ശുദ്ധീകരണാത്മാക്കള്‍ക്കായി വി. കുര്‍ബാന അര്‍പ്പിക്കുന്നതിന്റെ കാരണം
ഡൊമിനിക്കന്‍ സഭാംഗമായ വാഴ്ത്തപ്പെട്ട ഹെന്റി സൂസോ തന്റെ സഭയിലെ ഒരു സഹോദരനുമായി ഒരു ഉടമ്പടി ചെയ്തു. അവരില്‍ ആദ്യം മരിക്കുന്നയാള്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നയാള്‍ ആഴ്ചയില്‍ രണ്ടു കുര്‍ബാന ചൊല്ലുകയും മറ്റു പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും വേണം എന്നായിരുന്നു ആ ഉടമ്പടി. അദ്ദേഹത്തിന്റെ സഹോദരനാണ് ആദ്യം മരിച്ചത്. അതുകൊണ്ട്, വാഴ്ത്തപ്പെട്ട ഹെന്റി ഉടമ്പടി ചെയ്തിരുന്നപോലെ വളരെ നീണ്ടകാലം കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും ചൊല്ലി കാഴ്ചവച്ചു. തന്റെ സുഹൃത്ത് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നിരിക്കും എന്നു കരുതി തന്റെ പ്രാര്‍തഥന അവസാനിപ്പിച്ചു . എന്നാല്‍, ഒരു ദിവസം മരിച്ചുപോയ ആത്മാവ്, വളരെ വേദനയനുഭവിക്കുന്ന വിധത്തില്‍ പ്രത്യക്ഷപ്പെട്ട് വാഗ്ദാനം ചെയ്തിരുന്ന കുര്‍ബാന അര്‍പ്പിക്കാത്തതിനെക്കുറിച്ച് കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഏറെ ദുഃഖിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു.
കുര്‍ബാന ചൊല്ലുന്നതു തുടരാതിരുന്നത് ഇതിനകം സ്‌നേഹിതന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കും എന്നു കരുതിയാണ് എന്നും എന്നാല്‍ തന്റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും സ്‌നേഹിതന്‍ ഓര്‍ത്തിരുന്നുവെന്നും അതീവദുഃഖത്തോടെ അദ്ദേഹം സ്‌നേഹിതനോടു പറഞ്ഞു . ‘ ഓ എന്റെ സ്‌നേഹിതന്‍ ഹെന്റീ , ദയവായി എനിക്കുവേണ്ടി കുര്‍ബാനയര്‍പ്പിക്കുക. കാരണം , ക്രിസ്തുവിന്റെ രക്ഷാകരമായ രക്തമാണ് എനിക്കിപ്പോള്‍ ഏറെ ആവശ്യം’ എന്നു പറഞ്ഞ് ആ വേദനിക്കുന്ന ആത്മാവ് വിലപിച്ചു.
വാഴ്ത്തപ്പെട്ട ഹെന്റി സ്‌നേഹിതനുവേണ്ടിയുള്ള കുര്‍ബാനയര്‍പ്പണവും മറ്റു പ്രാര്‍ത്ഥനകളും പുനഃരാരംഭിച്ചു . സ്‌നേഹിതന്‍ സ്വര്‍ഗ്ഗ പ്രാപ്തനായി എന്ന് ഉറപ്പുവന്നതിനുശേഷമാണ് അദ്ദേഹം തന്റെ പ്രാര്‍ത്ഥന നിറുത്തിയത്. പിന്നീട് താന്‍ മോചിപ്പിച്ച സഹോദരനില്‍നിന്ന് പ്രതീക്ഷിക്കാത്ത അളവിലും സമയങ്ങളിലും വളരെയേറെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.