ജപമാലയാകുന്ന ആയുധമെടുക്കാം!
‘ദൈവാനുഗ്രഹം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ജപമാലയെക്കാള്‍ ശക്തമായ മറ്റൊരു പ്രാര്‍ത്ഥനയില്ല’ എന്ന് പ്രഖ്യാപിച്ചത് പതിനൊന്നാം പിയൂസ് പാപ്പായാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞ കാര്യവും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. സാത്താനില്‍ നിന്നുള്ള സംരക്ഷണത്തിനായി എന്നും ജപമാല ചൊല്ലുക എന്നാണ് മാര്‍പാപ്പാ ആഹ്വാനം ചെയ്തത്. ആത്മീയ പ്രതിസന്ധികളുടെ സമയത്ത് ഏറ്റവും നല്ല സംരക്ഷണ മാര്‍ഗം പരിശുദ്ധ അമ്മയുടെ മേലങ്കിക്കുള്ളില്‍ അഭയം തേടുകയാണെന്ന് റഷ്യയിലെ മിസ്റ്റിക്കുകളും വലിയ വിശുദ്ധരും പാരമ്പര്യങ്ങളും ഉദ്ബോദിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ജപമാല നമ്മെ അമ്മയുടെ മേലങ്കിയുടെ സംരക്ഷണത്തിനുള്ളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
ലോകം ഇന്ന് പല വിധ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. പ്രത്യേകിച്ച് ക്രൈസ്തവരായ നാം വലിയ വെല്ലുവിളികളാണ് നാനാ തുറകളില്‍ നിന്നും നേരിടുന്നത്. കത്തോലിക്കാ സഭയ്ക്കെതിരായി സംഘടിതമായ ആക്രമണങ്ങളാണ് സംഭവിക്കുന്നത്. സഭയ്ക്ക് നേരെ മര്‍ദനങ്ങളും അധിക്ഷേപങ്ങളും മാധ്യമങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമെല്ലാം സംഭവിക്കുന്നത് നാം കാണുന്നു.
ഈ സന്ദര്‍ഭത്തില്‍ നമുക്ക് പ്രാര്‍ത്ഥനയാകുന്ന ആയുധം എടുക്കണം എന്ന് പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ജപമാല ശക്തിയേറിയ ഒരായുധമാണെന്നാണ് വി. ജോസ് മരിയ പറയുന്നത്. കൊന്ത ഈ കാലഘട്ടത്തിലെ ശക്തിയേറിയ ഒരു ആത്മീയ ആയുധമാണ് എന്നാണ് വി. പാേ്രദ പിയോയും പറഞ്ഞിരിക്കുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ല എന്നാണ് ഫാത്തിമായില്‍ മാതാവിന്റെ പ്രത്യക്ഷീകരണം നേരില്‍ കണ്ട സി. ലൂസിയ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസികളായ നമ്മള്‍ ഉണരേണ്ട സാഹചര്യമാണിത്. ഉണര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ട മണിക്കൂറുകളാണ് ഇത്. അതിനായി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ശക്തമായ ആയുധമായ ജപമാല കൈയിലെടുക്കാം. ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തതു പോലെ നമുക്ക് ആത്മീയമായ പോരാട്ടം നടത്താം. വിശുദ്ധിയോടും സമര്‍പ്പണത്തോടും തീക്ഷണതയോടും കൂടി നമുക്ക് സഭയ്ക്കായി പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മ ഈ പോരാട്ടത്തില്‍ നമ്മെ മുന്നില്‍ നിന്ന് നയിക്കട്ടെ!
യേശുവില്‍ സ്നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.