ചെറുതാകുന്നവരാണ് സ്വര്‍ഗ്ഗത്തിന്റെ അവകാശികള്‍
~ ലിബിന് ജോ ~
ഒരു ക്രിസ്തുമസ് രാത്രയില്‍ പാതിരാകുര്‍ബ്ബാനയ്ക്ക് അമ്മയുടെ കൈപിടിച്ച് പോയതോര്‍ക്കുന്നു. പള്ളി മുറ്റത്ത് കണ്ട പുല്കൂടിന് മുമ്പില്‍ അമ്മ എന്നെ നിര്‍ത്തി.അതിലെ രുപങ്ങളെ നോക്കി ഞാന്‍ അമ്മയോട് ചോദിച്ചു.
അമ്മേ, ഇതിലെ ഈശോ എന്തെ ഇത്ര ചെറുതായി കാണുന്നത്ഈശോ വലുതായിരുന്നെങ്കില്‍ കാണാന്‍ ഭംഗിയുണ്ടാകുമായിരുന്നു…
എന്റെ കുഞ്ഞ് മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു-
ഇശോയ്ക്ക് എപ്പോഴും ചെറുതാകുന്നതാണ് ഇഷ്ടം.
രണ്ട് മുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആദ്യ കുര്‍ബ്ബാന സ്വീകരിച്ചപ്പോഴാണ് അന്ന് അമ്മ പറഞ്ഞത് എനിക്ക് ബോധ്യമായത്.അള്‍ത്താരയില്‍ നിന്ന് കൊണ്ട് ഒരു ചെറിയ അപ്പ കക്ഷണം പിടിച്ചുകൊണ്ട് വൈദികന് പറഞ്ഞത് എന്റെ ഹൃദയത്തില്‍ ആഴമായി പതിഞ്ഞു.
‘ഇതാ ലോകത്തിന്റെ പാപങ്ങള്‍ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’
ചെറിയ അപ്പ കക്ഷണമായി മാറിയ ക്രിസ്തു അന്ന് എന്റെ ഹൃദയത്തെ ഒരുപാട് സ്പര്‍ശിച്ചു.പിന്നീട് ക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചപ്പോഴാണ് അവനെ പൂര്‍ണ്ണമായി അറിയുവാന്‍ കഴിഞ്ഞത്. ചെറുതിനോടായിരുന്നു അവന് താല്പര്യം. വലിയ ലോകത്തില്‍ ചെറുതായി മാറുവാന്‍ അവന് മുപ്പത്തിമൂന്ന് വര്‍ഷക്കാലം ധാരാളമായിരുന്നു. അവനെ തൊട്ടവരും അവന് തൊട്ടവരും ചെറിയവരായിരുന്നു. ജനിച്ച കാലിതൊഴുത്തു മുതല്‍ അവന് തുണയേകിയത് ചെറിയവരായിരുന്നു. തച്ചന്റെ മകനായി നസ്രത്തിലെ ചെറിയ കുടുംബത്തില്‍ അവന് വളര്‍ന്നു. അവിടെ നിന്ന് അവന് ആകര്‍ഷിച്ചതും അവനെ ആകര്‍ഷിച്ചതും എല്ലാം ചെറിയവരായിരുന്നു. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ പത്രണ്ട് ചെറിയവരെ അവന് തിരഞ്ഞെടുത്തു.
അവന്റെ കണ്ണുകള്‍ കണ്ടത് സമൂഹത്തിലെ ഉയര്ന്നവരെയായിരുന്നില്ല. മറിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പരിത്യജിക്കപ്പെട്ടവരെയും ആയിരുന്നു. അതുകൊണ്ടു തന്നെയാവാം പൊക്കമില്ലാത്ത ചെറിയ സക്കേവൂസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അവന് കണ്ടത്, അതു കൊണ്ടുതന്നെയാവണം ദേവാലയ ഭണ്ഡാരത്തില് രണ്ട് ചെമ്പു തുട്ടുകള്‍ നിക്ഷേപിച്ച വിധവയുടെ ചില്ലികാശിനെ അവന് ശ്രദ്ധിച്ചത്. പെസഹാരാത്രിയില്‍ വി. കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ട് കാല്‍വറിയില്‍ യാഗമായി സ്വയം സമര്‍പ്പിച്ച് ചെറുതായി തീര്‍ന്ന ഒരു ദര്‍ശനം അവന് ലോകത്തിന് നല്കി.
