വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്ന് താഴെ ഇറക്കുക!

~ അഭിലാഷ് ഫ്രേസര്‍ ~
അനേകം വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ. വിശുദ്ധരുടെ പേരില്‍ നൊവേനകള്‍ക്കും പെരുനാളുകള്‍ക്കും നല്ല ഡിമാന്‍ഡുമുണ്ട് കത്തോലിക്കാ പള്ളികളില്‍. ചില വിശുദ്ധരുടെ ജനപ്രിയത്വം ഉപയോഗിച്ച് പള്ളികള്‍ കൊട്ടാരങ്ങളാക്കാനുള്ള സമ്പത്ത് സൃഷ്ടിക്കുന്ന പ്രവണതയും പൊതുവായി കണ്ടു വരുന്നു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളും ഈ വിശുദ്ധരും തമ്മില്‍ നിലനില്‍ക്കുന്ന അകലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഒരു ചില്ലുപാളിയുടെ അകലം. വിശുദ്ധന് അകത്തും നമ്മള് പുറത്തും. രൂപക്കൂട്ടിലേക്ക് ഈ വിശുദ്ധരെ ഒതുക്കി നിര്‍ത്താനാണ് പലര്‍ക്കും താല്പര്യം. അഭയം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥന കേട്ട് മറുത്തൊരു വാക്കു പറയാതെ, ഒന്നും ചോദ്യം ചെയ്യാതെ ആ കൂട്ടിനകത്ത് ഇരിക്കുന്ന വിശുദ്ധരെയാണ് ഭക്തര്‍ക്കും പ്രിയം. സത്യത്തില്‍ ഈ വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്നും ഇറക്കേണ്ട കാലം അതിക്രമിച്ചിട്ടില്ലേ?
ഈ രൂപക്കൂട്ടിനു മുന്നില്‍ നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിക്കുന്ന എത്ര പേര് എനിക്കു പരീക്ഷ പാസാകണമെന്നല്ലാതെ, എന്റെ മകളുടെ വിവാഹം നടക്കണമെന്നല്ലാതെ, എന്റെ വീടുപണി പൂര്‍ത്തിയാകണമെന്നല്ലാതെ ആ വിശുദ്ധ ജീവിത രീതിയെ കുറിച്ച്, സഹിച്ച യാതനകളെ കുറിച്ച്, അദ്ദേഹം യേശുവിനെ പിന്തുടര്‍ന്ന വഴികളെ കുറിച്ച് അറിയാനോ ധ്യാനിക്കാനോ ശ്രമിക്കുന്നുണ്ട്?
ഓരോ വിശുദ്ധരും ഓരോ ചൈതന്യമാണ്. അനുകരണീയമായ ഒരു ജീവിത ശൈലിയാണ്. ഓരോ വിശുദ്ധ ജീവിതവും ആഴമായ ധ്യാനം ആവശ്യപ്പെടുന്നു. വി. ഫ്രാന്‍സിസ് അസ്സീസിയെ ധ്യാനിക്കുമ്പോള്‍ അനുപമമായ ആത്മപരിത്യാഗവും ദാരിദ്ര്യവുമാണ് നാം ധ്യാനിക്കേണ്ടത്. വി. കൊച്ചുത്രേസ്യയെ ധ്യാനിക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും ദൈവസ്നേഹത്തെ പ്രതി നിര്‍വഹിച്ച് പൂര്‍ണത വരുത്തുന്നതിനെ കുറിച്ചാണ് നാം ശ്രദ്ധിക്കേണ്ടത്. വി. യൗസേപ്പിതാവിന്റേത് നീതിപൂര്‍വമായ നിശബ്ദതയാണ്. വി. അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവത്തെ സ്നേഹിച്ച ഹൃദയമാണ്.
വി. അന്തോണീസിന്റെ ദേവാലയങ്ങള്‍ക്കു മുന്നില്‍ അന്തമില്ലാത്ത നിരയാണ്. അദ്ഭുതപ്രവര്‍ത്തകന്‍ എന്നാണ് നാം അദ്ദേഹത്തെ വാഴ്ത്തുന്നത്. അദ്ദേഹം വെറും അത്ഭുതപ്രവര്ത്തകന് മാത്രം ആയിരുന്നോ? അതിനുപരി എന്തൊക്കെ ആയിരുന്നു, വിശുദ്ധ അന്തോണീസ്! ജീവനില്‍ പേടിയില്ലാതെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച അന്തോണീസിനെ എത്ര പേര്‍ക്കറിയാം? ഫ്രാന്‍സിസ്കനായിരുന്ന അദ്ദേഹത്തിന്റെ ദാരിദ്ര്യ സ്നേഹത്തെ കുറിച്ച് അറിയാന്‍ നൊവേനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്ന എത്ര പേര്‍ക്ക് താല്പര്യമുണ്ട്?
