ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 22)
മകൻ്റെ തോളിൽ മരക്കുരിശ് …!
അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ് …!
സമർപ്പിതർ ഇരുവരും കൊലക്കളത്തിലേയ്ക്ക്….!
കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേയ്ക്ക്….,
മകനു പകരം മക്കളെ ഏറ്റെടുക്കാൻ
അമ്മ കുരിശിൻ ചുവട്ടിലേയ്ക്ക്….,
കാൽവരിയിലേയ്ക്കുള്ള കുരിശുയാത്രയിൽ
ജെറുസലേം വീഥിയിൽ ……..
മാതൃത്വത്തിൻ്റെ സ്വഭാവിക വികാരങ്ങളാൽ
അമ്മ മറിയം പലവട്ടം കാലിടറിയിട്ടുണ്ടാകും….
എന്നാലും…. തളർന്നുവീഴാതെ ……..,
മോഹാലസ്യത്തിലമരാതെ ……….,
അവളുടെ ഹൃദയ മന്ത്രം……
” എൻ്റെ മകനേ…. ഞാൻ നിന്നോടു കൂടെയുണ്ട് ”
കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി യാത്രയിൽ അമ്മയുടെ സാന്നിധ്യം
ക്രിസ്തുവിന് തളരാതിരിക്കാൻ
വലിയ കരുത്തേകി.
കുരിശുമായി വീണുപോയ മകനോട് മാത്രമല്ല;
ജീവിത വഴികളിൽ സഹന വേളകളിൽ വീണുപോകുന്നവരോടൊക്കെ…..
അമ്മയ്ക്ക് പറയാനുള്ള ഹൃദയ മന്ത്രം
” മകനേ, മകളേ…….. അമ്മയുണ്ട് കൂടെ ”
എന്നു തന്നെയാണ്.
പരിശുദ്ധ മറിയത്തോടൊപ്പം യാത്ര ചെയ്യുവിൻ എന്നാണ് ക്രിസ്തു മാനവരാശിയോട് സൗമ്യമായി വചനത്തിലൂടെയും, വിശുദ്ധരിലൂടെയുള്ള സന്ദേശങ്ങൾ വഴിയും മന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
ഈ സ്വരം ഗൗരവമായി ഏറ്റെടുത്തവരാരും
ജീവിതയാത്രയിൽ കാൽ വഴുതി വീണിട്ടില്ല;
വഴിയറിയാതെ നിന്നിട്ടില്ല;
ഇരുളിൽ തട്ടി തടഞ്ഞിട്ടില്ല.
ജീവിതയാത്രയിൽ വിരൽത്തുമ്പു പിടിക്കാനും, കൂടെ കൂട്ടാനും
നീ ആഗ്രഹിക്കേണ്ടത് അമ്മ മറിയത്തെയാണ്.
അവൾ നിൻ്റെ വിരൽത്തുമ്പുകൾ
ചേർത്തു പിടിക്കും;
നിൻ്റെ യാത്രകളെ സ്വർഗ്ഗീയ യാത്രകളാക്കി മാറ്റുകയും ചെയ്യും.
അവളെ കൂടെക്കൂട്ടിയവരെല്ലാം……
രക്ഷകൻ്റെ നെഞ്ചിൻ്റെ താളവും…,
രക്ഷയുടെ പറുദീസയും സ്വന്തമാക്കിയിട്ടുണ്ട്.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.