മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നാം തുടരേണ്ടതുണ്ടോ?
“ഒരു അവയവം വേദന അനുഭവിക്കുമ്പോള്‍ എല്ലാ അവയവവും വേദനയനുഭവിക്കുന്നു; ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.” (1 കോറിന്തോസ് 12:26)
“രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ?
“എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം” ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട് എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!”
(വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ നിന്ന്)
വിചിന്തനം: നിരന്തരമായ പ്രാര്‍ത്ഥന തുടരുക, അത് അനേകരുടെ മോക്ഷത്തിനു കാരണമാകുമെന്ന് മനസ്സിലാക്കുക.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.