വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍
വിശുദ്ധ പിതാക്കന്മാരുടെ പ്രകടമായ ഉദാഹരണങ്ങള്‍ കാണണം. അവയില്‍ തിളങ്ങിയിരുന്ന ശരിയായ പുണ്യപൂര്‍ണതയും മതാത്മകതയും മനസ്സിലാക്കണം. അപ്പോള്‍ നാം ചെയ്യുന്നത് എത്ര തുച്ഛമാണെന്നും ഒന്നും തന്നെയല്ലെന്നും കാണാം. അവരോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എന്താണ്? വിശുദ്ധരും ക്രിസ്തുവിന്റെ സ്‌നേഹിതരും കര്‍ത്താവിന് സേവനം ചെയ്ത് വിശപ്പിലും ദാഹത്തിലും, തണുപ്പിലും നഗ്നതയിലും, അധ്വാനത്തിലും തളര്‍ച്ചയിലും, ഉറക്കമിളപ്പിലും ഉപവാസത്തിലും പ്രാര്‍്തഥനകളിലും വിശുദ്ധ ധ്യാനങ്ങളിലും ധാരാളം പീഡനങ്ങളിലും നിന്ദനങ്ങളിലും ആയിരുന്നു (1 കൊറി 11 : 2).
ജോലിയിലും പ്രാര്‍ത്ഥനയിലും അവര്‍ ദൈവത്തെ അന്വേഷിച്ചിരുന്നു
എന്തു മാത്രം ക്ലേശങ്ങളാണ് അപ്പോസ്തലന്മാരും, രക്തസാക്ഷികളും വന്ദകരും കന്യകമാരും ക്രിസ്തുവിന്റെ കാലടികളെ പിന്‍തുടരാന്‍ ആഗ്രഹിച്ച ഇതര വിശുദ്ധരും സഹിച്ചത്. നിത്യജീവന്‍ പ്രാപിക്കാനായി തങ്ങളുടെ ആത്മാക്കളെ ഈ ലോകത്തില്‍ അവര്‍ വെറുത്തു. വിശുദ്ധ പിതാക്കന്മാര്‍ മരുഭൂമിയില്‍ എത്ര ക്ലേശപൂര്‍ണവും സ്വയ നിഗ്രഹം നിറഞ്ഞതുമായ ജീവിതമാണ് നയിച്ചിരുന്നത്. എത്ര ദീര്‍ഘവും കഠോരവുമായ പ്രലോഭനങ്ങളെയാണ് നേരിട്ടത്. എത്രയോ പ്രാവശ്യം ശത്രുവിന്റെ ശല്യങ്ങള്‍ക്ക് വിധേയരായി. എത്രയോ തവണ തീക്ഷണതയോടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. എത്ര കഠിനമായ ഉപവാസങ്ങളാണ് അനുഷ്ഠിച്ചിരുന്നത്. ആത്മീയ വളര്‍ച്ചയില്‍ എത്ര വലിയ തീക്ഷണതയും ആഗ്രഹവും ഉണ്ടായിരുന്നു. പാപശീലങ്ങള്‍ക്കെതിരെ എത്ര ശക്തിയായി സമരം ചെയ്തിരുന്നു. എത്ര പരിശുദ്ധമായ ഉദ്ദേശ്യശുദ്ധിയാണ് ദൈവത്തോട് ഉണ്ടായിരുന്നത്. പകല്‍ സമയത്ത് അധ്വാനിച്ചിരുന്നു. രാത്രികളില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. ജോലികളില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും മാനസിക പ്രാര്‍ത്ഥനയില്‍ വ്യാപൃതരായിരുന്നു.
ലൗകിക ബന്ധത്തെ എല്ലാം ഉപേക്ഷിച്ച് ദൈവകൃപയില്‍ സമ്പന്നരായിരുന്നു
എല്ലാ സമയവും ഫലപ്രദമായി വിനയോഗിച്ചിരുന്നു. ദൈവത്തിന് കൊടുത്തിരുന്ന സമയം വളരെ ഹ്രസ്വമായി തോന്നിയിരുന്നു. സ്‌നേഹാത്മക ധ്യാനത്തിന്റെ മാധുരിയില്‍ ശരീരത്തെ പോറ്റുന്ന കാര്യം പോലും മറന്നു പോയിരുന്നു. എല്ലാ വിധ സമ്പത്തും സ്ഥാനമാനങ്ങളും ബഹുമാനാദികളും സുഹൃത്തുക്കളെയും ബന്ധുക്കളെയും അവര്‍ ഉപേക്ഷിച്ചിരുന്നു. ലോകത്തിന്റേതൊന്നും വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ജീവിതാവശ്യങ്ങള്‍ കഷ്ടിച്ച് നിര്‍വഹിച്ചിരുന്നു. ആവശ്യങ്ങളില്‍ പോലും ശരീരത്തിന്റെ താല്പര്യങ്ങള്‍ തൃപ്തിപ്പെടുത്തുക അവര്‍ക്ക് വേദനാജനകമായിരുന്നു. ഭൗമിക കാര്യങ്ങളില്‍ അവര്‍ ദരിദ്രരായിരുന്നു. ദൈവകൃപയിലും സുകൃതങ്ങളിലും അവര്‍ അതീവ സമ്പന്നരായിരുന്നു. ബാഹ്യമായി അവര്‍ ദരിദ്രരായിരുന്നു. പക്ഷേ, അകമേ, ദൈവകൃപയിലും ദൈവവിശ്വാസത്തിലും അവര്‍ വളര്‍ന്നിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.