ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതി: എസ്എംവൈഎം സമരരംഗത്ത്
കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതിക്കെതിരേ കാഞ്ഞിരപ്പള്ളി എസ്എംവൈഎം പ്രത്യക്ഷ സമരവുമായി രംഗത്ത്. മുസ്ലിം 80 മറ്റു ന്യൂനപക്ഷങ്ങൾ 20 എന്ന സർക്കാർ നിലപാടിനെതിരേ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങൾ ധർണ നടത്തി.
ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഔദാര്യമല്ല ക്രൈസ്തവർക്കു കൂടി അവകാശപ്പെട്ടതാണെന്നു കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
സർക്കാർ നിലപാടിനെതിരേ കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികളിൽ 80: 20 എന്നുള്ള വിചിത്രമായ അനുപാതം നീതീകരണം ഇല്ലാത്തതും ക്രൈസ്തവരെ അപമാനിക്കുന്നതുമാണ്. ജനസംഖ്യ ആനുപാതികമായി കേരളത്തിലെ ക്രൈസ്തവസമൂഹം അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു ക്ഷേമ പദ്ധതികൾക്ക് അവകാശമുണ്ട്. ഈ അവകാശത്തിനെതിരേ ഇപ്പോൾ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾ ശക്തമായി എതിർക്കപ്പെടണം. മതനിരപേക്ഷത പ്രസംഗിക്കുന്നവർ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ചെലവിൽ നടത്തിക്കൊണ്ടിരിക്കുന്നതു ക്രൈസ്തവരെ അപമാനിക്കലാണ്. ക്രൈസ്തവർക്കുകൂടി അവകാശപ്പെട്ട സർക്കാരിന്റെ എട്ടു ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഒരു സമുദായത്തിനു മാത്രമായി തീറെഴുതി കൊടുക്കുന്നതു സാക്ഷരസമൂഹത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. വർഗീസ് കാലാക്കൽ, രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, തോമസ് കത്തിലാങ്കൽ, അലക്സ് കാളാന്തറ, റോബിൻ കുന്നത്തുകുഴി, അൽഫോൻസ ജോസ്, ഡാനിയ ബാബു, ആൽബിൻ തടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം: എസ്എംവൈഎം പൊൻകുന്നം ഫൊറോനയുടെ നേതൃത്വത്തിൽ പൊൻകുന്നം സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്രദർ നോബി വെള്ളാപ്പള്ളി, ജിതിൻ, ചഞ്ചൽ ജോൺ, ജസ്റ്റിൻ ആലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
ജനസംഖ്യ അനുപാതത്തിൽ ന്യൂനപക്ഷ പദ്ധതികളുടെ വിതരണം 51:49 എന്നു പുതുക്കി നിശ്ചയിക്കുക. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ പുതിയ സമിതിയെ പ്രഖ്യാപിക്കുക, കേന്ദ്ര സർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതികളിൽ സംസ്ഥാന, ജില്ലാപഞ്ചായത്ത് തലങ്ങളിൽ അവിടുത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രൈസ്തവർക്കും പ്രാതിനിധ്യം നൽകുക, സാമ്പത്തിക അസമത്വം നേരിടുന്ന ക്രിസ്ത്യൻ സമൂഹത്തിനായി ക്ഷേമ പദ്ധതികൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.