വി. ഫൗസ്റ്റീനയുടെ കുമ്പസാരക്കാരന്
34
ഞാന്‍ ഇതും മറ്റു ചില കാര്യങ്ങളും എന്റെ കുമ്പസാരക്കാരനോട് പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞു, ഇത് യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍നിന്നു വരുന്നതാകാം, അല്ലെങ്കില്‍ ഇതൊരു മിഥ്യാദര്ശനവുമാകാം. എന്റെ കൂടെക്കൂടെയുള്ള സ്ഥലംമാറ്റംമൂലം (പല ജോലികളാല്‍) എനിക്കു സ്ഥിരമായ ഒരു കുമ്പസാരക്കാരനില്ലായിരുന്നു. കൂടാതെ ഈവക കാര്യങ്ങള്‍ പറയാന്‍ എനിക്ക് അതീവ ബുദ്ധിമുട്ടായിരുന്നു. ഒരു ആത്മീയ ഉപദേശകനെ തരണമെന്ന് ഞാന്‍ കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. നിത്യവ്രതവാഗ്ദാനത്തിനുശേഷം ഞാന്‍ വില്‍നൂസില്‍ ചെന്നപ്പോള്‍ മാത്രമാണ് എന്റെ പ്രാര്‍ത്ഥന സാധിച്ചുകിട്ടിയത്. ആ വൈദികന് ഫാ. പ്രൊഫസര്‍ സൊപോച്ച്ക്കോ ആയിരുന്നു. ഞാന്‍ വില്‍നൂസില്‍ വരുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ ഒരു ആന്തരിക ദര്‍ശനത്തില്‍ എനിക്കു കാണിച്ചുതന്നിരുന്നു.
35
ഓ, തുടക്കംമുതല്‍തന്നെ ഒരു ആത്മീയ ഉപദേഷ്ടാവ് എനിക്കുണ്ടായിരുന്നെങ്കില്‍ വളരെയേറെ ദൈവകൃപകള്‍ ഞാന്‍ നഷ്ടപ്പെടുത്തുമായിരുന്നില്ല. കുമ്പസാരക്കാരന് ഒരാത്മാവിനെ വളരെ സഹായിക്കാന്‍ സാധിക്കും. എന്നാല്‍ വളരെ ഉപദ്രവം ചെയ്യാനും അദ്ദേഹത്തിനു കഴിയും. ഓ, അനുതാപത്തോടെ തന്റെ അടുക്കല്‍ വരുന്ന ആത്മാവിലെ ദൈവകൃപയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുമ്പസാരക്കാരന് എത്രമാത്രം ജാഗ്രത പുലര്‍ത്തണം! ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആത്മാവിന് ദൈവവുമായുള്ള ബന്ധത്തിന്റെ ആഴം അതിനു ലഭിക്കുന്ന കൃപകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
36
(14) ഒരിക്കല്‍ ദൈവത്തിന്റെ ന്യായാസനത്തിങ്കല് ഞാന്‍ നിര്‍ത്തപ്പെട്ടു. കര്‍ത്താവിന്റെ മുമ്പില്‍ ഞാന്‍ തനിയെ നിന്നും. പീഡയനുഭവിക്കുന്ന ഈശോ പ്രത്യക്ഷനായി. ഒരു നിമിഷത്തിനു ശേഷം, കരങ്ങളിലും പാദങ്ങളിലും പാര്ശ്വത്തുമുള്ള അഞ്ചു മുറിവുകള്‍ ഒഴികെ എല്ലാം അപ്രത്യക്ഷമായി. പെട്ടെന്ന് ദൈവം കാണുന്നതുപോലെ, എന്റെ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ കണ്ടു. ദൈവത്തിനു പ്രസാദകരമല്ലാത്തതെല്ലാം ഞാന്‍ വ്യക്തമായി കണ്ടു. ഏറ്റവും നിസ്സാരമായ പാപത്തിനുപോലും ഉത്തരം പറയേണ്ടിവരുമെന്ന് ഞാനറിഞ്ഞിരുന്നില്ല. എത്ര ഭയാനകമായ നിമിഷം! ഏറ്റം ത്രൈശുദ്ധനായ ദൈവസന്നിധിയില്‍ നില്ക്കുക എന്നത് ആര്‍ക്കു വിവരിക്കാന്‍ കഴിയും?
ഈശോ എന്നോടു ചോദിച്ചു: നീ ആരാണ്? ഞാന്‍ മറുപടി പറഞ്ഞു: ‘കര്‍ത്താവേ ഞാന്‍ അവിടത്തെ ദാസിയാണ്.’ ശുദ്ധീകരണാഗ്നിയില്‍ ഒരു ദിവസം കഴിയാന്‍ നീ അര്‍ഹയാണ്. ഉടനെതന്നെ ശുദ്ധീകരണാഗ്നിയില്‍ എന്നെത്തന്നെ സമര്‍പ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഈശോ എന്നെ തടഞ്ഞുകൊണ്ടു പറഞ്ഞു: എന്താണു നീ തിരഞ്ഞെടുക്കുന്നത്, ഒരു ദിവസം ശുദ്ധീകരണസ്ഥലത്ത് ഇപ്പോള്‍ സഹിക്കുന്നതോ, ഭൂമിയില്‍ കുറച്ചുകാലം സഹിക്കുന്നതോ? ഞാന്‍ പറഞ്ഞു: ‘ഈശോയെ, ശുദ്ധീകരണസ്ഥലത്തു സഹിക്കുന്നതിലും, ലോകാവസാനംവരെ ഭൂമിയില്‍ വലിയ വേദന സഹിക്കുന്നതിനും ഞാന്‍ തയ്യാറാണ്.’
ഈശോ പറഞ്ഞു: ഒന്നു (രണ്ടിലൊന്ന്) മതി; നീ ഭൂമിയിലേക്കു മടങ്ങിപ്പോകും, അവിടെ നീ വളരെ സഹിക്കേണ്ടിവരും. പക്ഷേ വളരെ നാളത്തേക്കല്ല. എന്റെ തിരുമനസ്സും എന്റെ ആഗ്രഹങ്ങളും നീ നിറവേറ്റും. എന്റെ വിശ്വസ്തദാസന്‍ അതിനു നിന്നെ സഹായിക്കും. ഇപ്പോള്‍ എന്റെ മാറിടത്തില്‍, എന്റെ ഹൃദയത്തില്‍, തലചായ്ച് വിശ്രമിക്കുക. ഈ സഹനത്തിനുള്ള ശക്തിയും കഴിവും അവിടെനിന്ന് നീ ആര്‍ജ്ജിക്കുക. എന്തെന്നാല്‍ മറ്റൊരിടത്തും ആശ്വാസമോ സഹായമോ സമാധാനമോ നിനക്കു കണ്ടെത്താന്‍ സാധിക്കുകയില്ല. നിനക്കു വളരെയധികം സഹിക്കുവാനുണ്ടാകും എന്നു മനസ്സിലാക്കുക. ഇതു നിന്നെ ഭയപ്പെടുത്തരുത്; ഞാന്‍ നിന്റെ കൂടെയുണ്ട്.
37
ഇതിനു ശേഷം ഞാന്‍ രോഗാവസ്ഥയിലായി. ശാരീരിക ബലക്ഷയം എനിക്കു ക്ഷമയുടെ ഒരു വിദ്യാലയമായിരുന്നു. എന്റെ ചുമതലകള്‍ നിറവേറ്റാന്‍ ഞാന്‍ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന് ഈശോമാത്രം അറിഞ്ഞിരുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)