ദുബായ് സീറോ മലബാര്‍ ദിനം ആഘോഷിച്ചു

ദുബായ്: ദുബായ് സീറോ മലബാർ ദിനാഘോഷത്തിന് ആവേശം പകർന്ന് ആയിരങ്ങൾ പങ്കെടുത്തു. ഷംഷാബാദ് രൂപത അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ദുബായ് സീറോ മലബാർ വിശ്വാസികൾക്ക് എല്ലാവിധ അജ പാലന സംരക്ഷണവും ഇവിടുത്തെ രൂപത നേതൃത്വം നൽകുന്നുണ്ടെന്നു സ്വാഗത പ്രസംഗത്തിൽ സീറോ മലബാർ അ സോസിയേഷൻ പ്രസിഡന്റ് വിപിൻ പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം സാധ്യമാക്കിയതിൽ ബിഷപ് ഡോ. പോൾ ഹിൻഡറിന്റെ ശ്രമം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർക്കു മാതൃക ആയി ജീവിക്കാൻ നമുക്കു കടമയുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ പറഞ്ഞു. ബിഷപ് ഡോ.പോൾ ഹിൻഡർ ആശംസകൾ നേർന്നു. വിവിധ ക്രിസ്തീയ വിശ്വാസത്തിൽ ഉള്ള സഭാവിഭാഗങ്ങൾ ഗൾഫിൽ ഉണ്ട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോവുക എന്നതു ശ്രമകരമായ കാര്യമാണ്. എങ്കിലും വളരെ യോജിപ്പോടെ പോകുന്നുവെന്നത് ആഹ്ലാദകരമാണെന്ന് ബിഷപ് പറഞ്ഞു.
ഫാ. ലെന്നി, ഫാ. അലക്സ് വാച്ചാപറന്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രവർത്തന റിപ്പോർട്ട് സിറോ മലബാർ സെക്രട്ടറി ബെന്നി തോമസ് പുല്ലാട്ട് അവതരിപ്പിച്ചു. 30 വർഷത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിൽ മിഷനറി പ്രവർത്തനം നടത്തുന്ന മുൻ സീറോ മലബാർ ദുബായ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസിനെ മെമന്റോ നൽകി ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വോളിബോൾ, ബാസ്കറ്റ് ബോൾ ടീമുകളെ ആദരിച്ചു. ജോമോൻ ജോണിന്റെ നേതൃത്വത്തിൽ നാഥന്റെ വഴിയേ എന്ന സംഗീതശില്പം അവതരിപ്പിച്ചു.