വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറി – 2

അവളുടെ ജീവിതം ദൈവത്തോടു ഗാഢമായി ഐക്യപ്പെടുന്നതിനുള്ള നിരന്തര ശ്രമത്തിലും ആത്മാക്കളുടെ രക്ഷയ്ക്കായി യേശുവിനോടൊത്ത് സ്വയം ബലിയാകുന്നതിലും കേന്ദ്രീകരിച്ചിരുന്നു. ‘എന്റെ ഈശോയെ, എന്റെ ചെറുപ്രായത്തില്‍ത്തന്നെ വലിയ ഒരു വിശുദ്ധയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അങ്ങ് അറിയുന്നുവല്ലോ. അതായത്, നിന്നെ ഇതുവരെ സ്‌നേഹിച്ചിട്ടുള്ള ആത്മാക്കളുടെ സ്‌നേഹത്തിനുപരിയായി നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്’ അവള്‍ തന്റെ ഡയറിയില്‍ വ്യക്തമാക്കിയിരുന്നു (ഡയറി, 1372).

ഡയറിയില്‍ നിന്നാണ് അവളുടെ ആത്മീയ ജീവിതത്തിന്റെ ആഴം നമുക്കു വെളിപ്പെടുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം ഈ കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ ദൈവവുമായുള്ള അവളുടെ ആത്മൈക്യത്തിന്റെ തീവ്രത നമുക്കു വ്യക്തമായി കിട്ടും; മാത്രമല്ല, അവളുടെ ആത്മാവില്‍ അവള്‍ അനുഭവിച്ചിരുന്ന ദൈവസാന്നിദ്ധ്യത്തിന്റെ ആഴവും ക്രിസ്തീയ പരിപൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അവളുടെ പരിശ്രമങ്ങളും പോരാട്ടങ്ങളും നമുക്കു കണ്ടെത്താന്‍ കഴിയും. കര്‍ത്താവ് വലിയ കൃപകളാല്‍ അവളെ ധന്യയാക്കി. ധ്യാനസായൂജ്യം, ദൈവകരുണ എന്ന മഹാരഹസ്യത്തെക്കുറിച്ചുള്ള ആഴമായ അറിവ്, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, അദൃശ്യമായ പഞ്ചക്ഷതങ്ങള്‍, പ്രവചനവരം, പരഹൃദയജ്ഞാനം, കൂടാതെ വളരെ വിരളമായി ലഭിക്കുന്ന ആത്മീയ വിവാഹം (ദിവ്യരഹസ്യങ്ങളടങ്ങിയ വിവാഹം) എന്ന വരം, ഈ വരദാനങ്ങളാല്‍ അവളുടെ ജീവിതം സമ്പന്നമായിരുന്നെങ്കിലും അവള്‍ ഇപ്രകാരം എഴുതുന്നു: ‘കൃപകളോ വെളിപാടുകളോ ആനന്ദപാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നത്… എന്റെ വിശുദ്ധിയുടെയും പരിപൂര്‍ണ്ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്റെ മനസ്സിനെ പൂര്‍ണ്ണമായി ഐക്യപ്പെടുത്തുന്നതിലാണ്’ (ഡയറി, 1107)

മഠത്തില്‍ ചേരുന്നതിനു മുമ്പ് അവള്‍ സ്വയമായി അനുഷ്ഠിച്ചിരുന്ന താപസ്സ ജീവിതവും ക്ഷീണിപ്പിക്കുന്ന ഉപവാസങ്ങളും അവളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. അതിനാല്‍ പോസ്റ്റുലന്‍സിയില്‍ത്തന്നെ വാര്‍സോയുടെ അടുത്തുള്ള സ്‌കോലിമൂവിലേക്ക് ആരോഗ്യം വീണ്ടെടുക്കാനായി പോകേണ്ടിവന്നു. നൊവിഷ്യേറ്റിന്റെ അവസാനത്തില്‍ അസാധാരണ വേദനയുളവാക്കുന്ന ‘ഇരുണ്ട രാത്രി’കളെന്നു വിശേഷിപ്പിക്കുന്ന മിസ്റ്റിക്കല്‍ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പിന്നീട് കര്‍ത്താവീശോമിശിഹായില്‍നിന്ന് അവള്‍ സ്വീകരിച്ച ദൗത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആത്മീയവും മാനസികവുമാ സഹനങ്ങള്‍ അവള്‍ക്കു ലഭിച്ചിരുന്നു. സിസ്റ്റര്‍ ഫൗസ്റ്റീനാ തന്റെ ജീവിതം പാപികള്‍ക്കുവേണ്ടി ഒരു ബലിയായി സമര്‍പ്പിച്ചു. തന്മൂലം നിരവധിയായ സഹനങ്ങളെ അവള്‍ക്കു നേരിടേണ്ടതായി വന്നു. ഈ സഹനങ്ങള്‍ പാപികളുടെ ആത്മാക്കള്‍ക്കു രക്ഷയായി ഭവിച്ചു. അവളുടെ ജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ ആത്മാവിന്റെ സഹനരാത്രികളുടെ ആത്മീയപീഡകളും ശാരീരികരോഗങ്ങളും മൂര്‍ച്ഛിച്ചു. ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വാസകോശത്തെയും ക്ഷയരോഗം ബാധിച്ചു. അതിനാല്‍ രണ്ടുപ്രാവശ്യം ക്രാക്കോവിലെ പ്രാഡ്‌നിക്ക് സ്ട്രീറ്റിലുള്ള ആശുപത്രിയില്‍ മാസങ്ങള്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.

ശാരീരികമായ ക്ഷീണിതയായെങ്കിലും ആത്മീയപക്വത നേടി പരിപൂര്‍ണ്ണ വിശുദ്ധിയില്‍ 1938 ഒക്ടോബര്‍ 5-ാം തീയതി ദൈവത്തില്‍ നിത്യമായി ആമഗ്നയായി.. പതിമ്മൂന്നു വര്‍ഷം സന്ന്യാസജീവിതം നയിച്ച അവള്‍ക്ക് 33 വയസ്സ് പ്രായമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. ക്രാക്കോവ് – ലാജിവിനിക്കിലെ മഠത്തിന്റെ പൊതുസെമിത്തേരി കല്ലറയില്‍ അവളുടെ ഭൗതികശരീരം അടക്കംചെയ്തു. 1966-ല്‍ സിസ്റ്റര്‍ ഫൗസ്റ്റീനായുടെ നാമകരണനടപടികള്‍ ആരംഭിച്ചപ്പോള്‍, മഠം കപ്പേളയിലേക്ക് ഭൗതികാവശിഷ്ഠം മാറ്റി.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles