സാന്തോം പാസ്റ്റര്‍ സെന്ററിന്റെ രജതജൂബിലി ആഘോഷിച്ചു
റോം: റോമിലെ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സ്ഥാപിതമായിരിക്കുന്ന സാന്തോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ റോമിലെ പ്രമുഖ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ദിവിനോ അമോരെയില് വിവിധ പരിപാടികളോടെ നടന്നു.
രാവിലെ 10.30 ന് ജൂബിലി ആഘോഷങ്ങളുടെ വിശിഷ്ടാതിഥികളായ സീറോ മലബാര്‍ സഭയിലെ 51 മെത്രാന്മാര്ക്ക് സ്വീകരണം നല്കി. തുടര്‍ന്ന് 11 ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്കി.
വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര് കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ജൂബിലി സമ്മേളനം, ഓറിയന്റല്‍ കോണ്ഗ്രിഗേഷന് സെക്രട്ടറി മാര്‍ സിറില്‍ വാസില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.
സീറോ മലബാര്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആയിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമനയുടെ കാലത്ത് റോമിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി റോമാ വികാരിയത്തില്നിന്നും ഒരു വൈദികനെ ഔദ്യോഗികമായി നിയോഗിച്ചിരുന്നു.
1994 ഡിസംബര്‍ 11 ന് ആദ്യത്തെ ദിവ്യബലി അര്‍പ്പണത്തോടെ ആരംഭം കുറിച്ചതാണ് ഈ പാസ്റ്ററല്‍ സെന്റർ. ഈശോ സഭാംഗമായ ഫാ. ജോര്‍ജ് നെടുങ്ങാട്ട് ഈ ഇടവകയുടെ ആദ്യവികാരി. ഇപ്പോള്‍ 6,000 ലധികം വിശ്വാസികളുള്ള സാന്തോം ഇടവകയുടെ കീഴില്‍ 10 സെന്ററുകളിലായി ഞായറാഴ്ചകളില്‍ ബലിയര്‍പ്പണം നടക്കുന്നു. ഫാ. ചെറിയാന് വാരികാട്ട് ഇടവക വികാരിയായും ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. സനല്‍ മാളിയേക്കല്‍ എന്നിവര്‍ അജപാലന സഹകാരികളായും ഇവിടെ സേവനം ചെയ്യുന്നു. നിലവില്‍ ജോബി പുതുശേരി പാരിഷ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായും ബേബി കോയിക്കല്‍, ജോമോന് പാരിക്കാപ്പിള്ളി, തോമസ് ഉപ്പിണി, ജെയ്ന്‍ തട്ടാപറമ്പില്‍ എന്നിവര്‍ കൈക്കാരന്മാരായും പ്രവര്‍ത്തിക്കുന്നു.