ആപത്തില്‍ രക്ഷയേകിയ ജപമാല

കുറെയേറെ കഷ്ടപ്പെട്ടാണ് ജോണിന് ഗള്‍ഫിലൊരു ജോലി തരപ്പെട്ടത്. അടുത്ത ആഴ്ച തന്നെ നാട്ടില്‍ നിന്ന് തിരിക്കണം. കൊണ്ടുപോകാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങിക്കണം. വളരെപ്പെട്ടെന്ന് ടിക്കറ്റ് വന്നതുകൊണ്ട് പ്രിയപെട്ടവരോട് കാര്യങ്ങള്‍ പറയാന്‍ പോലുമുള്ള സമയമില്ല.

‘ഇവിടെ ടാക്‌സി ഓടിക്കുന്നതിന്റെ ഇരട്ടി കിട്ടുമായിരിക്കുമല്ലോ അവിടെ?’ ജോണിന്റെ ഉറ്റസുഹൃത്തും തൊഴില്‍രഹിതനുമായിരുന്ന ബിനോയി ചോദിച്ചു. ഉം എന്ന് മൂളികൊണ്ട് ജോണ്‍ തന്റെ സന്തോഷം അവനുമായി പങ്കുവെച്ചു. എന്നാല്‍ ജോണിന്റെ യാത്രയില്‍ ഒരേ സമയം വേദനയോടും ആനന്ദത്തോടും കാണപ്പെട്ട ഒരാളുണ്ടായി രുന്നു. ജോണിന്റെ ഭാര്യ. പതിവ് വീട്ടമ്മമാരെ പോലെ അവരും മാങ്ങാ അച്ചാറും അവുലോസ് ഉണ്ടയും അച്ചപ്പ വുമൊക്കെ ജോണിന്റെ സഞ്ചിയില്‍ തിരുകി വെച്ചിരുന്നു. തനിക്ക് പോകാനുള്ള അവസാന രാത്രി ജോണ്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍, സ്ഥിരം മുട്ടുമ്മേല്‍ നിന്ന് കൈവിരിച്ച് പ്രാര്‍ത്ഥിക്കാറുള്ള ജപമാലയുമായി ജോണിന്റെ ഭാര്യ കടന്നുവന്നു. അവള്‍ അതെടുത്ത് ജോണിന്റെ പ്രധാന ബാഗില്‍ വെച്ചു.

‘നീയെന്താ ഈ കാണിക്കുന്നേ? എടീ ഇത് നമ്മടെ രാജ്യത്തെ പോലല്ല. ഇങ്ങനത്തെ സാധനങ്ങളൊന്നും കൊണ്ടുപോകരുതെന്നാ. എയര്‍പോര്‍ട്ടില്‍ ഒക്കെ ഭയങ്കര ചെക്കിംഗ് ആണെന്നാ പറഞ്ഞു കേട്ടത്’ ജോണ് അവളോട് പറഞ്ഞു.

‘ഒരു കൊന്തയാണ് ഞാന്‍ വെച്ചത്. അല്ലാണ്ട് ബോംബ് ഒന്നുമല്ല. ചെക്ക് ചെയ്യുന്നവന്മാരോട് ചേട്ടന്‍ നല്ലത് പറഞ്ഞോണം’

‘ഇവളുടെ ഒരു കാര്യം. ശരി. ഞാന്‍ കൊണ്ട് പോകാം’

‘അങ്ങനെ കൊണ്ടുപോയാല്‍ മാത്രം പോരാ. എല്ലാ ദിവസവും കൊന്ത ചൊല്ലിക്കോണം. ചേട്ടന്‍ അവിടെ വണ്ടി ഓടിക്കുമ്പോള്‍, യാത്ര ചെയ്യുന്നവരെയും ചേട്ടനെയും മാതാവ് സംരക്ഷിച്ചോളും. ഞാനും ഇവിടിരുന്ന് പ്രാര്‍ത്ഥിക്കാം’ തന്റെ ഭാര്യയുടെ സ്‌നേഹം ജോണിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

