ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 16)
മറിയത്തിൻ്റെ മൊഴികളിൽ മിഴിവേകുന്ന വചനം
യോഹന്നാൻ ശ്ലീഹാ വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
” അവൻ പറയുന്നത് ചെയ്യുവിൻ”
( യോഹന്നാൻ 2:5 )
പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ അവൾ നിശബ്ദയാണ്.
ക്രിസ്തുവിനെ അറിഞ്ഞിട്ടും അവൻ പറഞ്ഞൊതൊന്നും നമ്മളിതുവരെ
ചെയ്തു തുടങ്ങിയിട്ടില്ല.
വെറുതേ പോലും അവൾ അന്നു പറഞ്ഞതിൻ്റെ പൊരുൾ അന്വേഷിച്ചിട്ടുമില്ല.
എൻ്റെയും നിൻ്റെയും ചിന്തകൾക്കും പദ്ധതികൾക്കും മീതെ ക്രിസ്തു മൊഴികളുടെ ആശീർവ്വാദം വേണമെന്നതാണ്
മാതൃ മൊഴിയുടെ ധ്വനി.
ഞാനും നീയും നന്മ പ്രവർത്തിക്കുന്നവരാകാൻ അവൾ എപ്പോഴും ആഗ്രഹിക്കുന്നു.
നന്മ പ്രവർത്തിക്കാൻ തൻ്റെ മകൻ
അമാന്തം വരുത്തുന്നുവെന്ന് തോന്നിയപ്പോൾ
ക്രിയാത്മകമായി ഇടപെടാൻ പോലും
കാനായിലെ സംഭവത്തിൽ അവൾ തയ്യാറാകുന്നുണ്ട്.
കാനായിലെ കല്യാണ വീടിൻ്റെ പൂമുഖത്ത്
നന്മയും സന്തോഷവും നിറയുന്നതു വരെ
അമ്മ മറിയം അസ്വസ്ഥയായിരുന്നു
എന്നു തന്നെയാണ് സുവിശേഷകന്മാർ നമുക്ക് വിവരിച്ചുതരുന്നത്.
ഒടുവിൽ എല്ലാം ശുഭമായിട്ടും…. അംഗീകാരത്തിനോ പ്രശസ്തിക്കോ വേണ്ടി
തൻ്റെ പേരോ ,ഇടപെടലോ വെളിപ്പെടുത്താതെ….. വിരുന്നുകാരിലൊരാളായി അവൾ സ്വയം ഒതുങ്ങി.
സ്നേഹത്തിൻ്റെ തത്വശാസ്ത്രത്തിനു വിരുദ്ധമായി നിൽക്കുന്ന
‘ഞാൻ’ എന്ന മനോഭാവത്തെ തിരുത്താം പ്രിയരേ….
എല്ലാം ശുഭമാകുമ്പോൾ പുറകിൽ മാറി നിൽക്കാം…..,
അവനു വേണ്ടി…… അവൾക്കു വേണ്ടി….
കുടുംബത്തിനു വേണ്ടി…..
ഇനിമേൽ അതായിരിക്കട്ടെ
നമ്മുടെ ജീവിത നിയമം
“ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ ”
വക്കോളം നിറച്ച ഭരണികളും…..,
നിറവോളം കൊടുക്കുന്ന ഈശോയും….
അമ്മ മറിയത്തിൻ്റെ സ്നേഹത്തിൻ്റെ
കൽഭരണിയിൽ നിന്ന് പുതുവീഞ്ഞിൻ്റെ
സുഗന്ധം നിൻ്റെ ആത്മാവിലും വീശട്ടെ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.