മെയ് 14 ന് കോവിഡിനെതിരെ ആഗോള ജപമാലയ്ക്ക് നേതൃത്വം നല്‍കുന്നത് വേളാങ്കണ്ണി
ഈ മെയ് മാസത്തില്‍ കോവിഡിനെതിരെ ജപമാലകള്‍ കരങ്ങളിലേന്തി മാതാവിന്റെ മാധ്യസ്ഥം തേടാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത പ്രകാരം ഓരോ ദിവസം ജപമാലയ്ക്ക് ആഗോള തലത്തില്‍ നേതൃത്വം നല്‍കേണ്ട അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടിക നവ സുവിശേഷ വല്‍ക്കരണത്തിനായിയുള്ള തിരുസംഘം പ്രസിദ്ധീകരിച്ചു.
മെയ് മാസം നീണ്ടു നില്‍ക്കുന്ന ജപമാല ആചരണത്തിന് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നേതൃത്വം നല്‍കും. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച 30 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഇന്ത്യയില്‍ നിന്നും വേളാങ്കണി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ബസിലിക്കാ തിരെഞ്ഞെടുക്കപ്പെട്ടു. ജപമാല ആചരണത്തിന്റെ പതിനാലാം ദിവസം (മെയ് പതിനാല്) വേളാങ്കണിയില്‍ നിന്നാകും ജപമാലയര്‍പ്പിച്ച് നേതൃത്വം നല്‍കുന്നത്.
എല്ലാ ശാസ്ത്രജന്‍മാര്‍ക്കും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് പ്രത്യേക നിയോഗമായി ജപമാല അര്‍പ്പിക്കപ്പെടുന്നത്.ആഗോള കത്തോലിക്കാ സഭ കോവിഡിനെതിരെ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രകാരം ജപമാലകള്‍ അര്‍പ്പിക്കുമ്പോള്‍ വേളാങ്കണ്ണിയിലൂടെ ഭാരതവും അതിന്റെ ഭാഗമായി തീരുന്നു.
ജപമാലകള്‍ അര്‍പ്പിച്ച് നമ്മുക്കും മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് പാപ്പായോടൊപ്പം ലോകം കോവിഡില്‍ നിന്നും മുക്തമാകാന്‍ പ്രാര്‍ത്ഥിക്കാം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.