ഇന്നത്തെ വിശുദ്ധന്: സീലോസിലെ വി. ഡോമിനിക്ക്
December 20 – സീലോസിലെ വി. ഡോമിനിക്ക്
ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ് എന്ന സ്ഥലത്താണ് ജനിച്ചത്. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന് അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന് ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യന്‍ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. അദ്ദേഹം ആശ്രമത്തില്‍ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിര്‍മ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്മാരായ പകര്‍ത്തിയെഴുത്തുകാര്‍ക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു.
സ്പെയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഡൊമിനിക്ക് മൂറുകളുടെ അടിമത്വത്തില്‍ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഡൊമിനിക്കന്‍ സഭയുടെ (Preachers) സ്ഥാപകനായ ഡൊമിനിക്ക് ഡി ഗുസ്മാന്റെ ജന്മസ്ഥലമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ ദേവാലയം വളരെയേറെ പ്രസിദ്ധമായിതീര്‍ന്നു. വിശുദ്ധന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അതിന്‍ഫലമായി ഡൊമിനിക്ക് ഡി ഗുസ്മാന് ജനിക്കുകയും ചെയ്തു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്.
സീലോസിലെ വി. ഡോമിനിക്ക്, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.