വിശുദ്ധരെ ഇനി നാം രൂപക്കൂട്ടില്‍ നിന്നും പുറത്തിറക്കണം. അവിടെ ചില്ലുകൂട്ടിനുള്ളില്‍ നിശബ്ദരാക്കി ഇരുത്താനുള്ള നിര്‍ജീവ രൂപങ്ങളല്ല, അവര്‍. അവര്‍ നമ്മോടൊപ്പം ഓരോ നിമിഷവും ജീവിക്കാനുള്ളവരാണ്. നമുക്കു മുന്‍പേ ക്രിസ്തുവിനെ അനുകരിച്ച് നടന്നു പോയവരാണ്. അവര്‍ നടന്നു പോയ വഴികളിലെ കാലടികള്‍ നോക്കി നടക്കാനാണ് നമ്മുടെ വിളി. നാം വിശുദ്ധരുടെ കൂടെ നടക്കുകയും വിശുദ്ധര്‍ സുഹൃത്തുക്കളെ പോലെ നമ്മുടെ കൂടെ നടക്കുകയും വേണം.
വിശുദ്ധരെ ഉപകാരസ്മരണാ രൂപങ്ങളാക്കി മാത്രം ഒതുക്കുന്നതു കൊണ്ടാണ് നമ്മുടെ നൊവേനകള്‍ മൃതമാകുന്നത്. വിശുദ്ധരുടെ തിരുനാളുകള്‍ വെറും കോഴി നേര്‍ച്ച മാത്രമായൊക്കെ ചെറുതാകുന്നത്. നേര്‍ച്ച നേരുക, അത് കൊടുക്കാതിരുന്നാല്‍ പുണ്യാളന് ശിക്ഷിക്കും! ഇത്രയേയുള്ളൂ നമുക്കു പലര്‍ക്കും വിശുദ്ധരുമായുള്ള ബന്ധം. ഈ നേര്ച്ചശിക്ഷാ ബന്ധത്തില്‍ നിന്നും സത്യമായും കര കയറുന്നില്ലെങ്കില് നമ്മുടെ വിശ്വാസവും ഭക്തിയുമൊക്കെ ക്രിസ്തീയം പോലുമാകില്ല! നേര്‍ച്ചകള്‍ക്കുപ്പുറത്തേക്കു നാം പോയേ തീരൂ.
വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മില്‍ പകരുന്ന അരൂപി ഏതാണ്? ക്രിസ്തുവിനു വേണ്ടിയുള്ള ആവേശമാണോ ഉണരുന്നത്? ദാരിദ്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, സ്വന്തം ഉടുവസ്ത്രം പോലും വേണ്ടെന്നു വച്ച ഫ്രാന്‍സിസ് അസീസ്സിയോട് എനിക്കു സാമ്പത്തിക ഉന്നമനം ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ഫലിതകരമായി എന്തുണ്ട്?
അസാധാരണ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരിലാണ് നമുക്കു കമ്പം. ഒരു വിരോധാഭാസം നോക്കൂ! ആധുനിക കാലത്തെ ഏറ്റവും വലിയ വിശുദ്ധ എന്നു വാഴ്ത്തപ്പെടുന്ന വി. കൊച്ചു ത്രേസ്യ ജീവിത കാലത്ത് ഒരത്ഭുതവും ചെയ്തില്ലെന്നോര്‍ക്കുക. ജനങ്ങള്‍ക്ക് എടുത്തു പറയാവുന്ന അസാധാരണായ ഒരു പ്രവര്‍ത്തിയും ചെയ്തില്ല. എന്നിട്ടും മനുഷ്യരുടെ കണ്ണില്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്ത എല്ലാ വിശുദ്ധരെയും കാള്‍ കൊച്ചുത്രേസ്യ വലുതായി. ഇത് ഒരു പാഠമാണ്. അസാധാരണത്വമോ അത്ഭുതപ്രവര്‍ത്തിയോ അല്ല നാം വിശുദ്ധരില്‍ അന്വേഷിക്കേണത്. അവര്‍ ക്രിസ്തുവിനെ അനുഗമിച്ച രീതിയാണ്. എത്ര സമര്‍പ്പണത്തോടെ, എത്ര സ്നേഹത്തോടെ അവര്‍ ക്രിസ്തുവിനെ പിന്‍ചെന്നു? അതാണ് വിശുദ്ധിയുടെ അളവുകോല്‍. ഇതു തന്നെയാണ് വിശുദ്ധരോടുള്ള ഭക്തിയില്‍ നമ്മെയും വിധിക്കുന്ന അളവുകോല്‍. എത്ര രൂപക്കൂടുകള്‍ തൊട്ടു മുത്തി, എത്ര നൊവേനകളില്‍ പങ്കെടുത്തു എന്നല്ല, എത്ര സ്നേഹത്തോടെ ആ വിശുദ്ധ ജീവിത ചൈതന്യം ധ്യാനിച്ച് അവയെ പിന്തുടര്ന്നു എന്നാണ്.
.