ജോണ്‍ അങ്ങനെ ഗള്‍ഫില്‍ സുരക്ഷിതമായി ചെന്നെത്തി. അയാള്‍ക്ക് താമസിക്കാനുള്ള മുറിയും സൗകര്യങ്ങളും നല്‍കപ്പെട്ടു. പിറ്റേ ദിവസം മുതല്‍ ജോണിന് ജോലിയില്‍ പ്രവേശിക്കണം. ഇരുന്നൂറ്റമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന നഗരത്തിലെ റോഡുകളിലൂടെ പന്ത്രണ്ട് മണിക്കൂര്‍ ജോണ്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറെടുത്തു. ആദ്യം ക്ലേശകരമായിരുന്നെങ്കിലും പതുക്കെ അയാള്‍ ജോലിയുമായി ഇണങ്ങി. തന്റെ ഭാര്യ നിര്‍ബന്ധപൂര്‍വ്വം തന്നയച്ച ജപമാല ജോണ്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഒപ്പം സദാ ഉണ്ടായിരുന്നു. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഒക്കെ അയാള്‍ ജപമാല ചൊല്ലിയിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോകാന്‍ പോലും സാധിക്കാതെ വരുമ്പോള്‍, അയാള്‍ ജപമാല കൈയിലെടുത്ത് മുട്ടുമ്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കും. അപ്പോളൊക്കെ സഹമുറിയനായ ഹിന്ദിക്കാരന്‍ സുഹൃത്ത് ജോണ്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാതിരിക്കാനായി ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകും.

ഒരു ദിവസം പതിവുപോലെ ജോണ്‍ നഗരത്തിലൂടെ ടാക്‌സി ഓടിക്കുകയായിരുന്നു. വെള്ള വസ്ത്രം ധരിച്ച ഒരു അറബി ജോണിന്റെ ടാക്‌സിക്ക് കൈ കാണിച്ചു. വാഹനത്തിനുള്ളില്‍ കയറിയ അറബി ജോണിനോട് എങ്ങോട്ടോ പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് പോകേണ്ടിയിരുന്നത് നഗരത്തിന്റെ അറ്റത്തേക്കായിരുന്നു. ഏകദേശം അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്ര. ജോണ്‍ അതികഠിനമായ ചൂടില്‍ വാഹനമോടിച്ചുകൊണ്ടിരുന്നു. വഴിയരികില്‍ അറബിയുടെ ഒരു സുഹൃത്തിനുവേണ്ടി വണ്ടി നിര്‍ത്തി. അങ്ങനെ മറ്റൊരാള്‍ കൂടി ജോണിന്റെ വാഹനത്തില്‍ പ്രവേശിച്ചു.

അധികം വാഹനങ്ങള്‍ കടന്നു പോകാത്ത ഒറ്റപ്പെട്ട റോഡിലൂടെയാണ് ഇപ്പോള്‍ അവരുടെ വാഹനം കടന്നു പോകുന്നത്. പിറകില്‍ ഇരിക്കുന്നവര്‍ അന്യോന്യം അറബിയില്‍ എന്തൊക്കെയോ സംസാരിക്കുന്നത് ഒന്നും മനസ്സിലാക്കാതെ ജോണ്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു നേരത്തിനുള്ളില്‍ യാത്രക്കാരായ അവര്‍ തമ്മില്‍ വഴക്കിലേര്‍പ്പെട്ടു. കച്ചവട സംബന്ധമായുള്ള തര്‍ക്കങ്ങള്‍ ആണെന്നാണ് ജോണ്‍ വിചാരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ വഷളാകുന്നത് യാത്രക്കാരിലൊരാള്‍ ഒരു പിസ്റ്റള്‍ പുറത്തെടുത്ത് മറ്റെയാളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ്. ജോണ് ആ ദൃശ്യം കണ്ണാടിയിലൂടെ കണ്ടു ഞെട്ടി. എന്താണ് പറയേണ്ടത്? എന്ത് ചെയ്യണം?

നിസ്സഹായത്തോടെ ഭയചകിതനായി ജോണ്‍ വണ്ടി ഓടിച്ചു. യാത്രക്കാരനായ ആ മനുഷ്യന്‍ ജോണിനെയും ഭീഷണി പെടുത്താന്‍ തുടങ്ങി. വണ്ടി നിര്‍ത്തരുത്, താന്‍ പറയുന്ന സ്ഥലത്തേക്ക് പോകണമെന്നുമൊക്കെ അയാള്‍ ആവശ്യപ്പെട്ടു. തന്റെ തലയുടെ പിറകില്‍ ഒരു തോക്ക് ആണ് ഇരിക്കുന്നത്. ഏതു സമയം വേണമെങ്കിലും അയാള്‍ എന്റെ ജീവന്‍ എടുത്തേക്കാം. എന്ത് ചെയ്യണം എന്നറിയാതെ ഉലഞ്ഞ ജോണിന്റെ കണ്ണില്‍ തന്റെ ഭാര്യ തന്നയച്ച ജപമാല ശ്രദ്ധയില്‍പെട്ടു. അയാള്‍ ഇടതു കൈ കൊണ്ട് അത് എടുക്കാന്‍ ശ്രമിച്ചു.

പിറകില്‍, അവര്‍ തമ്മില്‍ വാക്കേറ്റങ്ങളും ഭീക്ഷണിപ്പെടുത്തലുകളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജോണ്‍ ജപമാലയില്‍ പിടിച്ചുകൊ ണ്ട് നിശബ്ദമായി ഉരുവിടാന്‍ തുടങ്ങി. ജോണിന്റെ കൈയ്യില്‍ എന്തോ ഇരിക്കുന്നത് തോക്ക് കൈവശമുള്ള യാത്രക്കാരന്‍ കണ്ടു. ആയുധമാണെന്ന് തെറ്റിദ്ധരിച്ചു അയാള്‍ ആക്രോശിച്ചു ജോണിന്റെ തലയ്ക്ക് നേരെ വീണ്ടും തോക്ക് ചൂണ്ടി. വരുന്നത് വരട്ടെ. ജോണ്‍ ധൈര്യ പൂര്‍വം ജപമാലയില്‍ മുറുക്കെപ്പിടിച്ചുകൊണ്ടിരുന്നു.

ബാക്കി സംഭവിച്ചത് എന്തൊക്കെയാണെന്ന് ലീവിന് നാട്ടിലെത്തിയപ്പോള്‍ ജോണ്‍ തന്റെ ഭാര്യയുമായി പങ്കുവെച്ചു. ‘ഞാന്‍ അങ്ങനെ എല്ലാം തീര്‍ന്നെന്നു വിചാരി ക്കുമ്പോള്‍ ആണ് ഒരു പോലീസ് വാഹനം പിറകില്‍ നിന്ന് ചീറി പാഞ്ഞു വന്നത്. എന്റെ ടാക്‌സിയെ മറികടന്ന്, അത് ബ്ലോക്ക് ചെയ്തു. ഞാന്‍ വാഹനം നിര്‍ത്തി. എന്റെ പിറകില്‍ ഇരുന്ന യാത്രക്കാര്‍ ഇരുവരും അതുകണ്ടു ഇറങ്ങിയോടി. എന്നാല്‍ പോലീസുകാര്‍ അവരെ പിടിച്ചു. എന്നോട് അവര്‍ കാര്യങ്ങള്‍ ചോദിച്ചു, ഞാന്‍ അറിയാവുന്ന ഭാഷയില്‍ എല്ലാം പറഞ്ഞു. ക്രിമിനലുകളായ മാഫിയ അംഗങ്ങള്‍ ആയിരുന്നു എന്റെ യാത്രക്കാര്‍ എന്ന വിവരം ഞാന്‍ അവരിലൂടെ മനസിലാക്കി. എന്റെ സത്യസന്ധത കണ്ടിട്ടായിരിക്കണം, അവര്‍ എന്നെ വെറുതെ വിട്ടു’

‘അയ്യടാ, സത്യസന്ധത! മണ്ണാങ്കട്ട. ഞാന്‍ തന്ന കൊന്ത യില്ലേ. അത് തന്നെ കാരണം. മാതാവിന്റെ ശക്തിയാ. സംരക്ഷണമാ.’ ജോണ്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. മാതാവിന്റെ അനുഗ്രഹമായിരുന്നു അതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ജപമാല രാഞ്ജിയായ മറിയം ആപത്തില്‍ കൂടെയുണ്ടാകുമെന്നുള്ള വിശ്വാസം ആ ഒരൊറ്റ സംഭവത്തിലൂടെ ജോണിലും അയാളുടെ ഭാര്യയിലും ആഴപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles