ശുദ്ധീകരണാത്മാക്കള്‍ നമുക്ക് ആയിരം മടങ്ങായി തിരിച്ചു തരും

ദൈവം ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു

എന്തൊക്കയാണെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് അവരെ സഹായിക്കാന്‍, അവരെ എല്ലാവരെയും സ്വര്‍ഗത്തില്‍ തന്റെ സന്നിധിയിലേക്ക് കൊണ്ടു വരാന്‍ ദൈവം ആഗ്രഹിക്കുന്നു. അവര്‍ക്കിനി ദൈവത്തെ ധിക്കരിച്ച് വേദനിപ്പിക്കുക സാധ്യമല്ല .

ദൈവത്തിന്റെ നീതി അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു. എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍ അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്പിച്ചുതരികയാണ്. അവരെ ആശ്വസിപ്പിക്കാനും മോചിപ്പിക്കാനുമുള്ള ശക്തി ദൈവം നമുക്കു തരുന്നു. അവരെ സഹായിക്കുക ദൈവത്തിന് മറ്റെന്തിനേക്കാളുമേറെ സന്തോഷകരമാണ്. തന്നെ സഹായിക്കുന്നതിനു തുല്യമായാണ് അപ്പോള്‍ ദൈവത്തിന് നമ്മോട് പ്രീതി തോന്നുക.

പരിശുദ്ധ അമ്മയും നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കണം എന്ന് ആവശ്യപ്പെടുന്നു. പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ വിശുദ്ധീകരിച്ച് തന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നതുപോലെ , ഭൂമിയിലെ ഒരമ്മയും മരിക്കുകയോ വേദനിക്കുകയോ ചെയ്യുന്ന ഒരു കുഞ്ഞിനെ ആശ്വസിപ്പിക്കുന്നില്ല. അതുകൊണ്ട്, ശുദ്ധീകരണസ്ഥത്തെ ഓരോ ആത്മാവിനെയും മോചിപ്പിക്കുമ്പോഴും നാം അമ്മയ്ക്ക് അത്യധികമായ ആനന്ദം നല്‍കുകയാണ്.

വിശുദ്ധാത്മാക്കള്‍ നമുക്ക് ആയിരം മടങ്ങായി തിരിച്ചു തരും

ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളുടെ വികാരത്തെപ്പറ്റി നാം എന്താണു പറയുക? അവരെ മോചിപ്പിക്കുന്നവരോട് അവര്‍ക്കുള്ള നിസ്സീമമായ നന്ദി വിവരിക്കുക അസാദ്ധ്യമാണ്. തങ്ങളെ സഹായിക്കുന്നവര്‍ക്ക് പ്രതിസമ്മാനം നല്‍കണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടെയും തീക്ഷ്ണതയോടെയും സ്ഥിരോത്സാഹത്തോടെയും അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് അതു കേള്‍ക്കാതിരിക്കാന്‍ കഴിയുകയില്ല . ബൊളോഞ്ഞയിലെ വിശുദ്ധ കാതറിന്‍ പറയുന്നത് ‘എനിക്ക് വിശുദ്ധരില്‍നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട് , എന്നാല്‍ അതിലേറെ അനുഗ്രഹങ്ങള്‍ ശുദ്ധികരിക്കപ്പെട്ട ആത്മാക്കളില്‍നിന്നു ലഭിച്ചിട്ടുണ്ട് എന്നാണ്.

ശുദ്ധീകരണസ്ഥലത്തെ വേദനകളില്‍നിന്നു മോചിതനായി മോക്ഷഭാഗ്യം ആസ്വദിക്കുമ്പോള്‍ അവര്‍ ഭൂമിയിലുള്ള തങ്ങളുടെ സ്‌നേഹിതരെ മറക്കാതെ കടപ്പാടോടും അതിരില്ലാത്ത നന്ദിയോടുംകൂടെ ഓര്‍ക്കും. ദൈവസിംഹാസനത്തിനു മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് നമ്മെ സഹായിക്കുവാനായി നിരന്തരം പ്രാര്‍ത്ഥിക്കും. ഈ പ്രാര്‍ത്ഥനയാല്‍ അവര്‍ തങ്ങളുടെ സ്‌നേഹിതരെ അപകടങ്ങളില്‍ നിന്നും തിന്മയുടെ ഭീഷണികളില്‍നിന്നും സംരക്ഷിക്കുന്നു.

തങ്ങളുടെ ഗുണകാംക്ഷികള്‍ സ്വര്‍ഗ്ഗത്തില്‍ സുരക്ഷിതരായി എത്തിച്ചേരുന്നതുവരെ അവര്‍ ഈ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നില്ലെന്നു മാത്രമല്ല , അവരെ തങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി സ്വീകരിക്കുകയും ചെയ്യുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക വഴി എത് ശക്തിയുള്ള സംരക്ഷകരെയാണ് ലഭിക്കുന്നതെന്ന് കത്തോലിക്കര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ ഇതുപോലുള്ള അലം ഭാവം കാണിക്കുമായിരുന്നില്ല.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles