ആമസോണിന്റെ സംരക്ഷണത്തിന് ആഹ്വാനവുമായി മാർപാപ്പ
വത്തിക്കാൻസിറ്റി: ആമസോൺ തടത്തിനു പാരിസ്ഥിതിക സംരക്ഷണവും അവിടത്തെ ജനതയ്ക്കു സാമൂഹ്യനീതിയും ഉറപ്പുവരുത്താനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ആ മേഖലയിലെ മെത്രാന്മാരുടെ സിനഡിനുശേഷം പുറപ്പെടുവിച്ച അപ്പസ്തോലിക ഉദ്ബോധനത്തിലാണ് ഈ ആഹ്വാനം.
ആമസോണിലെ സുവിശേഷവത്കരണ ദൗത്യത്തിൽ അല്മായർക്കു സവിശേഷ പങ്ക് വഹിക്കാനാകുമെന്നും മാർപാപ്പ പറഞ്ഞു. ഈ മേഖലയിൽ വൈദിക ദൗർലഭ്യം കണക്കാക്കി വിവാഹിതർക്കു പൗരോഹിത്യം നൽകണമെന്നു ചില കേന്ദ്രങ്ങളിൽനിന്നുയർന്ന ആവശ്യം മാർപാപ്പ സ്വീകരിച്ചില്ല.
ക്വെറീദ ആമസോണിയ (പ്രിയ ആമസോൺ) എന്ന സിനഡനന്തര ഉദ്ബോധന രേഖ നാല് അധ്യായങ്ങളായാണു തിരിച്ചിരിക്കുന്നത്. ആമസോൺ മേഖലയിലെ സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക വിഷയങ്ങളെപ്പറ്റിയുള്ള തന്റെ സ്വപ്നവും കാഴ്ചപ്പാടുമാണ് ആദ്യ മൂന്ന് അധ്യായങ്ങളിൽ മാർപാപ്പ അവതരിപ്പിക്കുന്നത്. ആമസോണിൽ കത്തോലിക്കാസഭയുടെ പങ്ക് എന്ന അവസാന അധ്യായത്തിൽ വിവാദവിഷയങ്ങളൊന്നും അദ്ദേഹം പരാമർശിച്ചില്ല. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സിനഡ് വിവാഹിതർക്കു പൗരോഹിത്യം നൽകുന്ന വിഷയവും അജൻഡയിൽപ്പെടുത്തിയിരുന്നു.
എന്നാൽ, ഉദ്ബോധന രേഖയിൽ അതേപ്പറ്റി പറയുന്നില്ല. പകരം, വിശുദ്ധ കുർബാനയർപ്പണം മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതരം ദൗത്യമല്ലെന്നു മാർപാപ്പ എടുത്തുപറഞ്ഞു. അല്മായരും സന്യാസിനിമാരും സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കണമെന്നു മാർപാപ്പ ആഹ്വാനംചെയ്തു. വിവാഹിതർക്കു പൗരോഹിത്യം നൽകുന്നതിനെപ്പറ്റിയുള്ള ഹിതപരിശോധനാവേദിയായി സിനഡിനെ ചിത്രീകരിച്ചവർക്കുള്ള മറുപടിയാണ് ഈ ഉദ്ബോധന രേഖയെന്നു വത്തിക്കാൻ വക്താവ് ആൻഡ്രിയ ടോറിയെള്ളി പറഞ്ഞു. ഈ രേഖ അതിന്റെ പൂർണതയിൽ വായിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.