നിക്കരാഗ്വയിലെ ക്വാപ്പായില്‍ പ്രത്യക്ഷപ്പെട്ട മാതാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
നിക്കരാഗ്വ എന്ന രാജ്യത്തെ ക്വാപ്പാ എന്ന സ്ഥലത്തുള്ള ദേവാലയത്തിൽ കപ്യാർ ആയിരുന്ന ബർണാഡോ മാർട്ടിനസിന് 1980ൽ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകി. ഏപ്രിൽ 15ന് ഈ ദേവാലയത്തിലെ മാതാവിന്റെ രൂപം പ്രകാശിക്കുന്നത് ആയി അദ്ദേഹത്തിന് കാണപ്പെട്ടു.സക്രാരിയിലെ വിളക്കുകളും ശക്തിയോടെ പ്രകാശിക്കുന്നതായി അദ്ദേഹം കണ്ടു. ഇതെല്ലാം കണ്ടപ്പോൾ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന താൻ ചിലരുമായി വഴക്കായി ഇരിക്കുന്നView Postതിൽ മാതാവ് അതൃപ്തയാണ് എന്നതിന്റെ സൂചനയാണെന്ന് ബർണാഡോ വിചാരിച്ചു.
പിറ്റേന്നുതന്നെ വഴക്കിലായിരിക്കുന്നവരോട് രമ്യതയിൽ ആകാൻ അവരെ അദ്ദേഹം സന്ദർശിച്ചു. മാപ്പപേക്ഷിച്ചു. എന്നാൽ, ബർണാഡോയ്ക്ക് ലഭിച്ച ദർശനത്തെ അവർ കളിയാക്കി. ദുഃഖത്തോടെ തിരിച്ചുവന്ന് മാതാവിന്റെ രൂപത്തിന് അരികിൽ മാപ്പപേക്ഷിച്ചു. വീണ്ടും ബർണാഡോ ചിന്തയിലാണ്ടു. പള്ളിയിലെ തിരക്കുകൾ കാരണം കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് തനിക്ക് വീഴ്ച വന്നിട്ടുണ്ട്.
അങ്ങനെ പലതും ചിന്തിച്ച് മാനസിക സമ്മർദ്ദത്തിൽ ആയ അദ്ദേഹം സമ്മർദ്ദം കുറയ്ക്കാൻ അടുത്തുള്ള അരുവിയിൽ ചൂണ്ടയിടാൻ പോയി. കുറച്ച് മീൻ കിട്ടി. ഏതാണ്ട് ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ മഴപെയ്തു. മഴ നനയാതിരിക്കാൻ മീൻ കൂടയും ചൂണ്ടയും എടുത്തു അടുത്തുള്ള മരത്തിനടിയിൽ അഭയം പ്രാപിച്ചു. അവിടെയിരുന്ന് തന്റെ ജപമാല എടുത്തു കൊന്ത ചൊല്ലി.
3 മണി ആയപ്പോൾ വീട്ടിലേക്കു മടങ്ങാം എന്ന് വിചാരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരു ഇടി മിന്നൽ ഉണ്ടായി. അതിനുള്ളിൽ പരിശുദ്ധ മറിയം നിൽക്കുന്നതായി അദ്ദേഹം കണ്ടു. തന്റെ തോന്നൽ ആയിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ, ജീവനോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന പരിശുദ്ധ അമ്മയെ കണ്ട് ദൈവഭയമുള്ള ആ കപ്യാരുടെ തൊണ്ട വരണ്ടു. അദ്ദേഹം മുട്ടിന്മേൽ നിന്ന് കൈകൂപ്പി.
നീളമുള്ള വെള്ള വസ്ത്രവും നീലനിറമുള്ള ശിരോ വസ്ത്രവും ധരിച്ച പരിശുദ്ധ മറിയം ഒരു മേഘത്തിൻ മേലാണ് നിന്നത്.ശിരസ്സിന് മുകളിലായി ഒരു മഴവില്ലും ഉണ്ടായിരുന്നു. മാതാവ് തന്റെ കരങ്ങൾ ബർണാഡോയ്ക്ക് നേരെ നീട്ടി. ഒരു പ്രകാശം മാതാവിന്റെ കരങ്ങളിൽ നിന്ന് പുറപ്പെട്ട് അദ്ദേഹത്തിന്റെ ഹൃദയഭാഗത്ത് പതിച്ചു. ഉടനെ അദ്ദേഹത്തിന്റെ ഭയം എല്ലാം മാറി. സ്വർഗീയമായ ഒരു ശാന്തത അദ്ദേഹം അനുഭവിച്ചു.
മാതാവ് അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. മെയ്മാസത്തിൽ മാത്രമല്ല, സ്ഥിരമായി മാതാവിനോടുള്ള വണക്കത്താൽ ജപമാല ചൊല്ലണം എന്നും കുടുംബാംഗങ്ങൾ ഒന്നിച്ച് ജപമാല ചൊല്ലാൻ ഒരു സമയം കണ്ടെത്തണമെന്നും അമ്മ പറഞ്ഞു. ദൈവത്തോട് സമാധാനം അപേക്ഷിക്കുകയല്ല, സമാധാനം സ്ഥാപിക്കാൻ നിങ്ങൾ സ്വയം ശ്രമിക്കുകയാണ് വേണ്ടത് എന്നും മാതാവ് വ്യക്തമാക്കി.
