സഹോദര സന്ന്യാസിനികള് ഒരുമിച്ച് ഡോക്ടറേറ്റ് നേടി
കൊച്ചി: സഹോദരിമാരുടെ സമർപ്പിതശുശ്രൂഷകളിലെ മഹിതവഴികൾക്കു പുതുതിളക്കമായി പിഎച്ച്ഡി നേട്ടം. സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിൻസ് അംഗങ്ങളായ സിസ്റ്റർ പ്രസാദയും സഹോദരി സിസ്റ്റർ ജീസ ഗ്രേസുമാണു വ്യത്യസ്ത വിഷയങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ ഡോക്ടറേറ്റ് നേടിയത്. കറുകുറ്റി കല്ലറ ചുള്ളി വീട്ടിൽ പരേതനായ കെ.പി. കുഞ്ഞുവറീതിന്റെയും നെയ്തി വർഗീസിന്റെയും മക്കളാണ് ഇരുവരും.
ജീറിയാട്രിക് മെഡിസിൻ രംഗത്തെ ഗവേഷണപഠനത്തിനാണു സിസ്റ്റർ പ്രസാദ ഡോക്ടറേറ്റ് നേടിയത്. വയോജനമന്ദിരങ്ങളിലെ അന്തേവാസികളുടെ വിവിധ പ്രശ്നങ്ങളും തെറാപ്പി ചികിത്സകളിലൂടെ അവയ്ക്കുള്ള പരിഹാരവും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചെന്നൈയിലെ സവീത യൂണിവേഴ്സിറ്റിയിൽ നിന്നാണു ഡോക്ടറേറ്റ് നേടിയത്. വയോജനങ്ങളെ പാർപ്പിക്കുന്ന കരിയാടിലെ മരിയൻ ഹോസ്പീസിന്റെ ചുമതല നേരത്തെ നിർവഹിച്ചിരുന്ന തനിക്ക് അവിടുത്തെ അനുഭവങ്ങളും അറിവുകളും ഗവേഷണ പഠനത്തിൽ സഹായകമായെന്നു സിസ്റ്റർ പ്രസാദ പറഞ്ഞു. ഇപ്പോൾ അങ്കമാലി ലിറ്റിൽ ഫ്ളവർ സ്കൂൾ ഓഫ് നഴ്സിംഗിൽ വകുപ്പുമേധാവിയാണു സിസ്റ്റർ പ്രസാദ.
അങ്കമാലി സ്നേഹസദൻ കോളജ് ഓഫ് സ്പെഷൽ എഡ്യൂക്കേഷൻ പ്രിൻസിപ്പലാണു സിസ്റ്റർ ജീസ ഗ്രേസ്. ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്രപഠനത്തിൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ഗവേഷണം. കോയന്പത്തൂർ അവിനാശിലിംഗം യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം.
11 മക്കളുള്ള കുടുംബത്തിൽ നിന്നാണു സിസ്റ്റർ പ്രസാദയും സിസ്റ്റർ ജീസ ഗ്രേസും സമർപ്പിതശുശ്രൂഷയിലേക്കു പ്രവേശിച്ചത്. ട്രീസ, മേരി, പീറ്റർ, എൽസി, ആനി, റോസിലി, ടോമി, ജെയ്മോൻ, ജോജോ എന്നിവരാണു സഹോദരങ്ങൾ. സന്യസ്തജീവിതത്തിനിടയിൽ ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതിലും വിജയകരമായി പൂർത്തിയാക്കാനായതിലും അഭിമാനമുണ്ടെന്നു സിസ്റ്റർ പ്രസാദയും സിസ്റ്റർ ജീസയും പറഞ്ഞു.