സ്വര്‍ഗത്തില്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ യേശു
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ഉയിര്‍പ്പ് ഏഴാം ഞായര്‍ സുവിശേഷ സന്ദേശം
അപ്പസ്‌തോലന്മാര്‍ കണ്ണുമടച്ച് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് വിശ്വസിക്കുകയായിരുന്നില്ല. ഉത്ഥാനം അവരുടെ വ്യക്തിപരമായ അനുഭവമാകാന്‍ യേശു അവരെ അനുവദിച്ചു. ലോകം മുഴുവനു പോയി സുവിശേഷം പ്രസംഗിക്കാന്‍ യേശു അവരോട് കല്പിച്ചു. യഹൂദരില്‍ നിന്നാരംഭിച്ച് എല്ലാവരിലേക്കും പടരുന്ന രക്ഷയാണ് യേശു പദ്ധതിയിട്ടത്. രക്ഷ നേടണമെങ്കില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുക ആവശ്യമാണ്.
ബൈബിള്‍ വായന
മര്‍ക്കോസ് 16. 14 – 20
പിന്നീട് അവര്‍ 11 പേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവന്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു . ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയ കാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി . അവന്‍ അവരോടു പറഞ്ഞു നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും.പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് വരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. കര്‍ത്താവായ യേശു അവരോട് സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സുവിശേഷ വിചിന്തനം
യൂദാസ് മരിച്ചു കഴിഞ്ഞ് ബാക്കിയായ പതിനൊന്ന് അപ്പോസ്തലന്മാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് യേശു വീണ്ടും അവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവരില്‍ തോമസും ഉള്‍പ്പെട്ടിരുന്നു. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റെന്ന്് അപ്പോസത്‌ലന്മാര്‍ മറ്റുള്ളവരില്‍ നിന്ന് കേട്ടിരുന്നു. മേരി മഗ്‌ദേലന, എമ്മാവുസിലേക്ക് പോയ ക്ലെയോഫാസും കുട്ടരും എല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പസ്‌തോലന്മാര്‍ പിന്നെയും വിശ്വസിക്കാന്‍ മടിച്ചു. യേശു ശരീരത്തോടു കൂടി വന്നെങ്കിലേ വിശ്വസിക്കുകയുള്ളൂ എന്ന മനോഭാവം ആയിരുന്നു, ശിഷ്യന്മാര്‍ക്ക്.
കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് യേശു തോമസിനോട് പറയുന്നുണ്ട്. ഈ സന്ദേശം നമുക്കു വേണ്ടിയുള്ളതാണ്. യേശുവിനെ കാണാതെ തന്നെ നാം അവിടുന്നില്‍ വിശ്വസിക്കുന്നതു വഴി നാം ഭാഗ്യപ്പെട്ടവര്‍ ആയിരിക്കുന്നു.
തന്റെ പരസ്യജീവിതകാലത്ത് യേശു, വിജാതീയരോട് ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. (മത്ത 10.5). എന്നാല്‍ ഉത്ഥാനത്തിന് ശേഷം യേശു അവരോട് ആവശ്യപ്പെടുന്നത് ലോകം മുഴുവന്‍ പോയി എല്ലാ രാജ്യങ്ങളോടും, ഭാഷയോ ദേശമോ വംശമോ സാമ്പത്തിക, സാമൂഹിക സ്ഥിതിയോ നോക്കാതെ സുവിശേഷം പ്രസംഗിക്കാനാണ്. സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഇവിടെ യേശു വ്യക്തമാക്കുകയാണ്. ദൈവജനം കര്‍ത്താവിലുള്ള വിശ്വാസത്തില്‍ ഒന്നാകുകയാണ് ചെയ്യുന്നത്.
അപ്പോസ്തലന്മാര്‍ ആദിമ സഭയുടെ പ്രതിനിധികളാണ്. സകല ജനതകളോടും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ദൗത്യം എല്ലാ ക്രിസ്ത്യാനികളും തുടരണം. നമ്മളും ഈ ഉത്തരവാദിത്വത്തില്‍ പങ്കാളികളാണ്. യേശുവിന്റെ സുവിശേഷം അറിയിക്കുക ഒരു ക്രിസ്ത്യാനിയും കടമ ആയിരിക്കുന്നതു പോലെ യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ജ്ഞാനസ്‌നാം സ്വീകരിക്കാന്‍ കടമയുണ്ട്. കത്തോലിക്കാ സഭയുടെ വേദോപദേശത്തില്‍ ജ്ഞാനസ്‌നാനം കൂടാതെ നിത്യസൗഭാഗ്യം നേടാന്‍ മറ്റൊരു മാര്‍ഗം ഇല്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.
യേശുവില്‍ വിശ്വസിക്കാതിരിക്കുന്നതും ജ്ഞാനസ്‌നാനം വഴി അവിടുത്തെ മൗതിക ശരീരമാകുന്ന സഭയില്‍ അംഗമാകാതിരിക്കുന്നതും വരാനിരിക്കുന്ന ജീവിതത്തില്‍ നിത്യവിധിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അപ്പോസ്തലന്മാരെ നിരാകരിക്കുന്ന പട്ടണങ്ങളുടെ അവസ്ഥ സോദോം ഗോമോറയുടേതിനേക്കാള്‍ ഭയാനകം ആയിരിക്കും എന്ന് യേശു പറയുന്നുണ്ട് (മത്താ 10.15).
വിശ്വസിക്കുന്നവരുടെ കൂടെ ചില അടയാളങ്ങള്‍ ഉണ്ടായിരിക്കും എന്നു പറഞ്ഞു കൊണ്ട് യേശു അവ വിവരിക്കുന്നു. സഭയുടെ ആരംഭ ദിനങ്ങള്‍ ആയിരുന്നതിനാലും മതപീഡനങ്ങളുള്ള കാലം ആയിരുന്നതിനാലും പുതിയവരുടെ വിശ്വാസം ആര്‍ജിക്കാനും വിശ്വാസികളെ ശക്തിപ്പെടുത്താനും അത്തരം അടയാളങ്ങള്‍ ആവശ്യമായിരുന്നു. യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കും എന്നതാണ് ഒന്നാമത്തെ അടയാളം. പുതിയ ഭാഷകള്‍ സംസാരിക്കും എന്നതാണ് രണ്ടാമത്തെ അടയാളം. വളരെ കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവരും ഭാഷാപരമായ യാതൊരു മേന്മയും അവകാശപ്പെടാന്‍ ഇല്ലാത്തവരും ആയിരുന്നു അപ്പോസ്തലന്മാര്‍. അവര്‍ വിവിധ രാജ്യങ്ങളില്‍ പോയി സുവിശേഷം പ്രസംഗിക്കും. പെന്തക്കുസ്താ ദിവസം തന്നെ ഈ അടയാളം ദൃശ്യമായി.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. ഇത് നാം അപ്പോസ്‌തോലപ്രവര്‍ത്തനങ്ങളില്‍ തന്നെ വായിക്കുന്നുണ്ട്. മെലിറ്റായില്‍ ആയിരുന്നപ്പോള്‍ തന്റെ കൈയില്‍ ചുറ്റിയ അണലിയില്‍ നിന്ന് പൗലോസ് അത്ഭുതകരമായി രക്ഷപ്പെടുന്നുണ്ട്. (അപ്പ. 28. 3-5). മാരകമായ എന്തു കുടിച്ചാലും അവര്‍ക്ക് ദോഷം സംഭവിക്കുകയില്ല. ബാര്‍സബാസ് വിഷം കുടിച്ചിട്ടും മരണപ്പെടാതിരുന്ന സംഭവം പപ്പിയാസ് വിവരിക്കുന്നുണ്ട്. അതു പോലെ അപ്പോസ്തലനായ യോഹന്നാന്‍ നീറോയുടെ കാലത്ത് മാരക വിഷം കുടിച്ചിട്ടും ജീവിനോടെ ഇരുന്ന സംഭവവും ഉണ്ട്. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും അവര്‍ സുഖം പ്രാപിക്കും. ഇത്തരം സംഭവങ്ങള്‍ നിരവലിധി നാം അപ്പോസ്തല പ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നുണ്ട്.
ഇത് പറഞ്ഞ ശേഷം യേശു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തു. അവിടുന്ന് പിതാവിന്റെ വലത് ഭാഗത്ത് ഇരിക്കുന്നു. യേശുവിന്റെ സ്വര്‍ഗാരോഹണത്തെ കുറിച്ച് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ കുടുതല്‍ വിശദമായ വിവരണം ഉണ്ട്. യേശു സ്വര്‍ഗസ്ഥനായി പിതാവിന്റെ വലതു ഭാഗത്ത് നല്‍ക്കുന്ന ദൃ്ശ്യം വി. സ്റ്റീഫന്‍ കാണുന്നുണ്ട്. (അപ്പ. 7. 55-56). ഉപവിഷ്ടനായിരിക്കുന്നു എന്നതാണ് എങ്കിലും സ്്റ്റീഫന്‍ കാണുന്നത് യേശു എഴുന്നേറ്റു നില്ക്കുന്നതാണ്. സ്റ്റീഫനെ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കാന്‍ യേശു എഴുന്നേറ്റ് നില്‍ക്കുകയാണ്.
