പീഡിതർക്ക് ആശ്വാസവും സംരക്ഷണവുമേകുന്ന ദൈവം

ഒൻപതാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.

പീഡനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ആശ്വാസദായകനായ ദൈവത്തെക്കുറിച്ചാണ് ഒൻപതാം സങ്കീർത്തനം പ്രതിപാദിക്കുന്നത്. ദൈവത്തിൽ ആശ്രയം തേടുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഭൂമി മുഴുവനും അവിടുത്തെ കീഴിലാണ്. ലോകത്തെ മുഴുവൻ ന്യായവിധി നടത്തുക അവനാണ്. മർദ്ദിതരുടെ ശക്തിദുർഗ്ഗമായ കർത്താവ് ദുഷ്ടരെ നശിക്കപ്പിക്കുന്നവനാണ്. ഗായകസംഘനേതാവിനായി ദാവീദ് എഴുതിയ ഗീതമാണിത്. ഒൻപതും പത്തും സങ്കീർത്തനങ്ങൾ ഇരുപതും പതിനെട്ടും വാക്യങ്ങളുള്ള രണ്ടു ഭാഗങ്ങളായാണ് ഹെബ്രായ വിശുദ്ധഗ്രന്ഥപതിപ്പിൽ കണക്കാക്കി പോന്നത്. എന്നാൽ ഗ്രീക്ക് ലത്തീൻ പാരമ്പര്യത്തിലാകട്ടെ അവയെ ഒരുമിച്ചാണ് കണ്ടുവന്നിരുന്നത്. അതുകൊണ്ടുതന്നെ അവയെ ഒരേ സങ്കീർത്തനത്തിന്റെ ഭാഗമായി എഴുതിച്ചേർത്തിരുന്നു. മനുഷ്യൻ തന്റെ ബലഹീനതകൾ തിരിച്ചറിയുകയും കർത്താവിൽ ആശ്രയമർപ്പിക്കുകയും ചെയ്യുമ്പോൾ, ശത്രുക്കളിൽനിന്ന് സംരക്ഷണവും രക്ഷയുടെ കോട്ടയുമായി ദൈവം അരികിലുണ്ടാകും.

ദൈവവും വിശ്വാസിയുടെ ശത്രുക്കളും

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ, ദാവീദ് ദൈവം പ്രവർത്തിക്കുന്ന വൻകാര്യങ്ങളെയോർത്ത് സ്തോത്രമേകുകയായാണ്. കർത്താവിന് താൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുകയും അവന്റെ അത്ഭുതപ്രവർത്തികൾ വിവരിക്കുകയും ചെയ്യുമെന്നും, ദൈവത്തിൽ ആഹ്ലാദിക്കുകയും അവന് സ്തോത്രമാലപിക്കുകയും ചെയ്യുമെന്നും സങ്കീർത്തകൻ എഴുതിവയ്ക്കുന്നു. ദൈവസ്‌തുതി അധരവ്യായാമമല്ല, ഹൃദയത്തിന്റെ നിറവിൽനിന്നുള്ള നന്ദിയുടെ ഭാവമാണ്. ദൈവം മനുഷ്യരുടെ ഇടയിലും ചരിത്രത്തിലും പ്രവർത്തിക്കുന്ന അത്ഭുതപ്രവർത്തികൾ അനുസ്മരിക്കുന്നതും സാക്ഷ്യപ്പെടുത്തുന്നതും ദൈവസ്തുതിയായി കണക്കാക്കപ്പെടുന്നു. ദൈവത്തിൽ ആനന്ദിക്കുന്നതും, അത്യുന്നതന്റെ നാമത്തിന് സ്തോത്രമാലപിക്കുന്നതും വിശ്വാസജീവിതത്തിന്റെ ഏറ്റുപറച്ചിലായി മാറുന്നുണ്ട്.

ദുഷ്ടന്റെ അവസാനത്തെക്കുറിച്ചാണ് മൂന്ന് മുതൽ അഞ്ചു വരെയുള്ള വാക്യങ്ങൾ. ദൈവത്തിനും ദൈവവിശ്വാസിക്കും എതിരെ നിൽക്കുന്ന ശത്രുവിന് ഏറെക്കാലം പിടിച്ചുനിൽക്കാനാകില്ല (സങ്കീ. 9, 3). നീതിപൂർവ്വം വിധിക്കുന്ന ദൈവമായ ഇസ്രയേലിന്റെ നാഥൻ തന്റെ ജനത്തിനെതിരെ നിൽക്കുന്നവരെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും അവരുടെ നാമം മായ്ച്ചുകളയുകയും ചെയ്തു (സങ്കീ. 9, 4-5). നീതിപൂർവ്വം ജീവിക്കുന്നവർ ദൈവത്തിന് സ്വീകാര്യരാണെന്ന് കൂടി ഈ വാക്യങ്ങളിലൂടെ ദാവീദ് പറഞ്ഞുവയ്ക്കുന്നുണ്ട്. ആറാം വാക്യത്തിലാകട്ടെ, ശത്രുവിന്റെ പൂർണ്ണമായ നാശത്തെക്കുറിച്ചാണ് ദാവീദ് പറയുക. “ശത്രു നാശക്കൂമ്പാരത്തിൽ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനം ചെയ്തു; അവരുടെ സ്മരണ പോലും മാഞ്ഞുപോയിരിക്കുന്നു” (സങ്കീ. 9, 6).

ഏഴും എട്ടും വാക്യങ്ങളിൽ കർത്താവിന്റെ മഹത്വവും, അവിടുത്തെ പ്രവൃത്തികളിലെ നീതിയുമാണ് ദാവീദ് വർണ്ണിക്കുക. എന്നന്നേക്കും സിംഹാസനസ്ഥനായ അവൻ ന്യായവിധിയാണ് നടത്തുക (സങ്കീ. 9, 7). ലോകത്തെ നീതിയോടെയും ജനതകളെ നിഷ്പക്ഷമായും അവൻ വിധിക്കുന്നു (സങ്കീ. 9, 8).

മർദ്ദിതർക്ക് ആശ്വാസമേകുന്ന ദൈവം

ഒൻപതും പത്തും വാക്യങ്ങളിൽ ദൈവം എപ്രകാരമാണ് പീഡനങ്ങൾക്ക് വിധേയരായ തന്റെ ജനത്തെ കാത്തതെന്നാണ് ദാവീദ് പറയുന്നത്. മർദ്ദിതർക്ക് ശക്തിദുർഗ്ഗവും, കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും കർത്താവാണ് (സങ്കീ. 9, 9). ദൈവത്തെ അറിയുന്നവർ അവനിൽ വിശ്വാസമർപ്പിക്കുന്നു, അവരെ അവൻ ഉപേക്ഷിക്കുകയില്ല (സങ്കീ. 9, 10). ദൈവം ചരിത്രത്തിലുടനീളം എപ്രകാരം തങ്ങളുടെ സംരക്ഷനും കോട്ടയുമായി നിലനിന്നു എന്ന കാര്യമാണ് സങ്കീർത്തകൻ ഏറ്റുപറയുന്നത്.

പതിനൊന്നും പന്ത്രണ്ടും വാക്യങ്ങളിലാകട്ടെ, പീഡിതരുടെ നിലവിളിക്ക് ചെവി കൊടുക്കുന്ന, രക്തത്തിന് പ്രതികാരം ചെയ്യുന്ന ദൈവത്തിന് സ്തോത്രമാലപിക്കാനും, ജനതകളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ പ്രഘോഷിക്കാനും ദാവീദ് വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്യുന്നു (സങ്കീ. 9, 11-12). ഉത്പത്തിപുസ്തകത്തിന്റെ നാലാം അധ്യായം പത്താം വാക്യത്തിൽ കായേനോട് “നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു” എന്ന് പറയുന്ന ദൈവത്തിന്റെ വാക്കുകൾ നമുക്ക് പരിചിതമാണല്ലോ (ഉല്പത്തി 4, 10). സംഖ്യയുടെ പുസ്തകം മുപ്പത്തിയഞ്ചാം അധ്യായം മുപ്പത്തിമൂന്ന് മുതലുള്ള വാക്യങ്ങളിലും ഇതിന് സമാനമായ വാക്കുകൾ നാം കാണുന്നുണ്ട്; “നിങ്ങൾ അധിവസിക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്. എന്തെന്നാൽ, രക്തം ദേശത്തെ അശുദ്ധമാക്കുന്നു” (സംഖ്യ 35, 33).

ദൈവകരുണയ്ക്കായുള്ള അർത്ഥനയാണ് പതിമൂന്നും പതിനാലും വാക്യങ്ങൾ. മരണകവാടത്തിൽനിന്ന് സീയോൻപുത്രിയുടെ, ദൈവത്തിന്റെ നഗരത്തിന്റെ കവാടങ്ങളിലേക്ക് ഉയർത്തപ്പെട്ടവന്റെ ആനന്ദം അനുഭവിക്കുവാനും, ദൈവത്തിന്റെ സ്തുതികൾ ആലപിക്കുവാനും വേണ്ടി തന്നിൽ കരുണയാകണമേയെന്നാണ് ദാവീദ് പ്രാർത്ഥിക്കുക (സങ്കീ. 9, 13-14). ദൈവം നൽകുന്ന ഓരോ അനുഗ്രഹങ്ങളും ദൈവത്തിന്റെ സ്തുതികൾ ആലപിക്കുവാനുള്ള കാരണങ്ങളാണ്.

പതിനഞ്ചും പതിനാറും വാക്യങ്ങൾ ദുഷ്ടരുടെ ഭാഗധേയമാണ് വെളിപ്പെടുത്തുക. അവർ തങ്ങളുടെ തന്നെ കുടിലതയൊരുക്കുന്ന കെണികളിൽ പതിക്കും (സങ്കീ. 9, 15). ന്യായവിധി നടത്തുന്ന കർത്താവിന് മുന്നിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാകില്ല (സങ്കീ. 9, 16).

നീതിപൂർവ്വം വിധിക്കുന്ന ദൈവം

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ, പതിനേഴും പതിനെട്ടും വാക്യങ്ങളിൽ ദുഷ്ടർക്കും ദരിദ്രർക്കുമുള്ള പ്രതിഫലമാണ് ദാവീദ് പ്രതിപാദിക്കുന്നത്. ദൈവത്തെ മറക്കുന്ന, അവന്റെ നീതിബോധവും ന്യായവിധിയും വിസ്മരിച്ച് ജീവിക്കുന്ന ദുഷ്ടർ പാതാളത്തിലാണ് അവസാനിക്കുക (സങ്കീ. 9, 17). എന്നാൽ ദരിദ്രരും പാവപ്പെട്ടവരുമാകട്ടെ ദൈവത്താൽ വിസ്മരിക്കപ്പെടുകയില്ല. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർക്ക് വേദനകളും സഹനങ്ങളും ഒരു ദിനം അവസാനിക്കുമെന്ന പ്രതീക്ഷയാണ് സങ്കീർത്തനം നൽകുന്നത് (സങ്കീ. 9, 18).

ദുഷ്ടനെ ശിക്ഷിക്കുകയും ശിഷ്ടനെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന്റെ നാമം മഹത്വപ്പെടണമെന്ന ആഗ്രഹത്തോടെയാണ് സങ്കീർത്തനം അവസാനിക്കുക. പത്തൊന്പതും ഇരുപതും വാക്യങ്ങളിൽ ഇതാണ് നാം കാണുക: “കർത്താവെ, എഴുന്നേൽക്കണമേ! മനുഷ്യൻ അഹങ്കരിക്കാതിരിക്കട്ടെ! ജനതകൾ അങ്ങയുടെ സന്നിധിയിൽ വിധിക്കപ്പെടട്ടെ! കർത്താവെ അവരെ ഭയാധീനരാക്കണമേ! തങ്ങൾ വെറും മർത്യരാണെന്ന് ജനതകൾ മനസ്സിലാക്കട്ടെ!” (സങ്കീ. 9, 19-20). ദൈവത്തിന്റെ ന്യായവിധികൾ സുനിശ്ചിതമാണെങ്കിലും, അവയ്ക്കായി ദാവീദ് ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുകയാണ്. നീതിമാനും പീഡിപ്പിക്കപ്പെടുന്നവനുമായ ദൈവവിശ്വാസിയുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് നിലവിളിയായി ഉയരും. ദുഷ്ടതയുടെ മാർഗ്ഗത്തിൽ നേടുന്നതൊന്നും മനുഷ്യനെ അമർത്യനോ അജയ്യനോ ആക്കുന്നില്ല. തന്റെ ഒന്നുമില്ലായ്മയെ തിരിച്ചറിയുന്ന മനുഷ്യനേ, ദൈവാശ്രയബോധത്തിലും, അതുവഴി ദൈവപ്രീതിയിലും വളർന്നുവരുവാൻ സാധിക്കൂ. എല്ലാ ജനതകളും തന്നിൽ ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത കർത്താവിനെ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതിനായി ദൈവമഹത്വം പ്രഘോഷിക്കുക എന്ന ആഹ്വാനമാണ് ഒൻപതാം സങ്കീർത്തനം നമുക്ക് മുൻപിൽ വയ്ക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

നീതിമാനും ന്യായവിധി നടപ്പിലാക്കുന്നവനുമായ ഒരു ദൈവത്തിലുള്ള പ്രത്യാശയിൽ വളർന്നുവരാനും, ലോകമെങ്ങും സകല ജനതകളുടെ ഇടയിലും അവനെ പ്രകീർത്തിക്കാനുമാണ് ഈ സങ്കീർത്തനവരികൾ നമ്മെ ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നത്. ദുഷ്ടന് അവന്റെ തെറ്റുകൾക്കനുസരിച്ച് ശിക്ഷ ലഭിക്കുമെന്നും, തന്നിൽ ആശ്രയിക്കുന്ന തന്റെ പാവപ്പെട്ടവരെ ദൈവം വിസ്മരിക്കില്ലെന്നും അവർക്ക് അവൻ നീതി നടത്തിക്കൊടുക്കുമെന്നുമുള്ള വാക്കുകൾ നമുക്കും പ്രത്യാശ പകരുന്നവയാണ്. ദുഷ്ടന്റെ വളർച്ചയിൽ പതറാതിരിക്കാനും, നമ്മുടെ നിസ്സാരത തിരിച്ചറിഞ്ഞ് ദൈവാശ്രയബോധത്തിൽ വളരാനും ദാവീദിന്റെ സങ്കീർത്തനവാക്യങ്ങൾ നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. സഹനത്തിന്റെയും പീഡനങ്ങളുടെയും മരണത്തിന്റെയും കവാടങ്ങളിൽനിന്ന് നമ്മെ കരംപിടിച്ചുയർത്തി, തന്റെ സീയോനിൽ, ആനന്ദത്തിന്റെ ഇടത്ത് ദൈവസ്‌തുതികളാലപിക്കുവാൻ കർത്താവ് നമ്മിൽ കരുണയാകട്ടെ.

~ മോൺസിഞ്ഞോർ ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles