സീറോ മലബാർ പ്രേഷിത വാരാചരണം 2020ന് തുടക്കം
കാക്കനാട്: സീറോ മലബാർ സഭയുടെ പ്രേഷിത കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനം സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു. ക്രിസ്തുവെന്ന സന്ദേശത്തെ അറിയുക-അറിയിക്കുക-സാക്ഷികളായിത്തീരുക എന്നിവ ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന കടമയാണെന്നുള്ള സത്യം അടുത്തറിയാൻ പ്രേഷിതവരാചരണം കാരണമായിത്തീരണം എന്ന് അദ്ദേഹം പറഞ്ഞു. പ്രേഷിതമേഖലകൾ സന്ദർശിക്കാനും പ്രേഷിതപ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിവിധ അൽമായ കൂട്ടായ്മകൾ മുന്നോട്ടുവരുന്നതിനെ അദ്ദേഹം ശ്ലാഘിച്ചു. 18 ഓളം മെത്ര്യന്മാരും നിരവധി വൈദികരും, സന്യസ്തരും അല്മയരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിറോ മലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ കുറിച്ച് വിശ്വാസികൾ കൂടുതൽ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരങ്ങൾ തുറക്കുന്നതിനായി ആചരിക്കുന്ന സീറോ മലബാർ സഭ പ്രേഷിത വാരം എല്ലാ വർഷവും ജനുവരി 6 മുതൽ 12 വരെയാണ് നടത്തപ്പെടുന്നത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ എസ്വൈഎംഎം ഡയറക്ടറും ഷംഷാബാദ് രൂപത മെത്രാനുമായ മാർ റാഫേൽ തട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്വൈഎംഎം ഡയറക്ടർ ഫാ. സിജു അഴകത്ത് എം.എസ്.റ്റി പ്രസംഗിച്ചു. ഫാ. ജോസഫ് തോലാനിക്കൽ, , സി. നമ്രത എം.എസ്.ജെ. , സി. മരിയ റാണി എം.എസ്.ജെ., സി. റോസ്മിന്‍ എം.എസ്.ജെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.