നിങ്ങളുടെ ഹൃദയം നല്ല നിലമാണോ? (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ഏലിയാക്കാലം രണ്ടാം ഞായർ സുവിശേഷ സന്ദേശം
ദൈവവചനം കേൾവിക്കാർ ഏത് മനോഭാവത്തോടെ സ്വീകരിക്കുന്നു എന്നതിനെ കുറിച്ചാണ് യേശു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ വ്യക്തമാക്കുന്നത്. വിതക്കാരനായിട്ടാണ് യേശു എത്തുന്നത്. വിത്തു വിതയ്ക്കുന്ന ദൗത്യം തുടരാൻ യേശു ശിഷന്മാരെ ഏൽപിക്കുന്നു. കേൾവിക്കാരുടെ നിഷേധാത്മക മനോഭാവവും പീഡനങ്ങളെ കുറിച്ചുള്ള ഭയവും അവരെ നിരാശപ്പെടുത്തരുത്. നല്ല ഹൃദയങ്ങൾ സമൃദ്ധമായി ഫലം പുറപ്പെടുവിക്കും. നൂറു മേനി വരെ ഫലം പുറപ്പെടുവിക്കും. ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ വളർന്ന് ഏറെ ഫലം പുറപ്പെടുവിക്കാൻ നമുക്ക് കടമയുണ്ട്.
ഇന്നത്തെ സുവിശേഷ വായന
മത്തായി 13: 1 – 9, 18 – 23
“അന്നുതന്നെ യേശു ഭവനത്തിൽ നിന്നു പുറത്തുവന്ന്, കടൽത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവൻ ഒരു തോണിയിൽക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവൻ തീരത്തു നിന്നു. അപ്പോൾ അവൻ വളരെക്കാര്യങ്ങൾ ഉപമകൾവഴി അവരോടു പറഞ്ഞു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. അവൻ വിതച്ചപ്പോൾ വിത്തുകളിൽ കുറെ വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേൽ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നൽകി. ചെവിയുള്ളവൻകേൾക്കട്ടെ. അതിനാൽ, വിതക്കാരന്റെ ഉപമ നിങ്ങൾ കേട്ടുകൊള്ളുവിൻ: രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനിൽനിന്ന്, അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് ദുഷ്ടൻ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്.21 വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നിൽ വേരില്ലാത്തതിനാൽ അൽപനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള് തത്ക്ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്. ഒരുവൻ വചനം ശ്രവിക്കുന്നു; എന്നാൽ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകർഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയിൽ വീണ വിത്ത്. വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവൻ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.”
സുവിശേഷ വിചിന്തനം
പ്രതീകാത്മകമായ അർത്ഥത്തിൽ യേശും അവിടുത്തെ പാത പിൻതുടർന്ന് വചനം പ്രസംഗീക്കുന്നവരുമാണ് സുവിശേഷത്തിലെ വിതക്കാരൻ. സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന യേശു ഈ ലോകമാകുന്ന വയലിൽ പലതരത്തിലുള്ള കേൾവിക്കാരോട് വചനം പ്രസംഗിക്കുന്നു. വിത്ത് ദൈവ വചനമാണ്. മണ്ണ് മനുഷ്യരുടെ ഹൃദയങ്ങളും. വഴിയരികിലുള്ള മണ്ണും പാറപ്പുറത്തെ മണ്ണും മുൾച്ചെടികൾക്കിടയിലുള്ള മണ്ണും എല്ലാം വ്യത്യസ്ഥമായിരിക്കുന്നതു പോലെ മനുഷ്യഹൃദയങ്ങളും വ്യത്യസ്ഥമാണ്. ഓരോ തരം മണ്ണിലും വിതക്കാരൻ വിത്ത് വിതയ്ക്കുന്നു. ഒരേ വി്്ത്ത് തന്നെയാണ് വിതയിക്കുന്നതെങ്കിലും ഫലം മണ്ണിന്റെ സ്വഭാവം അഥവാ മനുഷ്യഹൃദയത്തിന്റെ സ്വഭാവം ആശ്രയിച്ചിരിക്കും.
