തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളുടെ പൂര്‍ണ്ണത കര്‍ത്താവ് എത്രമാത്രം ആഗ്രഹിക്കുന്നു – സി. ഫൗസ്റ്റീനയുടെ വെളിപ്പെടുത്തല്‍

അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ പ്രകാശം പരത്തുന്ന എന്റെ കൈയിലെ വിളക്കുകളാണ് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കള്‍, രാത്രിയെ നക്ഷത്രങ്ങള്‍ പ്രഭാപൂരിതമാക്കുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കാള്‍ ഭൂമിയ പ്രകാശപൂരിതമാക്കുന്നു. ഒരു ആത്മാവ് വിശുദ്ധിയില്‍ എത്രമാത്രം പൂര്‍ണ്ണത പ്രാപിക്കുന്നുവോ അത്രമാത്രം അതിന്റെ പ്രകാശം ശക്തിയുള്ളതും വിദൂര വ്യാപ്തിയുള്ളതുമാകുന്നു. ഈ ആത്മാക്കള്‍ സമീപസ്ഥരില്‍ നിന്നുപോലും മറയ്ക്കപ്പെട്ടവരും അറിയപ്പെടാത്തവരുമാണെങ്കിലും അവരുടെ വിശുദ്ധി ലോകത്തിലെ വിദൂരസ്ഥലങ്ങളിലുള്ള ആത്മാക്കളില്‍പ്പോലും പ്രതിഫലിക്കുന്നു.

ഇന്ന് കര്‍ത്താവ് എന്നോടു പറഞ്ഞു, മകളേ, നീ കുമ്പസാരിക്കുവാനായി എന്റെ കരുണയുടെ നീരുറവയെ സമീപിക്കുമ്പോഴെല്ലാം, എന്റെ ഹൃദയത്തില്‍ നിന്നു പുറപ്പെട്ട രക്തവും ജലവും നിന്റെ ആത്മാവിലേക്ക് ഒഴുകിയിറങ്ങി അതിനെ വിശുദ്ധീകരിക്കുന്നു. ഓരോ പ്രാവശ്യവും നീ കുമ്പസാരിക്കുവാനായി അണയുമ്പോള്‍, ഏറ്റവും വലിയ ശരണത്തോടെ നിന്നെത്തന്നെ എന്റെ കരുണയില്‍ ആഴ്ത്തുക. അങ്ങനെ എന്റെ കൃപാസമൃദ്ധി നിന്റെ ആത്മാവില്‍ ഞാന്‍ വര്‍ഷിക്കട്ടെ. കുമ്പസാരക്കൂടിനെ സമീപിക്കുമ്പോള്‍ നീ ഒരു കാര്യം ഓര്‍ക്കുക, നിനക്കുവേണ്ടി അതിനുള്ളില്‍ കാത്തിരിക്കുന്നതു ഞാന്‍ തന്നെയാണെന്ന്, പുരോഹിതനില്‍ ഞാന്‍ മറഞ്ഞിരിക്കുന്നെങിലും, നിന്റെ ആത്മാവില്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ തന്നെയായിരിക്കും. ഇവിടെ ആത്മാവിന്റെ ദുരിതം ദൈവത്തിന്റെ കരുണയെ കണ്ടെത്തുന്നു. കരുണയുടെ ഈ ഉറവയില്‍ നിന്ന് ശരണമാകുന്ന പാത്രം ഉപയോഗിച്ചു മാത്രമേ കൃപകള്‍ കോരിയെടുക്കാന്‍ കഴിയൂ എന്ന് ആത്മാക്കളോട് പറയുക. അവരുടെ ശരണം വലുതാണെങ്കില്‍ എന്റെ ഔദാര്യത്തിന് അതിരുകളുണ്ടാവുകയില്ല. കൃപയുടെ പ്രവാഹം എളിമയുള്ള ആത്മാക്കളെ മൂടിക്കളയും. അഹങ്കാരികളില്‍നിന്ന് എന്റെ കൃപ എളിമയുള്ള ആത്മാക്കളിലേക്കു വഴിമാറി ഒഴുകുന്നതുകൊണ്ട്, അവര്‍ എപ്പോഴും ആത്മീയദാരിദ്ര്യത്തിലും ദുരിതത്തിലും ആയിരിക്കും.

ആരാധനാവേളയില്‍ ഞാനിപ്രകാരം കേട്ടു: എന്റെ കൃപ അത്യാവശ്യമായിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. എനിക്ക് ആളെ മനസ്സിലായി. ഞാന്‍ അവള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്റെ കരുണ ആ ആത്മാവിനെ ആലിംഗനം ചെയ്തു.

ആരാധനാസമയത്ത് ‘പരിശുദ്ധനായ ദൈവമേ’ എന്ന പ്രാര്‍ത്ഥന ഞാന്‍ പലതവണ ആവര്‍ത്തിച്ചു ചൊല്ലിയപ്പോള്‍ ദൈവത്തിന്റെ സജീവസാന്നിദ്ധ്യം പെട്ടെന്ന് എന്നെ ആവരണം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിലേക്കു ഞാന്‍ ആത്മാവില്‍ എടുക്കപ്പെട്ടു. മാലാഖമാരും കര്‍ത്താവിന്റെ വിശുദ്ധരും എപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഞാന്‍ കണ്ടു. ദൈവത്തിന്റെ മഹത്വം വളരെ ഉന്നതമാണ്. അത് ഒന്നു വര്‍ണ്ണിക്കാന്‍പോലും ഞാന്‍ ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍, അതെനിക്കു സാദ്ധ്യമല്ല. ഞാനെന്തെങ്കിലും എഴുതിയാല്‍ അതാണ് അവിടെ നടക്കുന്നതെന്ന് ആത്മാക്കള്‍ തെറ്റിദ്ധരിക്കും. വിശുദ്ധ പൗലോസേ, അങ്ങ് എന്തുകൊണ്ടാണ് സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കാന്‍ മുതിരാതിരുന്നതെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയാത്തതാണ്, തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം ഒരുക്കിവച്ചിരിക്കുന്നത് എന്നുമാത്രം പറഞ്ഞവസാനിപ്പിച്ചു. (1 കോറി 2:9; 2 കോറി 12:1-7). അതെ, അത് തീര്‍ച്ചയായും അങ്ങനെതന്നെയാണ്. ദൈവത്തില്‍ നിന്നു വന്നതെല്ലാം അതേപോലെ ദൈവത്തിലേക്കു മടങ്ങിപ്പോകുന്നു. അത് അവിടുത്തേക്കു പൂര്‍ണ്ണമഹത്വം നല്‍കുന്നു. ഞാനെപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഞാനിപ്പോള്‍ അറിയുന്നു; ഓ, അത് എത്ര പരിതാപകരം! സ്വര്‍ഗ്ഗീയ മഹത്വത്തിന്റെ പൂര്‍ണ്ണതയോടു തുലനം ചെയ്യുമ്പോള്‍ ഇതു കേവലം ഒരുതുള്ളിമാത്രം, ഓ എന്റെ ദൈവമേ, എന്റെ സ്തുതികള്‍കൂടി സ്വീകരിക്ക്ാനും അവിടുത്തെ തിരുമുഖം അനുകമ്പയോടെ എന്നിലേക്കു തിരിക്കാനും നമ്മുടെ പ്രാര്‍ത്ഥന അവിടുത്തേക്ക് പ്രീതികരമാണെന്നു നമ്മെ അറിയിക്കാനുംമാത്രം അവിടുന്ന് എത്ര നല്ലവനാണ്.

എന്റെ നന്മയെ സംബന്ധിച്ച് നിനക്ക് അനുഭവപ്പെടുന്നതെല്ലാം എഴുതിവയ്ക്കുക. ഞാന്‍ പറഞ്ഞു: ‘നാഥാ, അങ്ങെന്താണ് അര്‍ത്ഥമാക്കുന്നത്. ഞാന്‍ എഴുതുന്നത് അധികമായിപ്പോയാലോ?’ കര്‍ത്താവ് മറുപടി പറഞ്ഞു. എന്റെ മകളേ, എല്ലാമനുഷ്യരുടെയും മാലാഖമാരുടെയും ഭാഷയില്‍ നീ ഒരേസമയം സംസാരിച്ചാലും സംസാരിച്ചത് അധികമായിരിക്കുകയില്ല; മറിച്ച്, എന്റെ നന്മയുടെ – എന്റെ ആഴമളക്കാനാവാത്ത കരുണയുടെ സ്തുതിപ്പുകളുടെ ചെറിയൊരംശം മാത്രമേ നീ പ്രകീര്‍ത്തിച്ചുകാണുകയുള്ളു.

ഓ എന്റെ ഈശോയെ, അങ്ങയെ യഥോചിതം പുകഴ്ത്തുവാന്‍ അങ്ങുതന്നെ എന്റെ അധരങ്ങളില്‍ വാക്കുകള്‍ നിക്ഷേപിക്കണമേ.

എന്റെ മകളേ, സമാധാനമായിരിക്കു; ഞാന്‍ നിന്നോടു പറയുന്നതുപോലെ ചെയ്യുക. നിന്റെ ചിന്തകള്‍ എന്റെ ചിന്തകളുമായി ഐക്യപ്പെട്ടിരിക്കുന്നു. അതിനാല്‍, നിന്റെ മനസ്സിലേക്കു വരുന്നത് നീ എഴുതുക. നീ എന്റെ കരുണയുടെ സെക്രട്ടറിയാണ്. ഈ ജീവിതത്തിലും വരുംജീവിതത്തിലും ഞാന്‍ നിന്നെ ഈ പദവിയിലേക്കു തിരഞ്ഞെടുത്തിരിക്കുന്നു. അവര്‍ നിനക്കു നല്‍കുന്ന എല്ലാ പ്രതികൂലങ്ങള്‍ക്കും ഉപരിയായി ഇത് ഇപ്രകാരമായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ തിരഞ്ഞെടുപ്പിനു മാറ്റം വരികയില്ലെന്ന് അറിയുക.

ആ നിമിഷം ദൈവമഹത്വത്തിന്റെ മുമ്പില്‍ ഞാന്‍ തീര്‍ത്തും എളിമപ്പെട്ടു. എന്നാല്‍ ഞാന്‍ എത്രമാത്രം എളിമപ്പെട്ടുവോ, അത്രമാത്രം ദൈവസാന്നിദ്ധ്യത്തില്‍ ഞാന്‍ നിറയപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles