മതപരിവര്‍ത്തനം ആരോപിച്ച് ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ശ്രമം
മുല്‍ക്കി: കര്‍ണാടകയിലെ മുല്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കോള്‍ സെന്റര്‍ എന്ന ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ഹൈന്ദവ തീവ്രവാദികളുടെ ശ്രമം. ധ്യാനകേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്ബിന്ധിത ശ്രമങ്ങള്‍ നടക്കുന്ന എന്നാരോപിച്ചാണ് വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറി ശരണ്‍ പംപ്വെല്‍ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.
ഫാ. അബ്രഹാം ഡിസൂസ നേതൃത്വം നല്കുന്ന ധ്യാനകേന്ദ്രം ഒരു ഹൈന്ദവനെ നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടത്തി എന്നാണ് പംപ്വെലിന്റെ ആരോപണം.
എന്നാല്‍ ആരോപണം ഫാ. ഡിസൂസ നിഷേധിച്ചു. ആരോപണവിധേയനമായ ഹിന്ദു വ്യക്തി സ്വന്തം ഇഷ്ടപ്രകാരമാണ് ധ്യാനകേന്ദ്രത്തില്‍ വന്നതെന്നും ഹിന്ദു തീവ്രവാദ ഗ്രൂപ്പ് കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ ഒരു മതപരിവര്‍ത്തനവും നടക്കുന്നില്ല. മാമ്മോദീസയും നല്‍കുന്നില്ല. മേല്‍ പറഞ്ഞ ഹൈന്ദ വ്യക്തിക്ക് വീണ്ടും ഇവിടെ വരാന്‍ ആഗ്രഹമുണ്ട്. ഞങ്ങളുടെ മേലുള്ള ആരോപണം തികച്ചും വാസ്തവ വിരുദ്ധവും സ്ഥാപിത താല്പര്യങ്ങളാല് നയിക്കപ്പെടുന്നതുമാണ്’ ഫാ. ഡിസൂസ പറഞ്ഞു.
ഡിവൈന്‍ കോള്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഫാ. കര്‍ണാടക റീജിയണല്‍ കാത്തലിക്ക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ വ്യക്തമാക്കി.