ഭാവിയിൽ സഭയ്ക്ക് ഉണ്ടാകാനിരിക്കുന്ന വളർച്ചയെ സൂചിപ്പിക്കാനാണ് യേശു വിതക്കാരന്റെ ഉപമ അവതരിപ്പിക്കുന്നത്. മോശ യഥാർത്ഥത്തിൽ പഠിപ്പിച്ച കാര്യങ്ങളെ ആസ്പദമാക്കിയാണ് യേശു സംസാരിച്ചത്. പിന്നീട് വന്ന യഹൂദഗുരുക്കന്മാർ മോശയുടെ പഠനങ്ങളിൽ വെള്ളം ചേർക്കുകയും വളച്ചൊടിക്കുകയും ചെയ്തു. അതിനാൽ യേശു അത്തരം കളകളെ നീക്കുകയും നല്ല വിത്ത് വീണ്ടും വിതയ്ക്കുകയും ചെയ്തു.
യേശുവിന്റെ കാലത്തുള്ള കാർഷികരീതികളെ അടിസ്ഥാനമാക്കിയാണ് യേശു സംസാരിച്ചത്. അക്കാലത്ത് വഴിയെന്നോ പാറയെന്നോ മുൾപ്പടർപ്പ് എന്നോ വേർതിരിക്കാതെയായിരുന്നു കർഷകർ വിത്ത് വിതച്ചിരുന്നത്. പല തരത്തിലുള്ള ആൾക്കാർ എപ്രകാരമാണ് ദൈവ വചനമാകുന്ന വിത്തിനെ സ്വീകരിക്കുന്നത് യേശു ഇവിടെ സൂചിപ്പിക്കുകയാണ്.
ചില വിത്തുകൾ വീണത് വഴിയരികിലാണ്. ദൈവ വചനം സ്വീകരിക്കാൻ ഒരുങ്ങാത്തവരാണ് ഇക്കൂട്ടർ. കേട്ടിട്ടും അവർ അത് മനസ്സിലാക്കുന്നില്ല. പക്ഷികൾ വന്ന് വഴിയരികിൽ വീണ വിത്തുകൾ കൊത്തി തിന്നുന്ന അനുഭവം ഇസ്രായേലിലെ കർഷകർക്ക് പരിചിതമാണ്. അതു പോലെ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവർ വിത്തിനെ ചവിട്ടിക്കൂട്ടുകയും ചെയ്യും. ഹവ്വയ്ക്ക് സംഭവിച്ചത് ഇതാണ്. അവൾ ദൈവത്തിന്റെ വചനം കേട്ടിരുന്നുവെങ്കിലും അവളുടെ ഹൃദയത്തിൽ നിന്ന് പിശാച് വചനം എടുത്തു മാറ്റുകും അവൾ പാപം ചെയ്യുകയും ചെയ്തു.
മറ്റു ചില വിത്തുകൾ മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. അതിവേഗം അവ മുളച്ചു പൊന്തിയെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ സൂര്യപ്രകാശം താങ്ങാനാവാതെ അവ വാടിപ്പോയി. ദൈവ വചനം കേട്ടയുടനെ അത് ്സ്വീകരിക്കുന്നവരാണ് ഇക്കൂട്ടർ. എന്നാൽ ഉള്ളിൽ വേരിറങ്ങാത്തതിനാൽ അവ നശിച്ചു പോകുന്നു. ദൈവ വചനത്തെ പ്രതി എതിർപ്പുകളും പീഡനങ്ങളും ഉണ്ടാകുമ്പോൾ അവർ വചനത്തെ ഉപേക്ഷിക്കുന്നു.
ചില വിത്തുകൾ മുൾച്ചെടികൾക്കിടയിലാണ് വീണത്. ദൈവ വചനം കേൾക്കുമ്പോൾ അതിവേഗം അത് സ്വീകരിക്കുകയും എന്നാൽ ലൗകികമോഹങ്ങളിൽ പെട്ട് വചനം ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. സോളമന്റെ ജീവിതം ഇതിനൊരു ഉദാഹരണമാണ്. ദൈവം സോളമനെ ജ്ഞാനവും സമ്പത്തും എല്ലാം നൽകി അനുഗ്രഹിച്ചു. എന്നാൽ അയാൾ വിജാതീയ സ്ത്രീകളെ ഭാര്യമാരാക്കുകയും അവരുടെ ദേവന്മാരെ ആരാധിക്കുകയും ചെയ്തു. വിഗ്രഹാരാധ വളർന്നു വന്ന് മുൾച്ചെടികളെ പോലെ സോളമന്റെ ദൈവവിശ്വാസത്തെ ശ്വാസം മുട്ടിച്ചു.
എന്നാൽ നല്ല നിലത്തു വീണ വിത്തുകൾ മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും വിളവു നൽകി. ദൈവ വചനം കേൾക്കുകയും മനസ്സിലാക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ.
സന്ദേശം
യേശു ഒരു പൊതു സ്ഥലത്ത് ചെല്ലുകയും അവിടെ വച്ച് വചനം പ്രഘോഷിക്കുകയും ചെയ്തു. അവിടുത്തെ പ്രഭോഷണം കേൾക്കാൻ ജനം തിങ്ങിക്കൂടി. ഇത് നമുക്കൊരു സന്ദേശം നൽകുന്നുണ്ട്. നമ്മുടെ കുടുംബപ്രാർത്ഥന കൂടാതെ നാം ദേവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പോയി വചനം ശ്രവിക്കണം എന്നാണ് ആ സന്ദേശം.
മണ്ണിന്റെ അവസ്ഥയ്ക്കനുസരിച്ച് കൃഷിയുടെ ഫലവും വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ ഹൃദയം ഏതു തലത്തിലുള്ള നിലമാണെന്ന് നമുക്ക് പരിശോധിക്കാം. ഫലഭൂയിഷ്ടമാക്കാൻ നമുക്ക് ശ്രമിക്കാം.
വഴിയരുക് നമ്മുടെ ഹൃദയകാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവ വചനം കേൾക്കുമ്പോൾ മറ്റുള്ള കാര്യങ്ങളാൽ നാം വ്യഗ്രചിത്തരാണോ എന്ന് പരിശോധിക്കുക.
തെറ്റായ സിദ്ധാന്തങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളും നമ്മുടെ ഹൃദയത്തെ ബാധിക്കുന്നുണ്ടോ?
ധ്യാനകേന്ദ്രങ്ങളിലും മറ്റ് പ്രഭാഷണങ്ങളിലും നാം ശ്രവിക്കുന്നത് താല്ക്കാലികമായ ഫലം മാത്രമേ നമ്മിൽ ഉളവാക്കുന്നുള്ളോ? നാം നമ്മുടെ വിശ്വാസം യേശുവാകുന്ന പാറിയിലാണ് സ്ഥാപിക്കേണ്ടത്. പ്രയാസങ്ങളും പീഡനങ്ങളും ദൈവത്തോടുള്ള നമ്മുടെ ഉടമ്പടിയെ നശിപ്പിക്കാൻ അനുവദിക്കരുത്.
പ്രാർത്ഥന
ദൈവ വചനമായ യേശുനാഥാ,
അവിടുത്തെ വചനം ദിവ്യബലിമധ്യേയും ധ്യാനപ്രസംഗങ്ങളിലും കേൾക്കുമ്പോൾ വചനം കേട്ട ശേഷം അത് തള്ളിക്കളയുന്നവരാകാതെ വചനം ശ്രവിച്ച് അത് ഹൃദയത്തിൽ സംഗ്രഹിച്ച് നല്ല ഫലം പുറപ്പെടുവിക്കുന്നവരാകാൻ കൃപയരുളണമേ. വചനത്തെ ഞെരുക്കികളയുന്ന, ഞങ്ങളുടെ മനസ്സിലുള്ള ലൗകിക വ്യഗ്രതയെയും ലോക മോഹങ്ങളെയും നീക്കിക്കളയണമേ. ഞങ്ങളുടെ ഹൃദയങ്ങൾ നല്ല നിലങ്ങൾ പോലെയാക്കണമേ. അങ്ങേയ്ക്കായി നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിക്കുന്നവരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.