ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 6)
മഞ്ഞലകൾ കൊണ്ട് പ്രകൃതിയും
അവഗണന കൊണ്ട് ജനതതിയും
യാത്രാക്ലേശം കൊണ്ട് ശരീരവും
നടത്തിയ വെല്ലുവിളിയിൽ…..,
പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യം
അനുഭവിച്ച മറിയം.
ബേത് ലഹേമിലെ ജനത്തിരക്കിൽ
ഉദര ശിശുവിന് ജന്മം കൊടുക്കാൻ
ഇടം കിട്ടാത്ത നിസ്സഹായതയിൽ…..,
ആ കാലി കൂട്ടിലേക്ക് ജോസഫ്
അവളെ കൂട്ടികൊണ്ട് പോകുമ്പോൾ ….,
ജോസഫിൻ്റെ കഴിവുകേടിനെ പഴിക്കാതെ,
അവൻ്റെ നിസ്സഹായതയെ പൂർണ്ണമായി
മനസ്സിലാക്കുവാൻ അവൾക്കു കഴിഞ്ഞു.
പ്രാണികളും കൊതുകുകളും
മൂളിപ്പാട്ടു പാടി പറന്നു നടക്കുന്ന…..,
ഗോമൂത്രത്തിൻ്റെയും ചാണകത്തിൻ്റെയും
ദുർഗന്ധം പരക്കുന്ന ആ കാലിക്കൂട്ടിൽ,
തൻ്റെ വിശുദ്ധിയിൽ നിന്നും ഊറി വന്ന
സുഗന്ധം പരത്തി…..
മറിയം ലോക രക്ഷകന് ജന്മം നൽകി.
മറിയത്തിൻ്റെയും ജോസഫിൻ്റെയും
സ്നേഹക്കൂട്ടായ്മയുടെ സുഗന്ധം സ്വർഗ്ഗീയോന്നതങ്ങളിലേക്ക് ഉയർന്നു.
കാലിക്കൂട്ടിലേക്ക് സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ ഇറങ്ങി വന്നു.
ദമ്പതിമാരുടെ വിശുദ്ധ സ്നേഹത്തിന് സ്വർഗ്ഗത്തിൻ്റെ ആദരവും
സംരക്ഷണവും ഉണ്ടാവും.
ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുന്നിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.
ജീവിതം ഒന്നേയുള്ളൂ …
ദൈവം നിനക്കായൊരുക്കിയ ഇണയും ഒന്നേയുള്ളു.
ഭൂമിയിൽ നിങ്ങളുടെ കുടുംബം സ്ഥാപിതമായതിൽ സ്വർഗം ആനന്ദിക്കുന്നു.
അഴകും ആരോഗ്യവും ഏറെയുള്ള കാലങ്ങളിൽ …..
ദൈവം ചങ്കോട് ചേർത്തവരെ തള്ളിക്കളയരുത്….
നീ എത്ര നിന്ദിച്ചാലും പ്രാണൻ ഉണ്ടെങ്കിൽ
ജീവിത സായന്തനങ്ങളിൽ
നിനക്കു തുണ നിൻ്റെ ഇണയേ ഉള്ളൂ എന്നു മറക്കരുത്.
പൊന്നിട്ടു മൂടിയില്ലങ്കിലും…
മണ്ണിട്ടു മൂടുന്നതുവരെ നിന്നോടൊപ്പം
നിൻ്റെ നിഴലായി കൂടെയുണ്ടാവാൻ കൊതിക്കുന്നവരെ തള്ളിപ്പറയരുത്.
സ്നേഹം ഉണ്ടെന്നു ആവർത്തിച്ചുറപ്പിച്ചിട്ടു കാര്യമില്ല.
സ്നേഹം പ്രകടിപ്പിക്കണം.
നിൻ്റെ വാക്കിലും, നോട്ടത്തിലും പ്രവൃത്തിയിലും സ്നേഹം പ്രകടമാക്കണം.
അല്ലെങ്കിൽ ….
അവൻ്റെ /അവളുടെ മരണ ശേഷം കല്ലറയിൽ പൂക്കൾ വയ്ക്കുന്നതിനു തുല്യമാവും നിൻ്റെ സ്നേഹം.
പകലന്തിയോളം ഓടിത്തീർത്താലും ഒടുവിൽ ആറടി മണ്ണിൽ അലിഞ്ഞു തീരുമെന്ന ബോധ്യം ഉണർവ്വായി കൂടെയുണ്ടെങ്കിൽ….
ദാമ്പത്യ നടവഴിയിൽ ……
ഉറച്ച കാൽവെയ്പ്പുമായി ആയുസ്സിൻ്റ പടിവരെയും ഒന്നിച്ചു മുന്നേറാം.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.