നമ്മുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന ദൈവം

(നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളാലോ അശ്രദ്ധനിമിത്തമോ സാമ്പത്തികബാധ്യതകൾ ഉണ്ടാകാം. അതിനെ അതിജീവിക്കാൻ തുണയ്ക്കുന്ന രഹസ്യങ്ങൾ)

വർഷങ്ങൾക്കുമുമ്പ് ഒരു പടയാളി രാത്രി ഉറങ്ങാൻ കഴിയാതെ കൂടാരത്തിൽ ഇരുന്നു. താൻ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചാലും കൊടുത്തുതീർക്കുവാൻ കഴിയാത്ത കടബാധ്യത അയാൾക്കുണ്ടായിരുന്നു. കൂടാരത്തിൽ ഇരിക്കവേ കടത്തിന്റെ നീണ്ട ലിസ്റ്റ് ഒരു കടലാസിൽ എഴുതിയിട്ട് അതിന്റെ താഴെ അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു. ”ഈ വലിയ കടം ആരു കൊടുത്തു തീർക്കും?” ദുഃഖിതനും ചിന്താധീനനുമായ പടയാളി കുറച്ചു സമയത്തിനുശേഷം മേശപ്പുറത്ത് തലചായ്ച്ച് ഉറങ്ങിപ്പോയി. അതിനാൽ കൂടാരത്തിലെ വിളക്കണക്കാൻ കഴിഞ്ഞില്ല. അത് കത്തിക്കൊണ്ടിരുന്നു.

അന്നു രാത്രിയിൽ രാജാവ് പട്ടാള ക്യാംപ് സന്ദർശിക്കാനെത്തി. ഒരു കൂടാരത്തിൽ മാത്രം വെളിച്ചം കണ്ട് അതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ രാജാവ് കൂടാരത്തിലേക്ക് ചെന്നപ്പോൾ പടയാളി കസേരയിൽ ഇരുന്നുറങ്ങുന്നതും മേശപ്പുറത്ത് ഒരു കുറിപ്പ് വച്ചിരിക്കുന്നതും കണ്ടു. അയാളോട് ദയതോന്നിയ രാജാവ് ഈ വലിയ കടം ആര് തീർക്കും എന്ന് എഴുതിയിരുന്നതിന്റെ താഴെ തന്റെ ഒപ്പിട്ട് സാവധാനം നടന്നുപോയി. രാവിലെ ഉണർന്നപ്പോഴാണ് താൻ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറങ്ങിപ്പോയത് എന്ന കാര്യം പട്ടാളക്കാരൻ ഓർത്തത്.

അതിനാൽ താൻ തയ്യാറാക്കിയ ലിസ്റ്റ് അയാൾ ഒരിക്കൽക്കൂടി വായിച്ചുനോക്കി. അപ്പോഴതാ താൻ എഴുതിയതിന്റെ ചുവട്ടിൽ മറ്റാരോ ഒരു വരി ചേർത്തിരിക്കുന്നു! അത് രാജാവിന്റെ കൈയൊപ്പാണെന്ന് അവന് മനസ്സിലായി. രാജാവ് തന്റെ കൂടാരത്തിലേക്ക് വരികയും തന്റെ സകല കടങ്ങളും തീർക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതിൽ അയാൾക്ക് അത്ഭുതം തോന്നി. അതോടെ അയാളുടെ ദുഃഖം നീങ്ങുകയും ചെയ്തു.

കഥയിൽമാത്രമല്ല, ജീവിതത്തിലും കഥയിലെ പടയാളിയെപ്പോലെ വേദനിക്കുന്നവർ അനേകരാണ്. എന്നാൽ ആ പടയാളിയുടെ ദുഃഖം തീർക്കാൻ രാജാവിന് സാധിച്ചതു പോലെ അതുപോലെതന്നെ സർവ്വ സമ്പത്തിന്റെയും ഉടയവനായ കർത്താവ് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ തക്കവിധം ശക്തനാണ്. നിസ്സഹായതയുടെ രാത്രിയനുഭവങ്ങളിൽ അവിടുന്ന് നമുക്കരികിൽ വരുമെന്ന് ഓർക്കാം. നമ്മെ ആശ്വസിപ്പിക്കാനും നമുക്കായി അത്ഭുതങ്ങൾ ചെയ്യാനും പുതിയ വഴികൾ തുറക്കാനുമെല്ലാം അവിടുത്തേക്ക് സാധിക്കും. ദരിദ്രരെ സമ്പന്നരാക്കാൻ കർത്താവിന് ഒരു നിമിഷം മതി എന്നും തിരുവചനം നമുക്ക് ഉറപ്പു തരുന്നു. (പ്രഭാ.11:21).

യേശുക്രിസ്തു ദാരിദ്ര്യത്തിന്റെ പുൽത്തൊട്ടിയിൽ ജനിച്ചത് നമ്മെ സമ്പന്നരാക്കാൻവേണ്ടിയാണ്. ദാരിദ്ര്യവും സാമ്പത്തിക ഞെരുക്കങ്ങളും കടബാധ്യതകളും ഉണ്ടാകുമ്പോൾ ഇതെല്ലാം ദൈവം തന്നതാണെന്ന് പറഞ്ഞ് തളർന്നിരിക്കരുത്. പകരം വിടുതൽ ലഭിക്കുവാൻ യേശുക്രിസ്തുവിലേക്കു നോക്കുക. ”എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും” (ഫിലി. 4:19). നമ്മുടെ അശ്രദ്ധയോ വിവേകക്കുറവോ മൂലമുണ്ടായ കടബാധ്യതയാണെങ്കിൽ അവിടുത്തെ കരുണക്കായി പ്രാർത്ഥിക്കുക. തീർച്ചയായും ഫലം കാണാം.

കടത്തിലാകാതിരിക്കാൻ

സമാന്യം തരക്കേടില്ലാതെ ജീവിച്ച ആ മനുഷ്യൻ പെട്ടെന്നാണ് വാടകവീട്ടിൽ എത്തിയത്. അൽപം ദാരിദ്ര്യം ഉണ്ടെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ആയിടക്ക് അദ്ദേഹം പണം പലിശയ്ക്ക് എടുത്ത് തന്റെ പഴയ വീട് പൊളിച്ചുമാറ്റി മറ്റൊരു വീടു പണിതു. വീടു പണിയാൻ സാധിച്ചതിന്റെ സന്തോഷത്തിൽ വീടു വെഞ്ചരിപ്പ് വളരെ ആഘോഷമായിട്ടുതന്നെ നടത്തി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പലിശക്കാർ വന്ന് ബഹളം വയ്ക്കാൻ തുടങ്ങി. തൽക്കാലം പിടിച്ചുനിൽക്കാൻ കടത്തിനു മീതെ കടം വാങ്ങി പ്രശ്‌നം പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചു. അവസാനം വീടു വിൽക്കേണ്ടതായി വരികയും ചെയ്തു. കടം വീട്ടാൻ വകയില്ലാതെയായി. ഇതുപോലെ വരുമാനത്തെക്കാൾ കൂടുതൽ ചെലവ് ചെയ്യുകയും മറ്റുള്ളവരുടെ പണത്തിൽ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്നത് അനേകരുടെ തകർച്ചക്ക് കാരണമാവുന്നുണ്ട്.

നമ്മെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കുന്ന ഏഴ് വിപത്തുകളെക്കുറിച്ച് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.

1.അലസത – ”അലസമായ കരം ദാരിദ്ര്യം വരുത്തിവയ്ക്കുന്നു” (സുഭാ.10:4)

2.ധൂർത്ത് – ഭോഷൻ സമ്പത്ത് ധൂർത്തടിച്ച് കളയുന്നു” (സുഭാ. 21:20)

3.മദ്യപാനം – ”മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും. മത്തുപിടിച്ചു മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും” (സുഭാ. 23:21)

4.ഉറക്കം – ”ഉറക്കത്തിന് അടിമയാകരുത്; ദാരിദ്ര്യം നിന്നെ പിടികൂടും” (സുഭാ. 20:13)

