അച്ചടക്കം പാലിക്കുവാന്‍ എല്ലാവരും കടപ്പെട്ടവരാണ്: സീറോ മലബാര്‍ മീഡിയ കമ്മീഷന്
കാക്കനാട്: അച്ചടക്കം സഭയുടെ ജീവിതശൈലിയാണെന്നും അത് പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്. വ്യാജരേഖയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സുതാര്യവും സമഗ്രവുമായ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കമ്മീഷന്റെ നിലപാട് ആവര്‍ത്തിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപത നടത്തിയ പത്രസമ്മേളനവും ഞായറാഴ്ചകളില്‍ പള്ളികളില്‍ വായിക്കാന്‍ നല്കിയ വിശദീകരണക്കുറിപ്പും ഉത്തരവാദിത്തപ്പെട്ടവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തട്ടെ. 2019 ജനുവരി മാസത്തില്‍ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം അനുസരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് നല്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്ന സഭാപരമായ അച്ചടക്കം പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവര്ക്കും കടമയുണ്ട്. സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായിരിക്കുന്ന പള്ളികളില്‍ വിശദീകരണക്കുറിപ്പ് വായിച്ചത് തികച്ചും നിര്‍ഭാഗ്യകരമായി.
വ്യാജരേഖകേസിന്റെ അന്വേഷണം തുടരണം. രേഖകള്‍ വ്യാജമാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം പറഞ്ഞുകഴിഞ്ഞു. ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ രേഖകള്‍ കൃത്രിമമാണെന്നു തെളിഞ്ഞിട്ടും അവ സത്യമാണെന്ന് ആവര്ത്തിക്കുന്നവര് തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കു നല്കി സഹകരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. നിലവിലുള്ള അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോകുന്നു എന്ന് കമ്മീഷന് വിലയിരുത്തുന്നു. മറ്റ് ഏജന്‍സികളുടെ ആന്വേഷണം ആവശ്യപ്പെടുന്നവര്‍ അതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. നിയമപരമായി കൈകാ ര്യം ചെയ്യേണ്ട വിഷയങ്ങളെ ആരാധനയ്ക്കിടയിലെ ചര്‍ച്ചാവിഷയമാക്കുന്നത് ശരിയാണോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ആത്മശോധന ചെയ്യട്ടെ.
ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയോ ഫാ. പോള്‍ തേലക്കാട്ടിനെയോ പ്രതിസ്ഥാനത്തു നര്‍ത്തിയല്ല സിനഡിനുവേണ്ടി പരാതി സമര്‍പ്പിച്ചത്. അതിനാലാണ് ഇരുവരുടെയും പേര് പ്രതിസ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പരാതി നല്കിയ ബഹു. ജോബി മാപ്രകാവിലച്ചനും, മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇക്കാര്യം വ്യക്തമാക്കി തങ്ങളുടെ മൊഴികള്‍ യഥാസമയം നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലീസും കോടതിയുമാണ്. ആലഞ്ചേരി പിതാവ് ഇക്കാര്യത്തില്‍ വാക്കു പാലിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണ്.
സത്യത്തോടുള്ള പ്രതിബദ്ധതയും സഭയുടെ നന്മയും ആഗ്രഹിക്കുന്ന എല്ലാവരും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ പ്രാര്‍ത്ഥനാപൂര്‍വകമായ സംയമനം പാലിക്കേണ്ടതാണ്. സഭയുടെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും നിലവിലുള്ള പ്രശ്നങ്ങളെല്ലാം സമാധാനപൂര്‍വ്വം പരിഹരിക്കപ്പെടുന്നതിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മീഡിയ കമ്മീഷന് ആഹ്വാനം ചെയ്തു.
ഫാ. ആന്റണി തലച്ചെല്ലൂര്‍
സെക്രട്ടറി, മീഡിയാ കമ്മീഷന്