ബലിപീഠത്തിനു മുമ്പില്‍ നില്‍ക്കുമ്പോഴെല്ലാം എന്നെയും ഓര്‍ക്കണമെ.
കത്തോലിക്കാ സഭ സകല മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കാനും,
ജീവിച്ചിരിക്കുന്നവർ മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ആഴമായി ചിന്തിക്കുവാനും ജീവിതത്തെ ക്രമപ്പെടുത്തുവാനുമായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മുപ്പതു ദിനരാത്രങ്ങൾ….
നാളെ ഞാനും നീയും നമ്മുടെ പൂർവ്വികരോട് മരണം വഴി കൂടിച്ചേരണ്ടവരാണെന്നും ഇന്ന് അവർക്കെന്ന പോലെ നാളെ നമുക്കും ശുദ്ധീകരണത്തിനും സ്വർഗപ്രാപ്തിക്കും വേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകൾ ആവശ്യമാണെന്ന നിരന്തരമായ ഓർമ്മപ്പെടുത്തൽ ഓരോ ദിനവും…..
ഒരു കളിയിലും നമ്മുടെ കൈയ്യിൽ കിട്ടുന്ന ചീട്ടുകൾ മാറ്റിയെടുക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ല.
ജീവിതയാത്രയിൽ സ്വർഗം നിൻ്റെ കൈയ്യിൽ വച്ചു തന്നിരിക്കുന്ന ആയുസ്സിൻ്റെ ദിനങ്ങൾ ഒന്നു കൂട്ടാനോ കുറയ്ക്കാനോ നിനക്കാവില്ല.എന്നാൽ ആ ദിനങ്ങളത്രയും എങ്ങനെ ജീവിക്കണമെന്ന സ്വാതന്ത്ര്യം നിനക്കു തന്നിട്ടുണ്ട്.
” ജീവനും മരണവും നിൻ്റെ മുൻപിലുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.”
രാത്രിയിൽ സൂര്യൻ നഷ്ടമായതോർത്ത് കരഞ്ഞിരുന്നാൽ ,
നിങ്ങൾക്ക് ആകാശവും അതിലെ നക്ഷത്രങ്ങളും ചന്ദ്രനും നിലാവുമൊക്കെ നഷ്ടമാകും.
സൂര്യൻ നഷ്ടപ്പെട്ടാലും ആകാശം ഉണ്ടല്ലോ..?
ഇനി ഈ ആകാശവും അതിലെ നക്ഷത്രങ്ങളും കണ്ട് നീ സന്തോഷിക്കുക.
നാളത്തെ ഉദയത്തിന് സൂര്യന് വരാതിരിക്കാനാവില്ലന്നതുറപ്പാണ്.
ജീവിത വഴികളിൽ വന്ന നഷ്ടങ്ങളെയും പ്രിയപ്പെട്ടവരുടെ വേർപാടുകളെയും മാരക രോഗാവസ്ഥകളെയും ഓർത്ത് നീ ഇനിയും അമിതമായി ദുഃഖിക്കരുത്.
ആയുസ്സിൽ അവശേഷിക്കുന്ന ഓരോ ദിനവും നിത്യതയെ ലക്ഷ്യം വച്ച് ജീവിതം ദൈവപ്രീതിക്ക് യോജിച്ച വിധം ക്രമപ്പെടുത്തുക.
ഒപ്പം നിൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥനകളുയർത്തുക.
നിത്യതയിലൊരുമിക്കും വരെയും നീ ബലിപീഠത്തിനു മുമ്പിൽ നിൽക്കുമ്പോഴെല്ലാം അവരെയും ഓർമ്മിക്കുക.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.