ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 5)
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം,
തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ എല്ക്കുമെന്നറിഞ്ഞ് അമ്മ മടിത്തട്ടിൻ്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.
പരിശുദ്ധാരൂപിയുടെ ശക്തിയും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞവർക്കു മാത്രമേ സ്വർഗത്തിൻ്റെ ആത്മീയ രഹസ്യങ്ങൾ മനസ്സിലാവൂ.
തൻ്റെ ഗർഭധാരണത്തിൻ്റെ ഉത്ഭവ മർമ്മം
മറ്റാരും മനസ്സിലാക്കിയില്ലങ്കിലും…
വാർദ്ധക്യത്തിൽ ദൈവകാരുണ്യത്താൽ ഗർഭവതിയായിരിക്കുന്ന തൻ്റെ
ഇളയമ്മയായ എലിസബത്ത് തന്നെ മനസ്സിലാക്കും എന്നുറച്ച് മറിയം
മാതൃ തുല്യം സ്നേഹിച്ച ഇളയമ്മയ്ക്കരികെ ….
എല്ലാം ഉള്ളിലൊതുക്കി അമ്മമടിത്തട്ടിൽ മൗനമായി അവൾ തല ചായ്ച്ചു.
ജീവിത വഴികളിൽ പ്രിയപ്പെട്ടവരിൽ നിന്നും തെറ്റിദ്ധാരണകളുടെയും സംശയത്തിൻ്റെയും ഉമിത്തീയിൽ നീ നീറുമ്പോൾ ….
നിന്നെതന്നെ ന്യായീകരിക്കാതെ, അപവാദങ്ങളോട് പ്രതികരിക്കാതെ,
പരിശുദ്ധ അമ്മയുടെ മടിത്തട്ടിൽ നീ തല ചായ്ക്കുക.
കാരണം നിൻ്റെ സഹനങ്ങളിലൂടെ നിനക്കു മുൻപേ അവൾ കടന്നു പോയതാണ്. മറ്റാരേക്കാളും അവൾ നിന്നെ മനസ്സിലാക്കും .
ജീവിതത്തിൽ നന്മയുടെ സമൃദ്ധിയും..,
നോവിൻ്റെ തീവ്രതയും അനുഭവപ്പെടുമ്പോൾ
ചോദ്യം ചെയ്യാതെ ദൈവഹിതത്തിന്
കീഴ് വഴങ്ങാൻ നീ തയ്യാറായാൽ…..,
പരിശുദ്ധ അമ്മയുടെ
മടിത്തട്ടിൽ നീ തല ചായ്ച്ചാൽ…
ദൈവം നിനക്കായ് ഒരുക്കിയിരിക്കുന്ന നിത്യതയുടെ കൂടാരത്തിൽ ,
അഗ്നിശുദ്ധി വരുത്തി തനി തങ്കമായി
നീ പ്രശോഭിക്കാൻ വേണ്ടിയാണ്
സ്വർഗം സഹനങ്ങൾ അനുവദിക്കുന്നത്
എന്ന തിരിച്ചറിവിലേക്ക്
അമ്മ നിന്നെ ഉണർത്തും.
മൗനം ഒരു കൃപയാണ്
നിന്നെക്കുറിച്ചുള്ള മൗനം നിൻ്റെ വിനയത്തിൻ്റെ പ്രകാശനമാണ്.
അപരൻ്റെ കുറവുകളെക്കുറിച്ചുള്ള മൗനം
നിനക്കവനോടുള്ള സ്നേഹത്തിൻ്റെ പ്രകാശനമാണ്.
ചില ജീവിത പ്രതിസന്ധികളിൽ ….
നിൻ്റെ മൗനം വിവേകമാണ്.
ഒപ്പം വീരോചിതമായ സുകൃതവും.
മൗനം ബലഹീനതയല്ല .
സ്വയം ന്യായീകരിക്കാതെ മൗനത്തിലൂടെ അവൾ പറയാതെ പറഞ്ഞ വാക്കുകളാണ്
മനുഷ്യജീവിതത്തിൻ്റെ വിജയവീഥി.
മൗനത്തെ പ്രണയിക്കുക.
നിന്നിൽ ഒരു ക്രിസ്തു ജനിക്കാൻ
മൗനത്തിൻ്റെ ഭാഷ സ്വന്തമാക്കാം.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.