5.ആഡംബരം – ”ആഡംബരത്തിൽ മതിമറക്കരുത്; അത് നിന്നെ ദരിദ്രനാക്കും. കൈയിൽ ഒന്നുമില്ലാത്തപ്പോൾ കടം വാങ്ങി വിരുന്ന് നടത്തി ഭിക്ഷക്കാരനായിത്തീരരുത്” (പ്രഭാ. 18:32-33)

6.ലുബ്ധ് – ”ലുബ്ധൻ സമ്പത്തിന്റെ പിന്നാലെ പരക്കം പായുന്നു. തന്നെ ദാരിദ്ര്യം പിടികൂടുമെന്ന് അവൻ അറിയുന്നില്ല”
(സുഭാ. 28:22)

7.ധനമോഹം – ”ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്ക് തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു” (1 തിമോ. 6:9)

ദൈവവചനം നൽകുന്ന ഈ മുന്നറിയിപ്പുകൾ സ്വീകരിച്ചുകൊണ്ട് കെണിയിൽ വീഴാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

കടം തീർക്കുന്ന ദൈവം
കടം കയറി സങ്കടത്തിലായ ഒരു വിധവ ദൈവദാസനായ ഏലീഷായോട് സങ്കടമുണർത്തിച്ചു. കടക്കാർ എന്റെ മക്കളെ അടിമകളാക്കി കൊണ്ടുപോകുന്നു. രക്ഷിക്കണം. ദൈവദാസൻ അവളോട് പറഞ്ഞു, “നിന്റെ വീട്ടിൽ ഒരൽപം എണ്ണയുണ്ടെന്ന് പറഞ്ഞല്ലോ അതുമായി നിന്റെ വീട്ടിലുള്ള ഒഴിഞ്ഞ പാത്രങ്ങളുടെ മുൻപാകെ നിൽക്കുക. അയൽക്കാരോടും ധാരാളം പാത്രങ്ങൾ വാങ്ങുക. ഈ അല്പം എണ്ണ ആ പാത്രങ്ങളിലേക്കു പകരുക.ദൈവം പ്രവർത്തിക്കും, എണ്ണ തീരുകയില്ല. സകല പാത്രങ്ങളും നിറയ്ക്കുക:”

അവളങ്ങനെ ചെയ്തു. ദൈവം എണ്ണ വർദ്ധിപ്പിച്ചു. എല്ലാ പാത്രങ്ങളും നിറഞ്ഞു. ആ എണ്ണ വിറ്റു കടം വീട്ടി. ബാക്കി വന്ന ധനം കൊണ്ട് അവളും മക്കളും ഉപജീവനം കഴിച്ചു. ഈ ദൈവം നിന്റെയും കടഭാരം തീർത്തു തരികയില്ലേ? പുതിയ ബിസിനസ്സ് തുടങ്ങുവാൻ സഹായിക്കുകയോ ജോലിയിൽ അഭിവൃദ്ധി തരികയോ ഒക്കെ ചെയ്തുകൊണ്ട് അവിടുന്ന് നിന്റെ ജീവിതത്തിൽ ഇടപെടും. ചിലപ്പോൾ ഒരിക്കലും ചിന്തിക്കാത്ത പുതുവഴികൾ തുറന്നുകൊണ്ടായിരിക്കാം അവിടുന്ന് സാമ്പത്തികപ്രശ്‌നം പരിഹരിക്കുന്നത്.

യഥാർത്ഥത്തിൽ ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് അവിടുന്നുതന്നെയാണ്. എല്ലാറ്റിലുമുപരിയായി നാം ദൈവത്തെ സ്‌നേഹിക്കുകയും ദൈവകല്പനകൾ അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും. സമ്പത്ത് നന്മയിലേക്കു കടന്നുവരുന്നത് ക്രിസ്തുവിലൂടെയാണ്. ”നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിയാമല്ലോ? അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻ വേണ്ടിത്തന്നെ” (2 കോറി. 8:9) സന്തോഷം, അഭിവൃദ്ധി, സമാധാനം, ഉയർച്ച ആരോഗ്യമുള്ള ശരീരം തുടങ്ങിയ സമ്പന്നതകളാൽ നമ്മെ നിറയ്ക്കുവാൻ യേശുവിന് കഴിയും.

