അസാധാരണ മിഷൻ: സീറോ മലബാർ സഭയിൽ വിപുലമായ കർമപരിപാടികൾ
കൊച്ചി: ഫ്രാൻസിസ് മാർപാപ്പ ആഹ്വാനംചെയ്ത അസാധാരണ മിഷൻ മാസാചരണത്തിന്റെ (ഒക്ടോബർ) ഭാഗമായി സീറോ മലബാർ സഭയിൽ വിപുലമായ കർമ പരിപാടികൾക്കു രൂപം നൽകി. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കമ്മീഷനും സീറോ മലബാർ മിഷനും സംയുക്തമായി തയാറാക്കിയ കർമപദ്ധതികൾ എല്ലാ ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാവർത്തികമാക്കുന്നതിനുള്ള നിർദേശങ്ങളാണ് കർമപരിപാടികളിലുള്ളത്.
ഒക്ടോബർ മാസം മുഴുവൻ എല്ലാ കുടുംബങ്ങളിലും സമർപ്പിത സമൂഹങ്ങളിലും ഇടവകകളിലും മാർപാപ്പ നിർദേശിച്ചിരിക്കുന്ന പ്രാർഥന ചൊല്ലണം. ഈ പ്രാർഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്സൈറ്റിലും രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വെബ്സൈറ്റുകളിലുമുണ്ട്. ചെറുപുഷ്പ മിഷൻ ലീഗിന്റെ സഹായം ഇതിനു ലഭിക്കും. മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കും.
ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം നിർദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥവായനകൾ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ ലൈഫ്ഡേ എന്ന ഓണ്‍ലൈൻ മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ ദേവാലയങ്ങളിലെ ഒരുദിവസത്തെ ദിവ്യബലിയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമർപ്പിക്കും.
രൂപതകളും സമർപ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളിൽ മിഷനെക്കുറിച്ചുള്ള അവബോധം നൽകുന്ന ഒരു മിഷൻ ധ്യാനമെങ്കിലും സംഘടിപ്പിക്കണം. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീൻ ടീമിന്റെയും സഹകരണം ഇക്കാര്യത്തിലുണ്ടാകും. സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളിൽ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാവണം. മിഷൻ ഞായർ കൂടുതൽ തീക്ഷ്ണതയോടെ ആഘോഷിക്കണം. ആ ദിവസമോ, അല്ലെങ്കിൽ ഒക്ടോബർ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കും.
ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയോ, ജപമാല സമാപനത്തോടനുബന്ധിച്ചോ മിഷൻ റാലി സംഘടിപ്പിക്കണം. എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു ദിവസം മിഷൻ എക്സിബിഷൻ സംഘടിപ്പിക്കണം. അതിനുവേണ്ടിയുള്ള സഹായവും പോസ്റ്ററുകളും രൂപതാ കേന്ദ്രങ്ങളിലും സമർപ്പിത സമൂഹങ്ങളുടെ കേന്ദ്രഭവനങ്ങളിലും വെബ്സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കും.
ഒക്ടോബറിലോ നവംബറിലോ കുടുംബക്കൂട്ടായ്മകളിലെ വിചിന്തന വിഷയം മിഷനെക്കുറിച്ചാവണം. ഇതിനു സഹായകരമായ ലഘുലേഖ സീറോ മലബാർ സഭയുടെ പ്രേഷിത മുന്നണിയായ എംഎസ് ടി സമൂഹത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ഇടവകതലത്തിലും രൂപതാതലത്തിലും സമർപ്പിത സമൂഹതലത്തിലും മിഷൻ കോണ്‍ഫറൻസുകൾ സംഘടിപ്പിക്കും. സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ എല്ലാ രൂപതകളിൽനിന്നും സമർപ്പിത സമൂഹങ്ങളിൽനിന്നുമുള്ള പ്രതിനിധികൾക്കായി നവംബറിൽ മിഷൻ കോണ്‍ഫറൻസ് സംഘടിപ്പിക്കും.
മിഷൻ ചൈതന്യം സഭയിൽ ഉജ്വലിക്കാനും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും വേണ്ടി മിഷൻ മാസാചരണം സഹായകമാകുമെന്നു പ്രത്യാശിക്കുന്നതായി സുവിശേഷവൽകരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റൃൻ മുട്ടംതൊട്ടിൽ പറഞ്ഞു.