സീറോ മലബാർ സഭാ സിനഡ് മൗണ്ട് സെന്റ് തോമസിൽ തുടങ്ങി
കാക്കനാട്: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 27-ാമതു സിനഡിന്റെ രണ്ടാമത്തെ സെഷൻ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാലവർഷകെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാർത്ഥനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ രൂപതകളുടെയും ഔദാര്യപൂർവ്വകമായ സഹകരണം ഉണ്ടാകണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. മരണമടഞ്ഞ സാത്ന രൂപതയുടെ പ്രഥമ മെത്രാൻ മാർ അബ്രാഹം ഡി. മറ്റം പിതാവിനെയും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യുണൽ പ്രസിഡന്റായി ശുശ്രൂഷ ചെയ്തു വരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാർ ആലഞ്ചേരി അനുസ്മരിച്ചു.
സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാൻ സിനഡഗംങ്ങൾ എല്ലാവരും ഒരേ മനസോടെ ചർച്ചകളിൽ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡിൽ തന്നെ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഫസ്റ്റ് കൗൺസിലർ മോൺ. മിത്യ ലെസ്കോവർ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അനുശോചനം മോൺസിഞ്ഞോർ സിനഡിനെ അറിയിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സിനഡിൽ പ്രഥമ പരിഗണന നല്കാൻ തീരുമാനിച്ചു.
അദിലബാദ് രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിക്കുകയും മേജർ ആർച്ചുബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ഒരുമിച്ചു ദിവ്യബലിയർപ്പിക്കുകയും ചെയ്തു.
മേജർ ആർച്ചുബിഷപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ 56 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നിൽക്കും.
ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