂപാന്തരപ്പെട്ടുകൊണ്ട് എന്നോടു പറഞ്ഞു: ഞാന്‍ ഇവിടെ ഇനി വസിക്കുകയില്ല! അപ്പോള്‍, ഈശോയോട് തീവ്രമായ സ്‌നേഹം എന്റെ ആത്മാവില്‍ ഉണര്‍ന്നു. ഞാന്‍ പറഞ്ഞു: ‘ഈശോയെ, അങ്ങ് ഈ ഭവനം വിട്ടുപോകാന്‍ ഞാന്‍ അനുവദിക്കുകയില്ല!’ ഈശോ വീണ്ടും അപ്രത്യക്ഷനായി, എന്റെ കൈകളില്‍ തിരുവോസ്തി മാത്രമായി. വീണ്ടും ഞാന്‍ അത് കാസയില്‍ വച്ച്, സക്രാരിയില്‍ വച്ച് അടച്ചു. ഈശോ ഞങ്ങളുടെ കൂടെ വസിച്ചു. പരിഹാരമായി മൂന്നു ദിവസത്തെ ആരാധന ഞാന്‍ നടത്തി.
45
ഒരിക്കല്‍ ഈശോ എന്നോടു പറഞ്ഞു: എനിക്ക് ഇഷ്ടമില്ലാത്തതും, എന്നെ വളരെ വേദനിപ്പിക്കുന്നതുമായ ഇന്നിയിന്നകാര്യങ്ങള്‍ ഈ ഭവനത്തില്‍ നടക്കുന്നുണ്ടെന്ന് മദര്‍ ജനറലിനോടു (മൈക്കിള്‍) പറയുക. മദറിനോട് ഇത് ഉടനെതന്നെ ഞാന്‍ പറഞ്ഞില്ല. എനിക്കു അസ്വസ്ഥതയായി. ഒരു മിനിട്ടുപോലും അതു വച്ചുതാമസിപ്പിക്കാന്‍, കര്‍ത്താവ് നല്‍കിയ ഈ അസ്വസ്ഥത എന്നെ അനുവദിച്ചില്ല. ഞാന്‍ ഉടനെതന്നെ മദര്‍ ജനറലിന് എഴുതി. എന്റെ ആത്മാവിന് സ്വസ്ഥത ലഭിച്ചു.
46
ഈശോനാഥന്റെ പീഡാസഹനം പലപ്പോഴും എന്റെ ശരീരത്തില്‍ അനുഭവപ്പെട്ടിരുന്നു. (മറ്റുള്ളവര്‍ക്ക്) ഇതു ദൃശ്യമായിരുന്നില്ല. ഞാന്‍ അതില്‍ സന്തോഷിച്ചു. കാരണം ഈശോ അങ്ങനെയാണത് ആഗ്രഹിച്ചത്. എന്നാല്‍ ഇത് കുറച്ചു സമയത്തേക്കു മാത്രമായിരുന്നു. ഈ സഹനങ്ങള്‍ എന്റെ ആത്മാവിനെ ദൈവത്തോടു അമര്‍ത്യമായ ആത്മാക്കളോടുമുള്ള സ്‌നേഹത്താല്‍ ജ്വലിപ്പിച്ചു. സ്‌നേഹം എല്ലാം സഹിക്കുന്നു സ്‌നേഹം മരണത്തെക്കാള്‍ ശക്തിയുള്ളതാണ്, സ്‌നേഹം ഒന്നിനേയും ഭയപ്പെടുന്നില്ല.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)