വിശുദ്ധ അന്ന – മാതൃത്വത്തിന്റെ മദ്ധ്യസ്ഥ
പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓര്‍മ്മത്തിരുനാള്‍ കത്തോലിക്കാ സഭ ആചരിക്കുന്ന ദിവസമാണ് ജൂലൈ 26. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെയും ജീവിതകഥ. ഇരുവര്‍ക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. ഇക്കാരണത്താല്‍ അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്‌നമുള്ളവരുടേയും മദ്ധ്യസ്ഥയാണ് വി. അന്ന.
നസ്രത്തിലെ സമ്പന്നരായ ദമ്പതികളായിരുന്നു വി. ജൊവാക്കിമും അന്നയും. കൃഷിയും ആടുവളര്‍ത്തലും ഒക്കെയുണ്ടായിരുന്നവര്‍. ദൈവഭക്തര്‍. പാവങ്ങളെ ധാരാളം സഹായിച്ചിരുന്നവര്‍. അന്ന ജനിച്ചത് ബെത്‌ലഹേമിലാണ്. വിവാഹശേഷമാണ് നസ്രത്തില്‍ താമസിച്ചത്. അന്നയ്ക്ക് 24-ഉം ജൊവാക്കിമിന് 42-ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. ഭക്തരും നീതിഷ്ഠരുമായ അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. 20 വര്‍ഷം കഴിഞ്ഞപ്പോഴേക്കും പരിഹാസവും നിന്ദനവും പാരമ്യത്തിലെത്തി. ഇത് സഹിക്കാനാവാതെ ജൊവാക്കിം ഉപവാസത്തിനും പരിത്യാഗപ്രവര്‍ത്തികള്‍ക്കുമായി ഹെര്‍മ്മോണ്‍ മലയിലേയ്ക്കു പോയി. അന്നയെ ഉപേക്ഷിച്ചുവെന്നാണ് പരിചാരകര്‍ പോലും പരിഹസിച്ചത്. അന്ന വീട്ടില്‍ വേദനയോടെ കാത്തിരുന്നു പ്രാര്‍ത്ഥിച്ചു.
ഒരു ദിവസം ഗബ്രിയേല്‍ മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു. അവള്‍ക്ക് ഒരു പുത്രി ജനിക്കാന്‍ പോകുന്നുവെന്നും ഹെര്‍മ്മോണ്‍ മലയിലേയ്ക്കു പോയ ഭര്‍ത്താവ് മടങ്ങിവരുമെന്നും പറഞ്ഞു. ജറുസലേം ദേവാലയത്തിലെത്തി ദൈവത്തിനു നന്ദി പറയുക. അവിടുത്തെ സുവര്‍ണ്ണകവാടത്തില്‍ വച്ച് ജൊവാക്കിമിനെ തിരിച്ചുകിട്ടുമെന്നും മാലാഖ പറഞ്ഞു. സന്തോഷത്തോടെ അന്ന ദേവാലയത്തിലേയ്ക്കു പോയി. അവിടെവച്ച് മാലാഖ പറഞ്ഞതുപോലെ സംഭവിച്ചു. ജൊവാക്കിമും അന്നയും നസ്രത്തിലേയ്ക്കു മടങ്ങി. വൈകാതെ അവര്‍ക്കൊരു പുത്രി ജനിച്ചു. അവര്‍ അവളെ മറിയം എന്നു വിളിച്ചു.
ദൈവമാതാവാകുവാനുള്ള വിളിക്കുള്ള ‘ശരി’ എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്ക് ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു. ഈ അമ്മയുടെ ജീവിതം നല്‍കുന്ന സന്ദേശം ഇതാണ്, അമ്മ എന്ന പദം ഒരു തലമുറയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കുടുംബത്തില്‍ അമ്മമാരുടെ പ്രാധാന്യവും സ്വാധീനവും വരുംതലമുറകളുടെ മേല്‍ വളരെ വലുതാണ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.