സന്യസ്തരുടെ നിസ്വാര്‍ത്ഥ സേവനം വിലപ്പെട്ടത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കോട്ടയം: സന്യസ്തരുടെ ആത്മീയ ചൈതന്യവും സ്വയംമറന്നുള്ള സേവനതാത്പര്യത്തോടുകൂടിയ പ്രവർത്തനവുമാണ് കോ ട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിനെ ആതുര ശുശ്രൂഷാരംഗത്ത് ഉന്നതിയിലെത്തിച്ചതെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ മാർ ആലഞ്ചേരി.
മനുഷ്യസമൂഹത്തിനു കാരുണ്യവും സഹായവും ശാന്തിയും സമാധാനവും നൽകുന്നതായിരിക്കണം ആതുര ശുശ്രൂഷ. യേശുവിന്റെ തിരുഹൃദയ സ്നേഹത്തിൽനിന്നു രൂപംകൊണ്ട സമർപ്പിത സമൂഹം കഴിഞ്ഞ അന്പതാണ്ടായി അക്ഷരനഗരിയിൽ നടത്തി വന്ന സേവനം സഭയ്ക്കും സമൂഹത്തിനും വളരെ വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അത്യാധുനിക രീതിയിലേക്ക് ആതുരശുശ്രൂഷ വളർന്നെങ്കിലും മെഡിക്കൽ ഇൻഷ്വറൻസിന്റെ അപര്യാപ്തത മൂലം ചികിത്സാ ചെലവ് പലർക്കും താങ്ങാനാവുന്നില്ലെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മികച്ച സേവനം നടത്തുന്ന സമർപ്പിതരെയും സന്യസ്തരെയും അവഹേളിക്കുന്ന രീതിയിൽ അടുത്ത നാളിലുണ്ടായ പ്രചാരണങ്ങൾ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
എസ്എച്ച് സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസാ തോട്ടുങ്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് സുവർണജൂബിലി സന്ദേശം നൽകി. ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
സ ുവർണ ജൂബിലി സ്മാരക സുവനീറിന്റെ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും മെറിറ്റ് സ്കോളർഷിപ്പ് വിതരണം തോമസ് ചാഴികാടൻ എംപിയും നിർവഹിച്ചു. എസ്എച്ച് മെഡിക്കൽ സെന്റർ ഡയാലിസിസ് ചലഞ്ചിന്റെ ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യുചന്ദ്രൻകുന്നേലും പുതിയ ആംബുലൻസിന്റെ താക്കോൽദാനം എസ്എച്ച് ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ അമല ജോസും നിർവഹിച്ചു.
എൻഎബിഎച്ച് സർട്ടിഫിക്കറ്റ് ആശുപത്രി ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ടിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി. കോട്ടയം നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, വിജയപുരം രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ മഠത്തിപറന്പിൽ, കോട്ടയം ചീഫ് ഇമാം എ.പി. ഷിഫാർ മൗലവി അൽ കൗസരി, കോട്ടയം ലൂർദ് ഫൊറോന വികാരി റവ.ഡോ. ജോസഫ് മണക്കളം, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു പാറയ്ക്കൽ, എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, അസോസിയേറ്റ് ഡയറക്ടർ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എന്നിവർ പ്രസംഗിച്ചു.