റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍
ഇന്ന് ജൂലൈ 13ാം തീയതി റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളാണ്. 1947 മുതല്‍ 1966 വരെയാണ് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായത്. മൗതിക റോസാപ്പൂവ് എന്നാണ് റോസാ മിസ്റ്റിക്കാ എന്ന വാക്കിന്റെ അര്‍ത്ഥം. 1947 ല്‍ മാത്രം ഏഴു തവണ മാതാവ് പ്രത്യക്ഷപ്പെട്ടു.
മോന്സിചിയാലി വടക്കന്‍ ഇറ്റലിയിലെ ഒരു പ്രദേശമാണ്. അവിടെയാണ് പിയെറിനാ ഗില്ലി ജനിച്ചത്. അവിടെയുള്ള ഒരു ആശുപത്രിയില്‍ നഴ്സായി അവര്‍ സേവനം ചെയ്തു. 1947 ലെ വസന്തകാലത്ത് പരിശുദ്ധമാതാവ് ആശുപത്രിയിലെ ഒരു മുറിയില്‍ വച്ച് പിയെറിനായ്ക്ക് പ്രത്യക്ഷയായി. വയലറ്റ് വസ്ത്രം ധരിച്ച മാതാവിന്റെ ശിരോവസ്ത്രത്തിന് വെള്ള നിറമായിരുന്നു. മാതാവ് ദുഖിതയായി കാണപ്പെട്ടു. മൂന്ന് വാളുകള്‍ അമ്മയുടെ നെഞ്ച് പിളര്‍ന്നിരുന്നു. ്ര്രപാത്ഥിക്കുക, പ്രായശ്ചിത്തം ചെയ്യുക, പരിഹാരം ചെയ്യുക എന്ന് മാതാവ് ആഹ്വാനം ചെയ്തു
1947 ജൂണ്‍ 13 രണ്ടാമത്തെ പ്രത്യക്ഷീകരണം നടന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. ഇത്തവണ മൂന്നു വാളുകള്‍ക്കു പകരം നെഞ്ചില്‍ മൂന്ന് റോസ്സാപ്പൂക്കളുമായാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. വെള്ള, ചുവപ്പ്, സ്വര്‍ണനിറമുള്ളത് എന്നിങ്ങനെ മൂന്ന് റോസപ്പൂക്കള്‍. അങ്ങ് ആരാണ് എന്ന് പെയെറിന ചോദിച്ചപ്പോള്‍ മാതാവ് പറഞ്ഞത് ഞാന്‍ യേശുവിന്റെയും നിങ്ങളുടെ എല്ലാവരുടെയും അമ്മ എന്നായിരുന്നു.
അതേ വര്‍ഷം തന്നെ ഒക്ടോബര്‍ 22 നും നവംബര്‍ 16 നും, 22 നും ഡിസംബര്‍ 7 നും 8നും മാതാവ് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു.
മാതാവിന്റെ പ്രത്യക്ഷീകരണ വേളയില്‍ പല അത്ഭുതങ്ങളും സംഭവിച്ചു. ഒരു തവണ പോളിയോ ബാധിച്ചു തളര്‍ന്നു പോയ അഞ്ചു വയസ്സുള്ള കുട്ടിയെയും കൊണ്ട് അവന്റെ മാതാപിതാക്കള്‍ എത്തി. അതേ സമയം തന്നെ ക്ഷയരോഗമുള്ള ഒരു സ്ത്രീയും അവിടെയെത്തി. ഇവര്‍ രണ്ടു പേരും ഒരേ സമയം അത്ഭുതകരമായി സുഖപ്പെട്ടു. മറ്റൊരു അവസരത്തില്‍ മാനസിക രോഗമുണ്ടായിരുന്ന ഒരു സ്ത്രീയും സുഖപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.