ക്രിസ്തുവിനെപോലെ ആകുവാനാണ് ഒരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യാനിയെന്നാല്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവന്. ക്രിസ്തുവാകുവാന്‍ വിളിക്കപ്പെട്ടവന്. ക്രിസതുവാകണമെങ്കില് ചെറുതാകുവാന്‍ പഠിക്കണം. സ്നാപകയോഹന്നാന്റെ വാക്കുകള്‍ ഒരോ ക്രിസ്ത്യാനിക്കും മുതല്‍ കൂട്ടാണ്. അവന് വളരുകയും ഞാന്‍ കുറയുകയും വേണം.
വലിയലോകത്തില്‍ വലിയവരാകുവാനാണ് ഇന്ന് എല്ലാവര്ക്കു താല്പര്യം.വലുതിനെ നേടിയെടുക്കുവാനുള്ള വ്യഗ്രതയില്‍
വെഗ്രതയില്‍ ചെറുതിനെയൊക്കെ നാം നഷ്ടപ്പെടുത്തി കളയാറുണ്ട്.
ഒരിക്കല്‍ ഒരു വൃദ്ധസദനം സന്ദര്‍ശിച്ചതോര്‍ക്കുന്നു. അവിടുത്തെ ഒരു പ്രായം ചെന്ന അമ്മ ഇടറുന്ന സ്വരത്തില്‍ പറഞ്ഞ വാക്കുകള്‍ മിക്കപ്പോഴും എന്നെ അലട്ടാറുണ്ട്.
“മോനെ, എന്റെ മക്കളെല്ലാം വലിയ നിലയിലാണ്. അവര്‍ക്കൊപ്പം ഈ അമ്മയ്ക്ക് സ്ഥാനമില്ല. കാരണം വളര്‍ന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ ചെറുതാണത്രെ..”
വലുതിനെ തേടുന്ന, വലിയവയെ മാത്രം ശ്രദ്ധിക്കുന്ന ലോകത്ത് ചെറുതാകണമെങ്കില്‍ വളരെ പ്രയാസമാണ്. അതായിരിക്കാം ക്രിസ്തു ഇപ്രകാരം പറഞ്ഞത്ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചി കൂഴിയിലൂടെ കടക്കുന്നതാണ്. (മത്തായി 19:24).
വലുതിനെ മാത്രം തേടിപോകുന്നതുകൊണ്ടാവാം ഇന്ന് കുടുംബങ്ങളിലും വ്യക്തി ജീവിതങ്ങളിലും മനുഷ്യന് സംതൃപ്തി കണ്ടെത്തുവാന്‍ കഴിയാത്തത്. വര്‍ധിച്ചുവരുന്ന ആത്മഹത്യകളും കുടുംബതകര്‍ച്ചകളും എല്ലാം തന്നെ ചെറിയ സന്തോഷങ്ങളെയും സാധ്യതകളെയും നാം കാണാതെ പോകുന്നതിന്റെ പരിണിത ഫലങ്ങളാണ്.
ക്രിസ്തുവിനെ പോലെ ചെറുതാകുന്നവരാണ് സ്വര്‍ഗ്ഗത്തിന്റെ അവകാശികള്‍. ചെറുതായെങ്കില്‍ മാത്രമെ സ്വര്‍ഗ്ഗമെന്ന അവസ്ഥയെ പുല്കുവാന് കഴിയു. ഖലീല്‍ ജീബ്രാന്റെ പ്രാര്‍ത്ഥന ഈ ദര്‍ശനത്തോട് ഒത്തുചേരുന്നുണ്ട്. “കരയാന്‍ അനുവദിക്കാത്ത ജ്ഞാനത്തില്‍ നിന്നും ചിരിക്കുവന്‍ അനുവദിക്കാത്ത തത്ത്വ ശാസ്ത്രത്തില്‍ നിന്നും കുഞ്ഞിന്റെ മുമ്പില്‍ തലകുമ്പിടാന്‍ അനുവദിക്കാത്ത മഹത്വത്തില്‍ നിന്നും എന്നെ കാത്തുകൊള്ളണമേ”.