ശുദ്ധീകരണസ്ഥലത്തെ കുറിച്ച് നമുക്ക് അറിവ് ലഭിച്ചതെങ്ങനെയാണ്?
ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള വിശുദ്ധരുടെ അറിവുകൾ
ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് നമുക്കില്ല. എന്നാൽ, വിശുദ്ധർക്ക് ലഭിച്ച മിസ്റ്റിക്കൽ അനുഭവങ്ങളിലൂടെ നിരവധി അറിവുകൾ നമുക്ക് ലഭിക്കുന്നു.
ജെനോവയിലെ വിശുദ്ധ കാതറിൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾതന്നെ ശുദ്ധീകരണസ്ഥലത്തെ വേദന അനുഭവിച്ചറിയാൻ കൃപ ലഭിച്ച വിശുദ്ധയാണ്. വിശുദ്ധയുടെ അഭിപ്രായത്തിൽ നരകത്തോളം തന്നെ വേദനാജനകമാണ് ശുദ്ധീകരണ സ്ഥലവും.ഒരു മനുഷ്യൻ ഭക്ഷണമില്ലാതെ വിശപ്പ് സഹിച്ച് ഒരുനാൾ ഭക്ഷണം ലഭിക്കുമെന്ന പ്രത്യാശയിൽ ജീവിക്കുന്നതുപോലെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ ദൈവത്തെ കാണാൻ വേദനയോടെ കാത്തിരിക്കുന്നു.
വിശുദ്ധ അഗസ്റ്റിൻ പറയുന്നത് ഭൂമിയിലെ അഗ്നിയെക്കാളും തീക്ഷ്ണമായ അഗ്നി സഹിക്കുന്ന- അത്രയും വേദന നിറഞ്ഞ ജീവിതമാണ് ശുദ്ധീകരണസ്ഥലത്തേത് എന്നാണ്.
റിക്കിയിലെ വിശുദ്ധ കാതറിൻ ഒരു ആത്മാവിനു വേണ്ടി 40 ദിവസം ശുദ്ധീകരണസ്ഥലത്ത് സഹിക്കാൻ തയ്യാറായി.ഈ വിശുദ്ധയെ സ്പർശിച്ച സഹസന്ന്യാസിനി പറഞ്ഞത് അവരുടെ ശരീരം ചുട്ടു കൊള്ളുന്നതായി അനുഭവപ്പെട്ടു എന്നാണ്.
എന്നാൽ അതേ സമയം ജെനോവ യിലെ വിശുദ്ധ കാതറിൻ പറയുന്നു: “ശുദ്ധീകരണസ്ഥലത്തെ കടുത്ത വേദനകൾക്കിടയിലും അവർക്കൊരു സന്തോഷമുണ്ട്. ഒരു നാൾ ശുദ്ധീകരണം കഴിഞ്ഞ് തങ്ങൾ സ്വർഗ്ഗത്തിൽ എത്തും എന്ന വലിയ സമാധാനം ആണത്”.
ഫാദർ പോൾ ഒ സള്ളിവൻ പറയുന്നു: “ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ ഈ ഭൂമിയിൽ ജീവിക്കുന്ന കാലം ഫലദായകമാക്കാം. പാപം ഉപേക്ഷിക്കുക,പ്രായശ്ചിത്തം അനുഷ്ഠിക്കുക,സഹനങ്ങൾ സന്തോഷത്തോടെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുക,വിശുദ്ധ കുർബാനയും കുമ്പസാരവും അടുക്കൽ അടുക്കൽ സ്വീകരിക്കുക, പ്രാർഥനയിലും വചനത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുക, മരണത്തിന് ഒരുങ്ങി ജീവിക്കുക തുടങ്ങിയവയാണ് അതിനുള്ള മാർഗ്ഗങ്ങൾ.”
വിശുദ്ധ എവുപ്രാസ്യയെ പോലെ നമുക്കും പ്രാർത്ഥിക്കാം.. “ദൈവമേ,എന്റെ ശുദ്ധീകരണസ്ഥലം ഈ ഭൂമിയിൽ തന്നെ തീരുവാൻ അനുഗ്രഹിക്കണമേ.”
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.