ശുദ്ധീകരണസ്ഥലം എന്താണെന്ന് വിശദമായറിയാം

ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം.കാരണം, “അശുദ്‌ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.”
(വെളിപാട്‌ 21 : 27)

ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല. മാരകപാപം ചെയ്തിട്ടും അനുതപിക്കാത്തവർ നരകത്തിലേക്ക് പോകുന്നു. മാരക പാപങ്ങൾ കുമ്പസാരത്തിലൂടെ ഏറ്റുപറയുകയും ലഘുപാപങ്ങൾ മരണ നേരത്ത് അനുതപിക്കുകയോ ശാരീരിക തളർച്ചകളാൽ അതിനു സാധിക്കാതിരിക്കുകയോ ചെയ്യുന്നവർ ശുദ്ധീകരണസ്ഥലത്തിൽ എത്തുന്നു.ഓരോ മനുഷ്യനും തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുവാനും ദൈവത്തിന്റെ കൃപാവരം സ്വീകരിക്കുവാനുമുള്ള അവസരം അവന്റെ മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുതാപം സാധ്യമല്ല. അതു കൊണ്ടാണ് ജീവിച്ചിരിക്കുന്നവരായ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചില ത്യാഗ പ്രവർത്തികൾ ചെയ്യുകയും ചെയ്യണം എന്ന് സഭ പഠിപ്പിക്കുന്നത്.

ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി.പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. “..ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും” (1 കൊറി 3:13-15).

ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു.

“നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലി വഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്” (CCC 1030- 1032).

ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍, മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160).

ശുദ്ധീകരണസ്ഥലത്ത് നിന്ന് ഒരു വ്യക്തിയുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് ആണ് പോകുന്നത് എന്നതിനാൽ നമ്മുടെ പ്രാർത്ഥന വഴി സ്വർഗത്തിൽ എത്തിയ ഒരു ആത്മാവ് ദൈവസന്നിധിയിൽ നമുക്ക് വേണ്ടി തിരിച്ചും മാധ്യസ്ഥം വഹിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.

വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- “രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട്‌ എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!”

വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കർത്താവ്‌ ഇപ്രകാരം പറഞ്ഞു: ” ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.” നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വിശുദ്ധ ഫൗസ്റ്റീന യ്ക്ക് വെളിപ്പെടുത്തപ്പെട്ട ഒരു സുകൃതജപം ആണ് ‘ ഈശോ, മറിയം, ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കേണമേ’ എന്നത്. ഈ സുകൃത ജപം ഒരു പ്രാവശ്യം ചൊല്ലുമ്പോൾ ഒരു ആത്മാവ് ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്ക് മോചിക്കപ്പെടുന്നു.

ഓരോ ജപമാലയിലും നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു “ഓ എന്‍റെ ഈശോയേ…അങ്ങേ കാരുണ്യം ഏറ്റവും ആവശ്യമായിട്ടുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ.” നാം എത്രമാത്രം വിശ്വാസത്തോടും ബോധ്യത്തോടും കൂടിയാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്? ദൈവത്തിന്‍റെ കരുണ ഏറ്റവും ആവശ്യമായിട്ടുള്ളവരാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍. അവര്‍ക്കു വേണ്ടി ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ ഉറച്ച ബോധ്യത്തോടുകൂടി നമുക്ക് ഏറ്റുചൊല്ലാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles