സിസ്റ്റര്‍ ആനി ഗാര്‍ഡിനര്‍
അറുപത്തിരണ്ടു വര്‍ഷങ്ങള്‍
നീണ്ട സേവനപാരമ്പര്യവുമായി
ആസ്‌ത്രേലിയയില്‍ നിന്നും
സിസ്റ്റര്‍ ആനി ഗാര്‍ഡിനര്‍
സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ പാവനമായ നിയമം പാലിച്ചുകൊണ്ട് അറുപത്തിരണ്ടു വര്‍ഷത്തെ തന്റെ മിഷണറി ജീവിതത്തിലൂടെ ആസ്‌ത്രേലിയയിലെ പുരാതനഗോത്രവിഭാഗമായ റ്റിവി വംശജരുടെ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിച്ച ഒരു സന്ന്യാസിനിയാണ് ആനി ഗാര്‍ഡിനര്‍. ഹോളിസീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് നടത്തപ്പെട്ട അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളില്‍ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടതും എണ്‍പത്തിയാറുകാരിയായ ഈ സന്ന്യാസിനിയാണ്. റ്റിവി ഗോത്ര വിഭാഗത്തിന് ഗാര്‍ഡിനര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് 2017ല്‍ മുതിര്‍ന്ന ആസ്‌ത്രേലിയന്‍ പൗരനുള്ള പുരസ്‌കാരം നല്‍കി കാന്‍ബറിയില്‍ വച്ച് അവരെ ആദരിച്ചു. തദവസരത്തില്‍ ഈ സന്ന്യാസിനിയുടെ ഹൃദയഹാരിയായ പ്രസംഗം ശ്രവിച്ച അനേകം സന്നദ്ധസംഘടനകള്‍ റോമില്‍ വച്ച് നടത്തപ്പെട്ട വനിത ദിന പരിപാടിയില്‍ ഭാഗമാകേണ്ടതിന് അവരുടെ യാത്രാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.
സൗത്ത് വെസ്റ്റ് വെയില്‍സിലെ ഒരു കര്‍ഷകകുടുംബത്തില്‍ 1931 ജൂണ്‍ പതിനെട്ടിന് ആനി ഗാര്‍ഡിനര്‍ ജനിച്ചു. 1949 മെയ് 31ന് ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് എന്ന സന്ന്യാസസഭയില്‍ അംഗമായി. ആദിവാസിജനവിഭാഗത്തിന്് സേവനം ചെയ്യാനുള്ള ഉത്കടമായ ആഗ്രഹമാണ് ഈ സന്ന്യാസസഭയെ തിരഞ്ഞെടുക്കാന്‍ ഗാര്‍ഡിനറെ പ്രേരിപ്പിച്ചത്. 1953ല്‍ തന്റെ ഇരുപത്തിരണ്ടാംവയസ്സില്‍ ആസ്‌ത്രേലിയയിലെ തെക്കേ തീരത്തുള്ള റ്റിവി ദ്വീപുകളിലൊന്നായ ബാത്തേഴ്‌സ് ദ്വീപില്‍ പ്രഥമ കര്‍ത്തവ്യനിര്‍വഹണത്തിനായി സിസ്റ്റര്‍ സന്ന്യാസസഭയിലെ മറ്റംഗങ്ങളോടൊപ്പം നിയോഗിക്കപ്പെട്ടു. തന്റെ ആത്മീയഗുരുവും, 1911ല്‍ റ്റിവി ദ്വീപിലെ കാത്തലിക് മിഷന്‍ സ്ഥാപകനുമായ ബിഷപ്പ് ഫ്രാന്‍സിസ് സേവ്യര്‍ സില്ലിന്റെ അനുഗ്രഹത്തിനായി ഗാര്‍ഡിനര്‍ യാത്രയ്ക്കുമുന്‍പ് അദ്ദേഹത്തെ സമീപിച്ചു. അവരെ സ്‌നേഹിക്കുക എന്ന വളരെ ലളിതമായ സന്ദേശമാണ് സിസ്റ്ററിന് ലഭിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെ സിസ്റ്റര്‍ ജീവിതവ്രതമാക്കിയപ്പോള്‍ റ്റിവി ജനതയ്ക്കു മുന്‍പില്‍ തുറക്കപ്പെട്ടതു അറിവിന്റെയും, സ്‌നേഹത്തിന്റെയും ഒരു നവലോകമായിരുന്നു.
റ്റിവി ഗോത്രവംശജരില്‍ ഭൂരിഭാഗവും രണ്ടുസംസ്‌കാരങ്ങള്‍ പിന്‍തുടരുന്നവരാണ്. ആസ്‌ത്രേലിയന്‍ ജനസംഖ്യയുടെ ഒരു നല്ല ശതമാനവുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്കു സാധിക്കുന്നുമുണ്ട്. എങ്കിലും ഇന്നും പൈതൃകത്തിലധിഷ്ഠിതമാണ് അവരുടെ വേരുകള്‍. പ്രത്യേകിച്ചും കുടുംബഘടനയിലും, നേതൃത്വമടക്കമുള്ള വിഷയങ്ങളിലും ഇവര്‍ പുലര്‍ത്തുന്ന നിഷ്ഠകള്‍ ഗോത്രത്തിന്റെ സാംസ്‌കാരികകെട്ടുറപ്പിനെ സൂചിപ്പിക്കുന്നു. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍ ഗോത്രവര്‍ഗക്കാര്‍ വിവിധ കൊച്ചുസമൂഹങ്ങളായി തിരിഞ്ഞ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും, തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. നേതാവെന്ന ഒരു വ്യക്തിയുടെ അധികാരപരിധിയിലുള്ള സമൂഹവ്യവസ്ഥ ഗോത്രവംശജര്‍ക്ക് അന്യമാണ്.
ദ്വീപിലെത്തി കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം സന്ന്യാസിനികള്‍ ഒരു ബൈലിങ്ഗ്വല്‍ വിദ്യാലയത്തിനു രൂപം കൊടുത്തു. ആനി ഗാര്‍ഡിനര്‍ ആയിരുന്നു പ്രധാനാധ്യാപിക. വിദ്യാലയത്തിലെ അടുത്ത ഒഴിവിലേക്ക് ഗാര്‍ഡിനര്‍ നിര്‍ദേശിച്ച ഒരു റ്റിവി അധ്യാപിക ഒഴിഞ്ഞുമാറിയതോടെയാണ് ഗോത്രസമ്പ്രദായത്തെക്കുറിച്ച് കൂടുതലായി മനസ്സിലാകുന്നത്. ആ സ്ഥാനം ഏറ്റെടുത്താല്‍ അഹമ്മതിയായി ഗോത്രം കണക്കാക്കപ്പെടും എന്നുള്ളതായിരുന്നു അവരുടെ ധാരണ. അധ്യാപിക തനിക്കുണ്ടായിരുന്ന എല്ലാ ഭയങ്ങളും ആകുലതകളും സിസ്റ്ററുമായി പങ്കുവച്ചു. അവസാനം സ്‌കൂള്‍ നേതൃത്വം സുഗമമാക്കുവാന്‍ സിസ്റ്റര്‍ നിയന്ത്രണചുമതലയുള്ള നാലു സ്ത്രീകളടങ്ങുന്ന ചെറുസംഘങ്ങളെ രൂപീകരിച്ചു. വിദ്യാലയത്തിലെ വിവിധ മേഖലകളിലെ നിയന്ത്രണം വിഭജിച്ച് ഈ ചെറുസംഘങ്ങളില്‍ നിക്ഷിപ്തമാക്കി. കമ്പ്യൂട്ടറുകളുടെ ഉപയോഗം ദ്വീപുവാസികള്‍ക്ക് സുപരിചിതമാക്കികൊടുത്തു. നാല്ദശാബ്ദങ്ങളായുള്ള സിസ്റ്ററിന്റെ പരിശ്രമത്തിന്റെ ഫലമാണ് പടകാജിയാലി എന്ന മ്യൂസിയം. റ്റിവിഗോത്രവംശജരുടെ സംസ്‌കാരവും, ഭാഷയും, ചരിത്രവും വ്യക്തമാക്കുന്ന ഈ മ്യൂസിയം വരുംതലമുറയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു അമൂല്യശേഖരമാണ്.
ഇരുപത്തിരണ്ടാം വയസ്സില്‍ ആരംഭിച്ച ദൗത്യം ഈ എണ്‍പത്തിയാറാം വയസ്സിലും സിസ്റ്റര്‍ തുടര്‍ന്നുപോരുന്നു. ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ ദ്വീപ് മുഴുവന്‍ ചുറ്റിസഞ്ചരിക്കുന്ന സ്‌നേഹത്തിന്റെ പ്രതിരൂപമായ ഈ സന്ന്യാസിനിയെ പ്രാര്‍ത്ഥനാവശ്യങ്ങളുമായി നിരവധിപേരാണ് സമീപിക്കുന്നത്. ദ്വീപിലെ ക്രൈസ്തവജീവിതത്തിന്റെ നട്ടെല്ല് എന്ന് പറയപ്പെടുന്നത് റ്റിവി സ്ത്രീകളാണ്. ജനങ്ങളുടെ ഇടയിലുള്ള ക്രൈസ്തവവിശ്വാസം ഒരു കെടാദീപം പോലെ അവര്‍ കാത്തുസൂക്ഷിക്കുന്നു. ദ്വീപില്‍ മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഒരേയൊരു കന്യാസ്ത്രീയാണ് ആനി ഗാര്‍ഡ്‌നര്‍. കൂദാശകള്‍ പകര്‍ന്നു നല്കുന്നതിനു ഒരു പുരോഹിതനുമുണ്ട്.
സ്വന്തമായി കച്ചവടം നടത്തുന്നതിലും, വിദ്യാലയത്തിന്റെ മേല്‍നോട്ടത്തിലും, ആതുരാലയങ്ങളുടെ നടത്തിപ്പിലും റ്റിവിജനത കൈവരിച്ച സ്വയംപര്യാപ്തതയെ വളരെ സന്തോപൂര്‍വ്വം നോക്കിക്കാണുന്നു ആനി ഗാര്‍ഡിനര്‍.