ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു.

1. ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം
ദൈവം എങ്ങനെ മനുഷ്യരൂപമെടുത്തു എന്ന മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു.

തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ്‌ അവന്‍ (ഹെബ്രാ. 4:15).

2. ഈശോയുടെ ഹൃദയം; സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം
ഈശോയുടെ തിരുഹൃദയം സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയമാണ്. മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയം. ഞാൻ മാത്രമേ ഈ ഭൂമിയിലുള്ളൂ എന്ന നിലയിൽ ഓരോരുത്തരെയും വ്യക്തിപരമായി അവൻ സ്നേഹിക്കുന്നു. ഈശോ എനിക്കുവേണ്ടി മാത്രം രക്ഷണീയകർമ്മം നിർവ്വഹിച്ചു എന്നതിലാണ് ഈശോയുടെ സ്നേഹം നമ്മൾ അറിയുന്നത്.

ഈശോയുടെ ഹൃദയം വീണ്ടുംവീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നത്, നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കണം: “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത്‌ ലോകത്തെ ശിക്ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്‌” (യോഹ. 3:16-17). നമ്മുടെ ബലഹീനതകളുടെയും പരാജയങ്ങളുടെയും നിമിഷങ്ങളിൽ നിരുത്സരരാകാനും പ്രതീക്ഷ നഷ്ടപ്പെടാനും എളുപ്പമാണ്. ജീവിതത്തിന്റെ പരിത്യക്താവസരങ്ങളിൽ ദൈവത്തോട് നമ്മൾപരിതപിക്കുന്നു. ഈ അവസരങ്ങളിൽ നമ്മളെ സ്നേഹാർദ്രതയോടെ മാത്രം വീക്ഷിക്കുന്ന ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് നമ്മുടെ കണ്ണുകളും ഹൃദയങ്ങളും ഉയർത്താൻ നമ്മൾ വൈമനസ്യം കാണിക്കരുത്.

3. മുറിവേറ്റ സൗഖ്യം നൽകുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം
സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ജിവിതത്തിന്റെ ചില നിമിഷങ്ങളിൽ നമ്മൾ എല്ലാവരും സഹനം അനുഭവിക്കുന്നവരാണ്. സഹനം എന്താണന്ന് നല്ലതുപോലെ അറിയുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം. അവന്റെ തിരുഹൃദയം കുത്തിതുറക്കപ്പെട്ടതാണ്. അതു മുള്ളുകളാൽ ചുറ്റപ്പെട്ടതാണ്. ഒറ്റപ്പെടുത്തലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും ശാരീരികപീഡകളുടെയും വേദനകൾ ആ ഹൃദയത്തിനു നന്നായി അറിയാം.
ക്രിസ്തു നമ്മളെപ്പോലെ സഹിച്ചില്ല എന്നു വിശ്വസിക്കാനുള്ള പ്രലോഭനങ്ങൾ ചിലപ്പോൾ നമുക്കുണ്ടാകാറുണ്ട്. അവിടുന്ന് ദൈവമായിരുന്നതുകൊണ്ട് നമ്മളെപ്പോലെ ഒരിക്കലും അവൻ സഹിച്ചില്ല. അല്ലങ്കിൽ സഹനങ്ങളിൽ വേദന കുറവായിരുന്നു എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. പക്ഷേ, അതു ശരിയല്ല. മനുഷ്യൻ സഹിക്കുന്നതിനപ്പുറം സഹിക്കാൻ അവനു സാധിച്ചു എന്നതാണ് ദൈവപുത്രനു കിട്ടിയ മഹത്വം. ക്രിസ്തുവിന് നമ്മുടെ വേദനയോട് അനുരൂപപ്പെടാൻ സാധിക്കില്ല എന്ന് ഒരു നിമിഷം പോലും നീ ചിന്തിക്കരുത്. മുറിവേറ്റ, കുത്തിത്തുറക്കപ്പെട്ട തിരുഹൃദയം നമ്മുടെ വേദനികളിൽ കൂടെ സഹിക്കുകയും സൗഖ്യം നൽകുകയും ചെയ്യുന്നു. മുറിവേറ്റ സൗഖ്യം നൽകുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം. “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിയ്ക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1 പത്രോസ് 2:24).

4. ഈശോയുടെ ഹൃദയം; ശക്തമായ ഹൃദയം
നമ്മുടെ സമൂഹം സ്നേഹത്തിലും സഹനത്തിലും ബലഹീനതയുടെ ഒരു പ്രകാശനം കാണുന്നു. അതിനാൽ നമ്മൾ സഹിക്കാനും സ്നേഹിക്കാനും ഭയപ്പെടുന്നു. സ്നേഹത്താൽ ദഹിക്കുന്നതും സഹനങ്ങളാൽ മുറിപ്പെട്ടതാണങ്കിലും തിരുഹൃദയം ബലഹീനമായ ഒരു ഹൃദയമല്ല. ഇതു ഒരു സിംഹക്കുട്ടിയുടെ ഹൃദയമാണ് – യൂദയാ ഗോത്രത്തിലെ സിംഹക്കുട്ടിയുടെ – ഇതു തുറക്കപ്പെട്ട ഹൃദയമാണ്, ധീരതയുള്ള ഹൃദയമാണ്. വിജയശ്രീലാളിതനായ രാജാവിന്റെ ഹൃദയമാണ്. ഇത് യോദ്ധാവിന്റെ ഹൃദയമാണ്: “കര്‍ത്താവ് യോദ്ധാവാകുന്നു; കര്‍ത്താവ്‌ എന്നാകുന്നു അവിടുത്തെ നാമം” (പുറ.‌ 15:3). “ആരാണ്‌ ഈ മഹത്വത്തിന്റെ രാജാവ്‌? പ്രബലനും ശക്തനുമായ കര്‍ത്താവ്‌, യുദ്ധവീരനായ കര്‍ത്താവ് തന്നെ” (സങ്കീ. 24:8).

സ്നേഹവും സഹനവും ഒരിക്കലും ബലഹീനതയല്ല. നേരേ മറിച്ച് അത് ക്രിസ്തുവിന്റെ ശക്തിയാണ്. .ഈശോയുടെ തിരുഹൃദയത്തിലേയ്ക്കു നോക്കുമ്പോൾ “കര്‍ത്താവിന്റെ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു”(സുഭാ. 18:10). ഈ മനോഭാവമാണ് നമുക്കു വേണ്ടത്.
ഹൃദയശാന്തതയും എളിമയുള്ള ഈശോയെ, എന്റെ ഹൃദയം അങ്ങേ തിരുഹൃദയം പോലെയാക്കണമേ.

~ ഫാ. ജെയ്സൺ കുന്നേൽ MCBS ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles