ശുദ്ധീകൃത ആത്മാക്കള്‍ നമ്മുടെ ശുദ്ധീകരണ കാലാവധി കുറയ്ക്കും
ശുദ്ധീകൃത ആത്മാക്കള്‍ തങ്ങളെ സഹായിക്കുന്നവരുടെ ശുദ്ധീകരണകാലയളവ് ഹസ്വവും ലളിതവുമാക്കും. സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും അവര്‍ ശ്രമിക്കും.
ഡൊമിനിക്കന്‍ സഭാംഗമായ മാസ്സിയാസിലെ വാഴ്ത്തപ്പെട്ട് ജോണിന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രത്യേക ഭക്തിയുണ്ടായിരുന്നു. അദ്ദേഹം തന്റെ പ്രാര്‍ത്ഥനവഴി , പ്രത്യേകിച്ച് ജപമാല പ്രാര്‍ത്ഥനവഴി 14 ലക്ഷം ആത്മാക്കളെയാണ് ശുദ്ധീകരണസ്ഥലത്തുനിന്നു മോചിപ്പിച്ചത് . ഇതിനു പ്രത്യുപകാരമായി അവര്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അത്യത്ഭുതകരമായ അനുഗ്രഹങ്ങള്‍ നേടിക്കൊടുക്കുകയും മരണവേളയില്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇത് സ്ഥിരീകരിക്കപ്പെട്ട ഒരു സത്യമായി സഭ അംഗീകരിക്കുകയും വാഴ്ത്തപ്പട്ടവനായി അദ്ദേഹത്തെ ഉയര്‍ത്തുന്ന പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പണ്ഡിതനായ കര്‍ദ്ദിനാള്‍ ബരോനിയസിനും സമാനമായ അനുഭവമുണ്ട്. ഒരിക്കല്‍ ഈ കര്‍ദ്ദിനാള്‍ മരണാസന്നനായ ഒരു വ്യക്തിയെ സഹായിക്കാന്‍ ചെന്നപ്പോള്‍, ശുദ്ധീകൃത ആത്മാക്കളുടെ ഒരു ഗണം ആശ്വസിപ്പിക്കുന്നതും അദ്ദേഹത്തെ നശിപ്പിക്കാന്‍ അവസാനത്തെ പരിശ്രമം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അശുദ്ധാത്മക്കളെ തുരത്തുന്നതും കാണുകയുണ്ടായി.
അവര്‍ ആരാണ് എന്ന് കര്‍ദ്ദിനാള്‍ അന്വേഷിച്ചപ്പോള്‍ ആ മനുഷ്യന്‍ മോചിപ്പിച്ച 8,000 ആത്മാക്കളാണവരെന്ന് മറുപടി ലഭിച്ചു. ഒരു നിമിഷംപോലും ശുദ്ധീകരണസ്ഥലത്തു കഴിയാതെ, നേരേത്തിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ ദൈവം തങ്ങളെ അയച്ചതാണെന്നും അവര്‍ പറഞ്ഞു!
വിശുദ്ധ ജെര്‍ത്രുദ് മരിക്കാറായപ്പോള്‍ പിശാച് അവളെ കഠിനമായി പരീക്ഷിച്ചു. പിശാച് നമ്മുടെ അന്ത്യവിനാഴികയില്‍ പ്രയോഗിക്കാന്‍ വളരെ ശക്തമായ പ്രലോഭനങ്ങളാണ് കരുതിവച്ചിരിക്കുന്നത്. വിശുദ്ധയെ കീഴ്‌പ്പെടുത്താന്‍ മറ്റു മാര്‍ഗങ്ങള്‍ കാണാതിരുന്നതിനാല്‍ അവളുടെ മനഃസമാധാനം നഷ്ടപ്പെടുത്താന്‍ വേണ്ടി അവളോടു പറഞ്ഞു, അവള്‍ ശുദ്ധീകരണസ്ഥലത്തിലെ ഭയാനകമായ അഗ്‌നിയില്‍ ദീര്‍ഘനാള്‍ കിടക്കേണ്ടിവരുമെന്ന്. കര്‍ത്താവാകട്ടെ , അവളെ സഹായിക്കാന്‍ തന്റെ മാലാഖമാരെയോ അവള്‍ മോചിപ്പിച്ച് ആയിരക്കണക്കിന് ആത്മാക്കളെയോ അയയ്ക്കുന്നതില്‍ തൃപ്തനാവാതെ, നേരിട്ടുവന്ന് വിശുദ്ധയെ ആശ്വസിപ്പിക്കുകയും പിശാചിനെ തുരത്തുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ ചെയ്തവയ്ക്കു പ്രത്യുപകാരമായി അവളുടെ സുകൃതങ്ങള്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്നും നേരേ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുമെന്നും അവിടുന്ന് അവളോടു പറഞ്ഞു.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.