റവ.ഡോ. ആന്റണി പുത്തൻപുരക്കല്‍ ബെനഡിക്ടര് സഭയുടെ ആബട്ട് ജനറലായി സ്ഥാനാരോഹണം ചെയ്തു
വെള്ളമുണ്ട: ഇറ്റലിയിലെ റോം ആസ്ഥാനമായ സിൽവസ്ട്രോ ബെനഡിക്ടൻ കോണ്‍ഗ്രിഗേഷന്റെ ഏഷ്യയിൽ നിന്നുള്ള ആദ്യ ആബട്ട് ജനറലായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ. ആന്റണി പുത്തൻപുരക്കലിന്റെ സ്ഥാനാരോഹണം മക്കിയാട് ആശ്രമത്തിൽ നടന്നു. സ്ഥാനാരോഹണം റോമിൽ നടത്തുന്നതാണ് പതിവെങ്കിലും ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ആബട്ട് ജനറൽ എന്ന നിലയിലാണ് മക്കിയാട് വച്ച് സ്ഥാനാരോഹണം നട്ത്തിയത്.
കഴിഞ്ഞ മാസം റോമിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റവ.ഡോ. ആന്റണിയെ ആബട്ട് ജനറൽ ആയി തെരഞ്ഞെടുത്തത്. റോമിൽ രണ്ട് തവണ ജനറൽ കൗണ്‍സിലറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റായി പാവപ്പെട്ടവർക്ക് നിയമസഹായം നല്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വെള്ളമുണ്ട ഒഴുക്കൻമൂല ഇടവകയിലെ പരേതരായ പുത്തൻപുരക്കൽ ജോസഫിന്റെയും മറിയത്തിന്റെയും ഏഴ് ആണ്മക്കളിൽ ആറാമനാണ് റവ. ഡോ.ആന്റണി.
ഇറ്റലിയിൽ നിന്നുള്ള ജനറൽ കൗണ്‍സിലർ വിൻസൻ ഡോ. ഫറ്റോർണി, മുൻ ആബർട്ട് ആന്ദ്രിയ പന്തലോണി, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്, മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ്, കണ്ണൂർ ബിഷപ് മാർ അലക്സ് വടക്കുംതല തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.