ഓർക്കേണ്ട ചിലത്
മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് എന്നു ബോധ്യമകുന്നതിന് ഭോഷനായ ധനികന്റെ ഉപമ ക്രിസ്തു പഠിപ്പിച്ചു. നാമർഹിക്കാത്തതും പാപത്തിന്റെ തെറ്റായ വഴികളിലൂടെ സ്വന്തമാക്കുന്നതുമായ സമ്പത്ത് നമ്മുടെ ആത്മീയ തകർച്ചക്ക് കാരണമായി മാറും. ഭീമമായ പലിശയിലൂടെയും കൊള്ളലാഭത്തിലൂടെയും കള്ളക്കേസുകളിലൂടെയും നാം സമ്പന്നരായിത്തീർന്നാലും ആറടിമണ്ണിനപ്പുറത്തേക്ക് സ്വന്തമായി നമുക്കൊന്നുമുണ്ടാവുകയുമില്ല.

സ്വത്തിനുവേണ്ടിയും പറമ്പിനുവേണ്ടിയും സ്വന്തക്കാരും ബന്ധുക്കളുമായി പിണങ്ങിക്കഴിയുന്നവരും കോടതികേസുകളുമായി നടക്കുന്നവരും ഭൗതിക സമ്പത്തിനുവേണ്ടി പരക്കം പായുന്നവരാണ്. എനിക്ക് ഏറ്റവും വിലപ്പെട്ടത് സ്ഥലവും സ്ഥാനമാനങ്ങളുമാണോ അതോ എന്റെ സഹോദരനോ എന്നു ചിന്തിക്കണം.

ഐശ്വര്യത്തിന്റെ വഴി
ദേവാലയത്തിലെ ഭണ്ഡാരത്തിൽ തങ്ങളുടെ സമൃദ്ധിയിൽനിന്ന് വലിയ തുക നിക്ഷേപിച്ച അനേകരെക്കാൾ തനിക്ക് ആകെ ഉണ്ടായിരുന്ന നാണയം നിക്ഷേപിച്ച വിധവയുടെ സമർപ്പണത്തെ യേശു വലുതായി അവതരിപ്പിച്ചെങ്കിൽ എന്തുകൊടുക്കുന്നു എന്നതല്ല കൊടുക്കുന്ന വ്യക്തിയുടെ മനോഭാവമാണ് പ്രധാനപ്പെട്ടത് എന്ന് ഓർക്കാം. ഇന്നും സ്വന്തം സുഖവും സന്തോഷവും മാറ്റിവെച്ച് ദാനം ചെയ്യുന്നവർ ദരിദ്രയായ ആ വിധവയുടെ പിൻതുടർച്ചക്കാരാണ്.

സാമ്പത്തികാഭിവൃദ്ധി പ്രാപിക്കാനുള്ള വഴികളിലൊന്ന് ദശാംശം മാറ്റിവയ്ക്കുക എന്നതാണ്. പരിശുദ്ധാത്മാവിന്റെ ആലോചന അനുസരിച്ച് നാം അത് ചെയ്യുമ്പോൾ ദൈവത്തിന്റെ ഹിതം നിറവേറും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായോ അതിലുപരിയായി സുവിശേഷപ്രവർത്തനങ്ങൾക്കായോ നാം ദശാംശം പങ്കുവയ്ക്കുമ്പോൾ അതിലൂടെ നമ്മളും മറ്റുള്ളവരും അനുഗ്രഹിക്കപ്പെടുന്നു. ”സന്തോഷത്തോടെ ദശാംശം കൊടുക്കുക. അത്യുന്നതൻ നൽകിയപോലെ അവിടുത്തേക്കു തിരികെ കൊടുക്കുക. കഴിവിനൊത്തു ഉദാരമായി കൊടുക്കുക. കർത്താവ് പ്രതിഫലം നൽകുന്നവനാണ്, അവിടുന്ന് ഏഴിരട്ടിയായി തിരികെ തരും” (പ്രഭാ. 35:11-13) എന്ന് വചനം നമുക്ക് ഉറപ്പു നല്കുന്നു.

~ ഷാജൻ ജെ.അറക്കൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles