കന്യാസത്രീകള്‍ക്കെതിരായ ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി

കന്യാസത്രീകൾക്കെതിരായി സമൂഹമാധ്യങ്ങളിലൂടെ നടത്തുന്ന ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളിൽ അധികാരികൾ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ കുറ്റപ്പെടുത്തി. 160 ഓളം പരാതികൾ നൽകയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കെസിബിസി ആരോപിച്ചു. കുറിപ്പിന്റെ പൂർണ രൂപം താഴെ:

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വരുമാന സാദ്ധ്യതകൾ കണ്ടെത്താൻ വേറിട്ട വഴികൾ അന്വേഷിച്ചിറങ്ങിയ കുറേപ്പേർ, അതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അശ്ലീലവും അധിക്ഷേപങ്ങളുമാണെന്ന് തിരിച്ചറിഞ്ഞത് മലയാളികൾക്കിടയിലെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. വ്യാജവാർത്തകൾ കൊടുത്തും, അസഭ്യവും അശ്ലീലവും പറഞ്ഞും, പരദൂഷണ കഥകൾ മെനഞ്ഞും ഇവിടെ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടിയിട്ടുള്ളവരിൽ ഓൺലൈൻ പോർട്ടലുകൾ മുതൽ സാധാരണക്കാരായ സാമുവൽ കൂടൽമാരും, വിജയ് പി നായർമാരും വരെയുള്ള അനേകരുണ്ട്. നൂറുകണക്കിന് യൂട്യൂബ് ചാനലുകൾ ഇത്തരത്തിൽ ഇവിടെ സജീവമാണ്. തികച്ചും അധാർമ്മികവും, സംസ്കാരത്തിന് നിരക്കാത്തതുമായ രീതിയിൽ ആരെക്കുറിച്ചും എന്തും പറയാം എന്ന ശൈലി സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ് ഇവർ.

ഒട്ടേറെ പരാതികൾ പ്രതിദിനം ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിക്കാറുണ്ടെങ്കിലും വളരെ അപൂർവ്വം അവസരങ്ങളിൽ മാത്രമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. രാഷ്ട്രീയമായി വിവാദ കാരണങ്ങളാകുന്ന സാഹചര്യങ്ങളിലോ, രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ പ്രാപ്തിയുള്ളവർ ഇടപെടുന്ന കേസുകളിലോ ഒഴികെ, സാധാരണക്കാരായവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പരാതികൾ ഒരിക്കലെങ്കിലും നിയമപാലകർ ഗൗരവമായി പരിഗണിച്ചിട്ടുള്ളതായി അറിവില്ല.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ സമൂഹമാധ്യമങ്ങൾ കൈവരിച്ചിരിക്കുന്ന “വളർച്ചയാണ്” ഈ ദിവസങ്ങളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. വാസ്തവത്തിൽ മലയാളികൾക്ക് തികച്ചും അപമാനകരമാണ് ഇന്നത്തെ സാഹചര്യങ്ങൾ. വിജയ് പി നായർ എന്ന വ്യക്തിയെ ചില സ്ത്രീകൾ കയ്യേറ്റം ചെയ്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഇരുപക്ഷങ്ങളിൽ നിന്നുമുള്ള ചർച്ചകൾക്ക് കാരണമായെങ്കിലും അയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന വീഡിയോകളിലെ ഉള്ളടക്കം ഒരുതരത്തിലും ന്യായീകരണം അർഹിക്കുന്നവയല്ല. ഇത്തരത്തിലുള്ള അനേകർക്ക് സമൂഹമാധ്യമങ്ങളുടെ സാദ്ധ്യതകൾ ഉപയോഗിച്ച് തികഞ്ഞ അശ്ലീലവും, വാസ്തവ വിരുദ്ധവുമായ കാര്യങ്ങളും നിർബ്ബാധം പ്രചരിപ്പിക്കാൻ നിയമ സംവിധാനങ്ങൾ മൗന സമ്മതം നൽകുന്നു എന്നുള്ളത് അത്യന്തം ഖേദകരമാണ്.

ജീവിതങ്ങളെ തന്നെ ബാധിക്കുന്ന രീതിയിലും, സമൂഹാംഗങ്ങൾ എന്ന നിലയിൽ അനേകർക്ക് ഒരേ സമയം വലിയ വേദന സൃഷ്ടിക്കുന്നവയായും പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും പരാതി സ്വീകരിച്ച് നടപടിയെടുക്കാൻ പോലീസും കോടതിയും പുലർത്തുന്ന വൈമുഖ്യം കടുത്ത പ്രതിഷേധം അർഹിക്കുന്നു.

ക്രൈസ്തവർക്കും, കത്തോലിക്കാ സഭയ്ക്കും, വിശിഷ്യാ സന്യസ്തർക്കും എതിരെ പതിവായി അസത്യ പ്രചാരണവും അവഹേളനങ്ങളും നടത്തിയിരുന്ന സാമുവൽ കൂടൽ എന്ന വ്യക്തിയുടെ യൂട്യൂബ് വീഡിയോകൾക്കെതിരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിലെ സന്യാസിനിമാർ ഒറ്റക്കെട്ടായി പ്രതികരിക്കുകയും നിയമപരമായി നീങ്ങുകയുമുണ്ടായിരുന്നു. പതിനാല് ജില്ലകളിലുമായി നൂറ്റിഅറുപതോളം പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി സമർപ്പിക്കപ്പെട്ടത്. കേരളത്തിലെ നാല്പത്തിനായിരത്തോളം സന്യസ്തരെ അടച്ച് ആക്ഷേപിച്ചുകൊണ്ടും, വളരെ മോശം ഭാഷയിൽ അവഹേളിച്ചുകൊണ്ടും അയാൾ പ്രചരിപ്പിച്ച വീഡിയോയ്‌ക്കെതിരെ നൽകിയ പരാതികളിൽ ഒന്നുപോലും ഒരു മാസത്തിനിപ്പുറവും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നുള്ളത് അത്യന്തം ദുഃഖകരമായ വസ്തുതയാണ്.

പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും സന്യസ്തർ നേരിട്ട് ചെന്ന് പരാതി നൽകുകയും, വിഷയം വിശദീകരിക്കുകയും ചെയ്തിട്ടു പോലും യാതൊരുവിധ നടപടികളുമുണ്ടായില്ല. ഒരു വലിയ സമൂഹം കൂട്ടത്തോടെ പ്രതികരണ സജ്ജരായിട്ടുതന്നെയും നിയമപാലക്കാരുടെയും ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവരുടെയും നിലപാട് ഇപ്രകാരമാണെങ്കിൽ സാധാരണക്കാരായവരുടെ പരാതികളിലുള്ള ഇടപെടൽ എപ്രകാരമായിരിക്കും എന്നുള്ളതാണ് പൊതുസമൂഹം ചർച്ച ചെയ്യേണ്ടത്. എന്നാൽ, ഇത്രമാത്രം പരാതികൾ നൽകിയിട്ടും പരിഗണനയുണ്ടാകാത്ത സാഹചര്യത്തിലും ഈ വിഷയത്തിൽ പിന്നോട്ടുപോകുവാൻ സന്യസ്തർ ഒരുക്കമല്ല. തങ്ങളെ പതിവായി അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അവർ കോടതിയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുക, ഏറ്റവും മോശമായി അവഹേളിക്കുക, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചാരണങ്ങൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിയമം നൂറുശതമാനവും നോക്കുകുത്തിയാകുന്ന ഇന്നത്തെ സാഹചര്യം അത്യന്തം ആപൽക്കരമാണ്. അക്കാരണത്താൽ, ക്രമസമാധാനത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ നിയമം കയ്യിലെടുക്കപ്പെടുന്നെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദികൾ ഇക്കാര്യങ്ങളിൽ നിസംഗത തുടരുന്ന നിയമപാലകരും സർക്കാരും തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുടെയും അവർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളുടെയും കാര്യത്തിൽ വ്യക്തമായ ചുമതലയുള്ള വനിതാ കമ്മീഷൻ പോലും പുറംതിരിഞ്ഞു നിൽക്കുകയാണ്.

സന്യസ്ത സമൂഹങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും, പരദൂഷണ കഥകളും പതിവായി പ്രചരിക്കപ്പെടുന്നതിലൂടെ അനേക ലക്ഷങ്ങൾ തെറ്റിദ്ധാരണകളിലകപ്പെടുന്ന സാഹചര്യത്തിലാണ് അവർ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാൻ ഇനിയും സർക്കാരിനും, നിയമ – നീതി നിർവ്വഹണ സംവിധാനങ്ങൾക്കും കഴിയുന്നില്ലെങ്കിൽ വരും നാളുകളിൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് തീർച്ച.

സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും ഏറിവരുന്ന ഈ കാലത്ത് ഇത്തരം കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തേണ്ട ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. അവർക്കെതിരെയുള്ള അതിക്രമങ്ങൾ ഇത്രമാത്രം ഇക്കാലത്ത് വർദ്ധിക്കാനുള്ള കാരണം ഒരു പരിധിവരെ സമൂഹ മാധ്യമങ്ങളിലുള്ള ദുഷ്പ്രചാരണങ്ങളും, സ്ത്രീയെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോകൾക്കും മറ്റുമുള്ള അതിരറ്റ പ്രചാരവുമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles