നിങ്ങള്‍ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടി ആയിട്ടുണ്ടോ?
നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശരീരത്തെനശിപ്പിക്കാന് വേണ്ടി നമ്മിലെ പഴയ മനുഷ്യന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
എന്തെന്നാല്‍, മരിച്ചവന് പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു. (റോമാ 6 : 6-7)
എത്ര കഠിന പാപിയായിരുന്നാലും ഈശോയുടെ കുരിശിലെ സ്നേഹം ഒരിക്കൽ തിരിച്ചറിഞ്ഞാൽ നമ്മിലെ പാപിയെ നാം ആ കുരിശിൽ ഉപേക്ഷിക്കും.. പിന്നീട് നമ്മൾ ക്രിസ്തുവിൽ പുതിയ ജീവിതം ആരംഭിക്കും..
ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. (2 കോറിന്തോസ് 5 : 17)
ആരാണ് ക്രിസ്തുവിൽ ആയിരികുന്നവൻ? ക്രിസ്തുവിൻ്റെ കുരിശിലെ സ്നേഹത്തെ അറിഞ്ഞവൻ….ക്രിസ്തു കുരിശിൽ തൻ്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് വിശ്വസിച്ച്, താൻ ദൈവപിതാവുമായി അനുരഞ്ജിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കി ഈശോയുടെ സ്നേഹത്തിൽ ആഴപ്പെടുന്നവൻ..
വിശുദ്ധ പൗലോസ് ശ്ലീഹായും, വിശുദ്ധ അഗസ്റ്റിനും ഒക്കെ ഈശോയുടെ സ്നേഹത്തിൽ പിടിയ്കപ്പെട്ട് പുതിയ സൃഷ്ടിയായി മാറിയവരാണ്..
കുരിശിലെ സ്നേഹം തിരിച്ചറിഞ്ഞാൽ നമ്മളും വിശുദ്ധരായി മാറും.. കാരണം
അങ്ങനെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പാപത്തിന് ആ വ്യക്തിയിൽ ആധിപത്യം നടത്താനാകില്ല..
വചനം പറയുന്നു:
പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
(റോമാ 6 : 14)
നമ്മൾ ബലഹീനരാകയാൽ നിരവധി പാപസാഹചര്യങ്ങളിലൂടെ കടന്നു പോയേക്കാം..എന്നാൽ കുരിശിൽ നിന്നും ഒഴുകുന്ന അനന്തമായ കൃപ, ചോരവാർന്ന ക്രൂശിതന്റെ തിരുമുഖം ,നമ്മെ പാപം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കും…
നമ്മൾ ഈശോയുടെ തിരുരക്തം വഴി വിലയ്കുവാങ്ങപ്പെട്ടവരാണ്…നമ്മൾ പാപത്തിന്റെ അടിമകൾ അല്ല മറിച്ച് നീതിയിലേയ്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ ആണ്..
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും. (റോമാ 6 : 22-23)
നിത്യജീവനിലേയ്കുളള വഴി യേശുക്രിസ്തുവാണ്.. അവിടുത്തെ കുരിശിലെ ബലിയാണ്… പരിശുദ്ധ അമ്മയും സകല വിശുദ്ധരും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഈശോയുടെ കുരിശിൻ ചുവട്ടിലേയ്ക്കാണ്..
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. (യോഹന്നാന് 14 : 6)
ഈശോയുടെ കാൽവരി ബലിയെ ഹൃദയത്തിൽ ഏറ്റെടുത്ത് നമ്മുക്കും നിത്യജീവനിലേയ്ക് കടന്നു വരാം…ദൈവപിതാവിന്റെ മക്കളായി ആ സ്നേഹം ആവോളം അനുഭവിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.