കർത്താവിന്റെ സംരക്ഷണവും ശിക്ഷയും
ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള നൂറ്റിനാല്പത്തിനാലാം സങ്കീർത്തനം ദൈവികമായ സംരക്ഷണത്തിനും, തിന്മ ചെയ്യുന്നവരുടെ നാശത്തിനും, ഇസ്രായേൽ ജനത്തിന്റെ അഭിവൃദ്ധിക്കും വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്. ഒരു പടത്തലവൻ എന്ന നിലയിൽ രാജാവ്, തനിക്കും തന്റെ ജനത്തിനും വേണ്ടി ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന രീതിയിലാണ് ഈ സങ്കീർത്തനം എഴുതപ്പെട്ടിരിക്കുന്നത്. സങ്കീർത്തനത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും മറ്റു സങ്കീർത്തനവാക്യങ്ങൾ ചേർത്തുവച്ച ഒന്നാണെന്ന് കാണാം. ദാവീദ് ഇസ്രായേൽ ഗോത്രങ്ങളുടെ രാജാവായിരുന്ന സമയത്ത് എഴുതപ്പെട്ടവയായിരിക്കണം ഈ സങ്കീർത്തനവരികൾ. അനുഗ്രഹങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും സമയത്ത് ഒരു പോലെ ദൈവത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു ഭക്തന്റെ വാക്കുകളാണ് സങ്കീർത്തകന്റേത്. ദൈവത്തോടുള്ള നന്ദിയും, അവനിലുള്ള ശരണവും, ഹൃദയത്തിൽനിന്നുയരുന്ന പ്രാർത്ഥനയും ചേരുന്നവയാണ് ഈ സങ്കീർത്തനവാക്യങ്ങൾ. ദൈവത്തോട് ചേർന്ന് നിൽക്കുന്ന നന്മയുള്ള മനുഷ്യർക്ക് സംരകഷണവും, ദൈവത്തിൽ നിന്ന്ട് അകന്നു നിൽക്കുന്ന, തിന്മയിൽ ജീവിക്കുന്ന ജനതകൾക്കും തങ്ങളുടെ ശത്രുക്കൾക്കും നാശവും ദാവീദ് പ്രാർത്ഥിക്കുന്നു. ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജനതകൾ ദൈവത്താൽ അനുഗ്രഹീതരാണ്. സമാധാനവും സമൃദ്ധിയും അവരുടെ അവകാശമാണ്. “കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്” (വാ. 16).
അഭയശിലയായ ദൈവത്തിനുള്ള നന്ദി
ഏതൊരു വിശ്വാസിയെയും പോലെ, ദാവീദും, ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് കർത്താവിന്റെ മുൻപിൽ പറയുന്ന നന്ദിയുടെ വാക്കുകളാണ് ആദ്യ രണ്ടു വാക്യങ്ങളിൽ നാം കാണുന്നത്. തന്റെ കരങ്ങളിലൂടെ ഇസ്രായേലിന് ദൈവം നൽകുന്ന വിജയത്തിനുള്ള നന്ദി കൂടിയാണിത്. ഇസ്രയേലിന്റെ ശത്രുക്കളോടുള്ള യുദ്ധത്തിൽ ദാവീദിന്റെ കരങ്ങൾക്ക് ശക്തിയും മികവും നൽകുന്നത് ദൈവമാണ്. യുദ്ധവുമായി ബന്ധപ്പെട്ട വാക്കുകളിലാണ് ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ ദാവീദ് വർണ്ണിക്കുന്നത്. “അവിടുന്നാണ് എന്റെ അഭയശിലയും, ദുർഗവും, ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; അവിടുന്ന് ജനതകളെ കീഴടക്കുന്നു” (വാ. 2). വിജയം കർത്താവിന്റേതാണ്. ദാവീദിനെ സംബന്ധിച്ചിടത്തോളം, അവന്റെ വ്യക്തിപരമായ ജീവിതത്തിലും ദൈവത്തിന്റെ സംരക്ഷണവും, കരുണയും, കരുതലും, കർത്താവേകുന്ന രക്ഷയും അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ബലഹീനനായ മനുഷ്യന്റെ കരങ്ങളിലൂടെ തന്റെ ജനത്തിന് മുഴുവൻ വിജയം നൽകുന്നത് ദൈവത്തിന്റെ സ്നേഹവും കാരുണ്യവുമാണ്.
മനുഷ്യജീവന്റെ നിസ്സാരതയും ദൈവത്തിന്റെ സർവ്വാധിപത്യവും
സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ എട്ടുവരെയുള്ള വാക്യങ്ങൾ, സർവ്വാധിപനായ ദൈവത്തിന് മുൻപിൽ മനുഷ്യന്റെ നിസ്സാരതയും, എണ്ണപ്പെട്ട അവന്റെ ദിനങ്ങളും ഏറ്റുപറയുകയും ചെയ്യുന്നവയാണ്. തന്റെ കഴിവുകളും അർഹതകളും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ലാത്തപ്പോഴും, ശക്തനായ ദൈവത്തിന്റെ നിറവുള്ള സാന്നിദ്ധ്യം, തിന്മയിൽ തുടരുന്ന മനുഷ്യരെ ചിതറിക്കുവാനും, തന്നിൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാനും കഴിവുള്ളതാണെന്ന് സങ്കീർത്തകൻ ഏറ്റു പറയുന്നു. ദൈവത്തിന്റെ ചിന്തയിലോ പരിഗണനയിലോ വരുവാൻ പോലും പ്രത്യേകിച്ച് യാതൊരു മേന്മയും അർഹതയും ഇല്ലാത്തപ്പോഴും, തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കാരുണ്യം അനുഭവിക്കാൻ ഇസ്രായേലിന് സാധിച്ചിട്ടുണ്ടെങ്കിൽ, അത് ദൈവത്തിന്റെ കരുണയായിരുന്നു. നിഴൽ പോലെ മാഞ്ഞുപോകുന്ന മനുഷ്യന്റെ ദിനങ്ങളെ ദൈവം വിലയുള്ളവയാക്കുന്നുണ്ട്. തിന്മ ചെയ്യുന്ന, വ്യാജം പറയുന്ന, കള്ളസത്യം പറയുന്ന ജനതകൾക്ക് മുന്നിൽ, നിസ്സാരരായ മനുഷ്യർക്ക് നേടാനാകാത്ത വിജയം നേടാൻ ശക്തനായ യാഹ്വെയ്ക്ക് സാധിക്കും. അങ്ങനെ, തങ്ങളുടെ ബലഹീനമായ ജീവിതങ്ങൾക്ക് സംരക്ഷിണമേകുന്ന, ദൈവത്തിനെതിരെ തിന്മ ചെയ്ത ജനതകളെ ശിക്ഷിക്കുന്ന ദൈവത്തോടുള്ള പ്രാർത്ഥനയായി, യാചനയായി ഈ വരികളെ നമുക്ക് കാണാൻ സാധിക്കും.
സങ്കീർത്തനത്തിന്റെ പതിനൊന്നാം വാക്യത്തിലും, ശത്രുവിന്റെ കരങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായി ദാവീദ് പ്രാർത്ഥിക്കുന്നുണ്ട്. ഇസ്രയേൽ ജനതയ്ക്കും, അവരുടെ രാജാവിനും, എതിരെ നിൽക്കുന്ന, ഇസ്രയേലിന്റെ കർത്താവായ ദൈവത്തിൽ ആശ്രയിക്കാത്ത മനുഷ്യരിൽനിന്നുള്ള മോചനമാണ് സങ്കീർത്തകൻ അപേക്ഷിക്കുന്നത്. വ്യാജം പറയുന്ന അവരുടെ നാവുകളുടെ വിജയം അന്തിമമായിരിക്കില്ല. തിരഞ്ഞെടുക്കപ്പെട്ടവർക്കെതിരെ കള്ളസത്യം പറയുന്നവരുടെ കരങ്ങളുടെ വിജയം നിത്യമായിരിക്കില്ല. തന്റെ ബലഹീനതകളിലും നിസ്സാരതയിലും, എല്ലാ അധികാരങ്ങൾക്കും മേലെയുള്ള തന്റെ ദൈവമായ കർത്താവിലാണ് ദാവീദ് അഭയം തേടുന്നത്.
കൃതജ്ഞത വാഗ്ദാനം ചെയ്യുന്ന ദാവീദ്
സങ്കീർത്തനത്തിന്റെ ഒൻപതും പത്തും വാക്യങ്ങൾ സംരക്ഷകനായ കർത്താവിനോടുള്ള നന്ദിയുടേതാണ്. “ദൈവമേ, ഞാൻ അങ്ങേക്ക് പുതിയ കീർത്തനം പാടും, ദശതന്ത്രീനാദത്തോടെ ഞാൻ അങ്ങയെ പുകഴ്ത്തും” (വാ. 9). ദൈവം നൽകുന്ന ഓരോ അനുഗ്രഹങ്ങളും, ദൈവത്തിന് നന്ദിയേകാൻ ഓരോ വിശ്വസിക്കും ലഭിക്കുന്ന അവസരങ്ങളാണ്. പത്തു തന്ത്രികളുള്ള സംഗീതോപകരണത്തിൽ ഈണമിട്ട് ദാവീദ് താൻ ദൈവത്തിന് കൃതജ്ഞതയോടെ ഗീതം ആലപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ഇസ്രായേൽ ഗോത്രങ്ങളുടെ നേതൃത്വം നൽകപ്പെട്ട, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് ദാവീദ്. അതുകൊണ്ടുതന്നെയാണ് “അങ്ങാണ് രാജാക്കന്മാർക്ക് വിജയം നൽകുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്” (വാ. 10) എന്ന് സങ്കീർത്തകൻ പറയുന്നത്. സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, അതായത് രണ്ടാം വാക്യത്തിലും, ഈയൊരു യാഥാർഥ്യമാണ് നാം കാണുന്നത്. പടനയിക്കുന്ന ദാവീദ് ദൈവത്തിനെതിരായി നിൽക്കുന്ന ജനതകളുമായി പോരാടുമ്പോൾ, അവന് വിജയം നൽകുന്നത് ദൈവമാണ്. ഒരു ഇടയനായിരുന്ന കാലം മുതൽ ദാവീദിന് ദൈവത്തിന്റെ സംരക്ഷണവും, അവൻ നൽകുന്ന വിജയവും അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ, തനിക്കും തന്റെ ജനത്തിനും സംരക്ഷണത്തിന്റെ സാന്നിദ്ധ്യമാകുന്ന ദൈവത്തിന് നന്ദി പറയാതിരിക്കാൻ ദാവീദിലെ വിശ്വാസിക്കാകില്ലല്ലോ.
ഇസ്രായേലിന്റെ ഐശ്വര്യത്തിനും സമാധാനത്തിനുമായുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ആദ്യ വാക്യങ്ങളിൽ ദാവീദിലെ വിശ്വാസി, ദൈവത്തിനുള്ള നന്ദിയും, ദൈവത്തോടുള്ള പ്രാർത്ഥനകളും വ്യക്തിപരമായ വാക്കുകളിൽ അവതരിപ്പിച്ചെങ്കിൽ, സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ, ജനത്തിന്റെ നേതാവെന്ന, രാജാവെന്ന നിലയിൽ ഇസ്രായേൽ ജനതയ്ക്ക് മുഴുവനുമായാണ് അവൻ സംസാരിക്കുന്നത്. തിന്മ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ശത്രുക്കൾക്കും ജനതകൾക്കുമെതിരെ ദൈവകരമുയരുന്ന നാളുകൾക്കായി പ്രാർത്ഥിക്കുന്ന സങ്കീർത്തകൻ, അതോടൊപ്പം, ഇസ്രായേൽ ജനത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ സമ്പത്സമൃദ്ധിയ്ക്കും, സമാധാനത്തിനും, കുറവുകളില്ലാത്ത, അനുഗ്രഹീതമായ തലമുറകൾക്കും വേണ്ടിയാണ് ദാവീദ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. “ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം കേൾക്കാതിരിക്കട്ടെ” (വാ. 14b).
നന്മയുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ, തന്റെ ജനതയ്ക്ക് മുഴുവൻ ഒരുപോലെ നന്മയാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. പുറപ്പാട് സംഭവുമായി ബന്ധപ്പെട്ട്, ദൈവത്തോട് വിശ്വസ്തരായിരുന്നുകൊള്ളാമെന്ന് ഇസ്രായേൽജനം വാഗ്ദാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ വാഗ്ദാനം പാലിച്ച്, ഏകദൈവമായി യാഹ്വെയെ അവർ ആരാധിച്ച്, അവനോട് കൂറുപുലർത്തിയപ്പോഴൊക്കെ കർത്താവ് അവരുടെമേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ “അനുഗ്രഹം ലഭിച്ച ജനത ഭാഗ്യമുള്ളത്. കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്” (വാ. 15).
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിനാല്പത്തിനാലാം സങ്കീർത്തനവിചാരങ്ങൾ അവസാനിപ്പിക്കുമ്പോൾ, ദൈവത്തിൽ, പൂർണ്ണമായി ശരണമർപ്പിക്കാൻ ദാവീദ് നമ്മെയും ഓർമ്മിപ്പിക്കുകയാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ വിശ്വാസിയെയും അവിടുന്ന്, തിന്മയ്ക്കെതിരായ യുദ്ധത്തിനായി ഒരുക്കുന്നുണ്ട്. എന്നാൽ, നമ്മുടെ കഴിവുകളേക്കാൾ ശത്രുവിന്റെ കരങ്ങൾ ശക്തിയുള്ളവയാകുമ്പോൾ, അസത്യത്തിന്റെ വാളിനാൽ ശത്രു നമ്മുടെ ജീവിതങ്ങളിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കുമ്പോൾ, കൂടുതൽ വിശ്വാസത്തോടെ ദൈവത്തോട് ചേർന്ന് നിൽക്കാൻ നമുക്കാകട്ടെ. വ്യാജം പറയുന്ന, അന്യായമായി കുറ്റം വിധിക്കുന്ന നാവുകളിൽനിന്ന് അവൻ നമ്മെ സംരക്ഷിക്കട്ടെ. നമ്മുടെ അഭയശിലയും ദുർഗവും, ശക്തികേന്ദ്രവും, വിമോചകനും സംരക്ഷകനുമായി കർത്താവ് നമ്മോടുകൂടെ ഉണ്ടാകട്ടെ. ആകാശം ചായ്ച്ച്, ദൈവം നമുക്കായി ഇറങ്ങി വരട്ടെ. നമ്മുടെ ജീവിതങ്ങളെ അവൻ സൗഖ്യപ്പെടുത്തുന്ന, രക്ഷിക്കുന്ന തന്റെ കരങ്ങളാൽ സ്പർശിക്കട്ടെ. ദൈവം നമുക്കും, തലമുറകളിലൂടെ ദൈവജനത്തിനും നൽകിയ ഓരോ അനുഗ്രഹങ്ങൾക്കും നന്ദിയുടെ പുതിയ ഗീതങ്ങൾ ദാവീദിനൊപ്പം ആലപിക്കാം. സമാധാനത്തിന്റെയും സമൃദ്ധിയുടെയും മാർഗ്ഗത്തിൽ നമ്മുടെ ജീവിതങ്ങളെ അവിടുന്ന് നയിക്കട്ടെ.
~ മോൺസിഞ്ഞോർ ജോജി വടകര ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.