നിക്കരാഗ്വയിൽ ആ സമയം ഒരു ആഭ്യന്തരയുദ്ധം നടന്നിരുന്നു. ലോകസമാധാനത്തിനായി 5 ആദ്യ ശനിയാഴ്ച ജപമാല ചൊല്ലി ആചരിക്കണമെന്ന് മാതാവ് പറഞ്ഞു. ജപമാല രഹസ്യങ്ങൾ ചൊല്ലുമ്പോൾ ആ വചനഭാഗം ബൈബിളിൽ നിന്നും വായിച്ചുകൊണ്ട് ചൊല്ലുവാനും മാതാവ് പറഞ്ഞു. നിങ്ങളുടെ രാജ്യത്ത് മാറ്റം വന്നില്ലെങ്കിൽ ഇനിയും സഹനങ്ങൾ വരാനിരിക്കുന്നു. ലോകം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്.ലോകം മുഴുവനും വേണ്ടി ജപമാല ചൊല്ലുവാൻ ഞാൻ ആഹ്വാനം നൽകുന്നുവെന്ന് എല്ലാവരെയും നീ അറിയിക്കണം.
പക്ഷേ ദർശനംകഴിഞ്ഞ് ബർണാഡോ ഓർത്തു: ‘ഇതെല്ലാം പറഞ്ഞാൽ ആളുകൾ തന്നെ കളിയാക്കി ചിരിക്കും.’ അതുകൊണ്ട് ഈ ദർശന വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. എട്ടു ദിവസങ്ങൾക്കുശേഷം മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ട് ദർശനം പ്രസിദ്ധപ്പെടുത്താൻ ബർണാഡോയോട് ആവശ്യപ്പെട്ടു. തന്റെ പൂർണ സഹായവും വാഗ്ദാനം ചെയ്തു. അങ്ങനെ ബെർനാഡോ എല്ലാവരോടും ഈ ദർശനത്തെ കുറിച്ച് പറയാൻ തുടങ്ങി.
1980 ജൂൺ 9 ന് ജപമാല ഭക്തരായ സ്വർഗ്ഗവാസികളുടെ ഒരു ദർശനവും ബെർണാഡോയ്ക്ക് ഉണ്ടായി. ജപമാലഭക്തി പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് അവർ പറഞ്ഞു. അവരുടെ കരങ്ങളിലെ ജപമാലകൾ പ്രകാശിക്കുന്നുണ്ടായിരുന്നു. ബർണാഡ് താൻ പറയുന്ന ദർശനങ്ങൾ സത്യമാണെന്ന് അംഗീകരിക്കപ്പെടാൻ ഒരു സ്വർഗീയ ഇടപെടൽ വേണം എന്ന് മാതാവിനോട് ആവശ്യപ്പെട്ടു.
ജയിലിൽ കിടക്കുന്ന ഒരാളുടെ മോചനം എങ്ങനെ നടക്കുമെന്നും അദ്ദേഹത്തിന്റെ ബന്ധുവായ ഒരാൾ കൊല്ലപ്പെടുമെന്നും പ്രവചിക്കാൻ ഒരു മാലാഖയെ അയച്ച് മാതാവ് നിർദ്ദേശം നൽകി. അതുപ്രകാരം ബർണാഡോ നടത്തിയ പ്രവചനങ്ങൾ രണ്ടും നിറവേറി. ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചു. 1980 ഒക്ടോബർ 13ന് അമ്പതോളം പേർ ബെർണഡോയ്ക്ക് ഒപ്പം ജപമാല അർപ്പിക്കുമ്പോൾ അവർ നിന്ന മൈതാനത്തിന് മുകളിൽ ഒരു വലിയ പ്രകാശവലയം കാണപ്പെട്ടു. സൂര്യന് ചുറ്റും നൃത്തം ചെയ്യുന്ന മഴവിൽ നിറങ്ങളും കാണപ്പെട്ടു.
തുടർന്ന് പരിശുദ്ധ മറിയം വീണ്ടും ബർണാഡോയ്ക്ക് കാണപ്പെട്ടു. ഇപ്രാവശ്യം ചാര നിറമുള്ള വസ്ത്രം ധരിച്ച് വ്യാകുല മാതാവായാണ് മറിയം പ്രത്യക്ഷപ്പെട്ടത്. കഠിന ഹൃദയരായ ആത്മാക്കളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മാതാവ് ആവശ്യപ്പെട്ടു. എല്ലാവരും പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും മാതാവ് ആവശ്യപ്പെട്ടു.
“ദൈവപ്രീതിക്ക് ഉള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുക, അയൽക്കാരന് നന്മ ചെയ്യുക,സ്വന്തം കുരിശു സഹിക്കാനുള്ള ശക്തിക്കായും വിശ്വാസ വർധനയ്ക്കായും പ്രാർത്ഥിക്കുക. കുടുംബങ്ങളിൽ അസമാധാനം വർധിക്കുന്നു. പക്ഷേ പ്രാർത്ഥനയിൽ അഭയം തേടാതെ എല്ലാവരും പരസ്പരം പോരാടുന്നു. ക്ഷമ ലഭിക്കാൻ പ്രാർത്ഥിക്കുവിൻ.”: മാതാവ് പറഞ്ഞു. ഇനി താൻ ഇവിടെ പ്രത്യക്ഷപ്പെടില്ലെന്നും ലഭിച്ച നിർദ്ദേശങ്ങൾ നിങ്ങൾ പാലിച്ചാൽ ഞാൻ നിങ്ങളുടെ കൂടെ വസിക്കും എന്നും കൂടുതൽ ജപമാലകൾ ചൊല്ലണം എന്നും പറഞ്ഞ് മാതാവ് യാത്ര ചൊല്ലി.
1982 തിരുസഭ ക്വപ്പയിലെ മാതാവിന്റെ പ്രത്യക്ഷങ്ങളെ അംഗീകരിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.