ഒരു രാജാവിന്റെ വലത് ഭാഗത്തെ ഇരിപ്പിടം ഉയര്‍ന്ന പദവിയുടെ അടയാളമാണ്. അത് ആ മഹദ്വ്യക്തിയുടെ ശക്തിയിലും പ്രാഭവത്തിലും പങ്കുചേരുന്ന സ്ഥാനമാണ്. യേശു പിതാവിന്റെ വലത് ഭാഗത്ത് ഇരിക്കുമ്പോള്‍ അവിടുന്ന് മറ്റെല്ലാവരെയും കാള്‍ ഉയര്‍ന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്.
ശിഷ്യന്മാര്‍ യേശു കല്പിച്ചതു പോലെ എല്ലായിടത്തും എത്തി യേശുവിന്റെ കല്പന അനുസരിച്ച് സുവിശേഷം പ്രസംഗിച്ചു. യേശുവാകട്ടെ അത്ഭുതങ്ങളാലും അടയാളങ്ങളാലും അവരുടെ വചനം സ്ഥിരീകരിച്ചു കൊണ്ടിരുന്നു.
സന്ദേശം
നമ്മുടെ വിശ്വാസം ശരീരത്തില്‍ ദൈവത്തെ കണ്ടതു കൊണ്ടോ വ്യക്തിപരമായ അനുഭവം കൊണ്ടോ അല്ല, ആശ്രയു പുര്‍ണമായ വിശ്വാസം മൂലമാണ്. നമ്മുടെ മാതാപിതാക്കളില്‍ നാം വിശ്വസിക്കുകയും അവരില്‍ ആശ്രയിക്കുകയും ചെയ്യുന്നതു പോലെ നാം നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തില്‍ വിശ്വസിക്കുന്നു.
നമ്മുടെ കാലഘട്ടത്തിലും ചുറ്റുപാടും നാം യേശുവിന്റെ പ്രേഷിതരാണ്. അപ്പോസ്തലന്മാരെ ഭരമേല്‍പിച്ച ദൗത്യം നമ്മള്‍ ഓരോരുത്തരുടേതുമാണ്.
ദൈവത്തെ ഉപേക്ഷിച്ച് ജീവിതം ആസ്വദിക്കുന്നവര്‍ ദൈവം അവര്‍ക്കായി ഒരുക്കിയിരിക്കുന്ന നന്മകളെല്ലാം നിഷേധിക്കുന്നവരാണ്. ദൈവത്തെയും അവിടുത്തെ സഭയെയും നിഷേധിക്കുന്നത് ഗൗരവമുള്ള പാപമാണ്.
നമ്മുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. പലപ്പോഴും നാം പോലും അറിയാതെ അനേകം അപകടങ്ങളില്‍ നിന്ന് ദൈവം നമ്മെ കാത്തു രക്ഷിച്ചിട്ടുണ്ട് എന്നറിയുക.
തന്റെ ദൗത്യം പരിപൂര്‍ണമാക്കിയ യേശു പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. അതു പോലെ നമ്മുടെ ദൗത്യവും നാം പൂര്‍ത്തിയാക്കണം. അപ്പോള്‍ നമ്മുടെ മരണം സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമായി മാറും.
യേശുവിന്റെ ദൗത്യം നാം തുടരുമ്പോള്‍ നമുക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ല. യേശു പഠിപ്പിച്ചതു പോലെ, ‘ഞങ്ങള്‍ പ്രയോജനമില്ലാത്ത സേവകരാണ്. ഞങ്ങള്‍ കടമ നിര്‍വഹിച്ചതേയുള്ളൂ (ലൂക്ക 17.10) എന്ന മനോഭാവമാണ് നമുക്ക് വേണ്ടത്. എന്നാല്‍ നമ്മുടെ സദ്പ്രവര്‍ത്തികളില്‍ ഒന്നു പോലും സ്വര്‍ഗത്തില്‍ പ്രതിഫലം ലഭിക്കാതെ പോകുകയില്ല.
പ്രാര്‍ത്ഥന
യേശു നാഥാ,
ഉത്ഥാനം ചെയ്ത ശേഷം സ്വര്‍ഗത്തിലേക്കുയര്‍ന്നു ദൈവപിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന അങ്ങയുടെ കൃപയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയാല്‍ ഞങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള കൃപ നല്‍കിയരുളണമേ. സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ മിഴികള്‍ തുറന്നു തരണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.